മനാമ: എവിടെയും എന്തും വിളിച്ച് പറഞ്ഞ് കയ്യടി വാങ്ങുന്ന പി സി ജോർജ് ബഹറിനിലും പതിവ് തെറ്റിച്ചില്ല. കേരള കാത്തലിക് അസോസിയെഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ സമാപന വേദിയിലാണ് അദ്ദേഹം സർക്കാരിനെയും മുൻ പ്രവാസ കാര്യ മന്ത്രിയെയും വിമർശിച്ചത്.

നിങ്ങൾക്ക് ഒരു മന്ത്രി ഉണ്ടായിരുന്നല്ലോ എന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹം വയലാർ രവി വയലാർ രവി പ്രവാസികൾക്ക് വേണ്ടി ഒരു ചുക്കും ചുണ്ണാമ്പും ചെയ്തിട്ടില്ല എന്നു വ്യക്തമായി പറയുകയായിരുന്നു. മദ്യ നിരോധനം കേരളത്തിൽ പ്രാവർത്തികമാകുവാൻ പോകുന്നില്ല എന്നും കേരളത്തിന് വേണ്ടത് ലഹരി വിരുദ്ധ നയമാണെന്നും ലഹരി വിരുദ്ധ ബോധവത്കരണം നടത്തണം എന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.

അത് കുട്ടികളിൽ നിന്നും ആരംഭിക്കണം. പൂട്ടിയ ബാറുകൾ തുറക്കാൻ ശ്രമിച്ചാൽ എന്താണ് നടക്കുവാൻ പോകുന്നത് എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ മദ്യനയം ആരോടോ എന്തോ വൈരാഗ്യം തീർക്കുന്നതുപോലെയാണ്. മുന് നിരയിലിരുന്ന ഖദർ ധാരികളായിരുന്ന കോൺഗ്രസ്സ് പ്രവാസി സംഘടന നേതാക്കളെ വെല്ലുവിളിച്ചു കൊണ്ടാണ് അദ്ദേഹം സർക്കാരിനെയും നയങ്ങളെയും വിമർശിച്ചത്.