ആലപ്പുഴ : സംസ്ഥാന കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷൻ പിരിച്ചുവിട്ടു. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് അസോസിയേഷൻ പിരിച്ചുവിടാൻ പ്രധാന കാരണം. ദേശീയ ഫെഡറേഷനാണ് ഇതുസംബന്ധിച്ചു പിരിച്ചുവിടൽ ഉത്തരവ് ഇറക്കിയത്.

കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ഏകദേശം 12 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയിരുന്നത്. മറുനാടനാണ് ഈ തട്ടിപ്പ് ആദ്യം പുറത്തുകൊണ്ടുവന്നത്. ഇതുസംബന്ധിച്ചുള്ള വിജിലൻസ് കേസ് നിലനിൽക്കുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിയെ നിരവധി തവണ ദേശീയ ഫെഡറേഷൻ വിശദവിവരങ്ങൾ ആരായുന്നതിനായി രേഖാമൂലം വിളിച്ചെങ്കിലും ഹാജരായില്ല. എന്നാൽ ഫെഡറേഷന്റെ അറിയിപ്പ് തിരസ്‌ക്കരിക്കുകയും ദേശീയ ഫെഡറേഷനെതിരെ നോട്ടീസ് അയയ്ക്കുകയും ചെയ്ത സെക്രട്ടറിയുടെ നടപടിയാണ് പുറത്താക്കലിന് വഴിവെച്ചത്.

ആലപ്പുഴയിൽ നടന്ന തുഴച്ചിൽ മൽസരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തണ്ണീർതട സംരക്ഷണ നിയമം കാറ്റിൽപറത്തി ബോട്ട് ഹൗസ് നിർമ്മിച്ചതിന്റെ പേരിലും മൽസരത്തിനായി വാങ്ങിയ ബോട്ടുകളുടെ ഇറക്കുമതിയിൽ വൻ അഴിമതി നടത്തിയതിന്റെ പേരിലും വിജിലൻസ് എഫ് ഐ ആർ തയ്യാറാക്കിയിട്ടുണ്ട്. പ്രമുഖ കുടനിർമ്മാതാക്കളായ പോപ്പിയുടെ തരിശുഭൂമിയിലൂടെ ഉൾപ്പെടെ നിരവധി റോഡുകൾ നിർമ്മിച്ചതു വിവാദമായിരുന്നു.

2008 നുശേഷം അസോസിയേഷൻ വാർഷിക റിപ്പോർട്ടോ കണക്കുകളോ ഭാരവാഹികളുടെ പട്ടികയോ രജിസ്ട്രേഷൻ വകുപ്പിന് നൽകിയിട്ടില്ല. ഇത് വർഷാവർഷം പുതുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത്തരത്തിലുള്ള വ്യാജ റിപ്പോർട്ടുകൾ സംസ്ഥാന സ്പോർട്‌സ് കൗൺസിലിനും ദേശീയ ഫെഡറേഷനും നൽകി കഴിഞ്ഞ ഒൻപത് വർഷമായി കബളിപ്പിക്കുകയായിരുന്നു.

മാത്രമല്ല പുതിയ സ്പോർട്ട്സ് ആക്ട് പ്രകാരം സാധാരണയായി പത്ത് ജില്ലകളിൽ അസോസിയേഷൻ പ്രവർത്തിക്കണമെന്നാണ്. എന്നാൽ ഒരു ജില്ലയിൽപോലും നിയമം നടപ്പിലാക്കാൻ സംസ്ഥാന ഭരണസമിതി നടപടിയെടുത്തില്ല. മാത്രമല്ല അസോസിയേഷന്റെ ഭരണ നടത്തിപ്പിനും കായിക മൽസര നടത്തിപ്പിനുമായി കോടികളാണ് കൈപ്പറ്റിയിട്ടുള്ളത്. ഇതിനും വ്യക്തമായ കണക്ക് നൽകിയിട്ടില്ല. അഴിമതിയാരോപണത്തെ തുടർന്ന് പുറത്താക്കിയ ഭരണസമിതിക്ക് പകരം ഇൻടേം കമ്മിറ്റിക്ക് ദേശീയ ഫെഡറേഷൻ ചുമതല നൽകി.