പെർത്ത്:പെർത്ത് മലയാളികളുടെ ആദ്യ മഹാസംഗമമായ കേരളാ കാർണിവലിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് 5 ശനിയാഴ്‌ച്ച ഹാരിസ് ഡെയിൽ പവിലിയണിൽ കലയും. കരുത്തും, കൗതുകകാഴ്ചകളും, രുചി ഭേദങ്ങളും അനുഭവിച്ചറിയാനും,വെസ്റ്റേൺ ആസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മയുടെ സ്‌നേഹ സംഗമത്തിൽ ലയിക്കാനുമായി നൂറുകണക്കിന് പേർ എത്തിച്ചേരും.

പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വൈവിധ്യപൂർണ്ണമായ പരിപാടികളാണ് കേരളാ കാർണിവലിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.എല്ലാ പ്രായ പരിധിയിൽ പെടുന്നവർക്കുമായുള്ള കലാ കായിക മത്സരങ്ങൾ വിവിധ സമയങ്ങളിലായി നടത്തപ്പെടും.

ആസ്വാദകരെ ഹരം കൊള്ളിക്കാനായി പെർത്തിലെ യുവ കലാ പ്രതിഭകൾ അണിയിച്ചൊരുക്കുന്ന നൃത്ത നൃത്യങ്ങളും,സംഗീതമേളവും കാർണിവൽ വേദിയെ സമ്പന്നമാക്കും.

വിവിധ സംസ്‌കാരങ്ങളിൽ നിന്നുള്ള രുചിക്കൂട്ടുകൾ അണിനിരക്കുന്ന ഇന്റർ നാഷണൽ ഫുഡ് ഫെസ്റ്റിൽ ഇന്ത്യൻ,മലേഷ്യൻ എന്നിവയടക്കം വ്യത്യസ്ത രാജ്യങ്ങളുടെ ഭക്ഷണശാലകളും, ലഘുഭക്ഷണങ്ങളും,ഇൻസ്റ്റന്റ് വിഭവങ്ങളും അണിനിരക്കും.കേക്കുകൾക്കായി പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്.

പെർത്ത് മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്തോളം ടീമുകൾ അണിനിരക്കുന്ന വടംവലി മത്സരമാവും ഇത്തവണ കേരളാ കാർണിവലിലെ ഏറ്റവും ആവേശകരമായ ഇനം.വടംവലി മത്സരത്തിനുള്ള റിഹേഴ്സൽ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.500 ഡോളറിന്റെ കാഷ് അവാർഡും ,ട്രോഫിയുമാണ് ഒന്നാം സ്ഥാനക്കാർക്ക് വേണ്ടി കാത്തിരിക്കുന്നത്.

ഫാൻസി ക്രിക്കറ്റ് മത്സരമാണ് മറ്റൊരു പ്രധാന ആകർഷണം.കൗതുകമുണർത്തുന്ന നിരവധി ഗെയിംസുകൾക്കൊപ്പം ചാക്കിലോട്ടമത്സരം , ഉറിയടി മത്സരം എന്നിവയമുണ്ട്.പുരുഷ,വനിതാ വിഭാഗങ്ങളിലായി പെർത്തിലെ ഏറ്റവും കൂടുതൽ വേഗതയുള്ളവരെ കണ്ടെത്താനുള്ള പുതുമയുള്ള മത്സരത്തിൽ പങ്കെടുക്കാനും നിരവധി പേർ രംഗത്തെത്തി കഴിഞ്ഞു.പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ഉണ്ടായിരിക്കും.

മൈലാഞ്ചി , ഫേസ് പെയിന്റ്, എന്നിവയും,കുട്ടികൾക്കായി ബൗൺസി കാസിലും കാർണിവൽ വേദിയിൽ ഒരുക്കുന്നുണ്ട്.സംഘടനയുടെയോ,പ്രത്യേക ബാനറിന്റെയോ വേർത്തിരിവില്ലാതെ പെർത്തുമലയാളികൾ ഒരേ മനസും,ഒരേ ഹൃദയവുമാണെന്ന് വിളിച്ചോതുന്ന മഹാവേദിയാവും പ്രഥമ കേരളാ കാർണിവലെന്ന് പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ വ്യക്തമാക്കി.പെർത്ത് മലയാളികളുടെ ഈ സാംസ്‌കാരികോത്സവത്തിൽ പങ്കടുക്കാൻ മേഖലയിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.പ്രവേശനം സൗജന്യമാണ്.