മനാമ: ഒരു കേരള മുഖ്യമന്ത്രിക്ക് ഇന്നേവരെ ലഭിക്കാത്ത വിധത്തിൽ ഉജ്ജ്വലമായ സ്വീകരണമാണ് പിണറായി വിജയന് ബഹ്‌റിനിൽ ലഭിച്ചത്. ബഹ്‌റിൻ പ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ പ്രധാനമന്ത്രി നേരിട്ട് മുഖ്യമന്ത്രിയുടെ കൈപിടിച്ച് ആനയിച്ചു കൊണ്ടുള്ള സ്വീകരണമായിരുന്നു ഒരുക്കിയത്. ഒരു മണിക്കൂറോളം സമയം നടത്തിയ കൂടിക്കാഴ്‌ച്ച സംസ്ഥാനത്തിന്റെ വികസനത്തിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക നിധി രൂപീകരിക്കാൻ ബഹ്‌റിൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സമ്മതം മൂളി.

ബഹ്‌റൈൻ ഉപരാജാവും കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ചർച്ചയിൽ സംബന്ധിച്ചു. കേരളവുമായുള്ള സഹകരണം എല്ലാ മേഖലകളിലും ശക്തമാക്കുമെന്ന് ബഹ്‌റൈൻ ഭരണാധികാരികൾ മുഖ്യമന്ത്രിയെ അറിയിച്ചു.
സാംസ്‌കാരികം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ആയുർവേദം, ആരോഗ്യം എന്നീ മേഖലകളിലാണ് യോജിച്ച പ്രവർത്തനങ്ങൾ ഏറെയും പ്രതീക്ഷിക്കുന്നത്.

ബഹ്‌റൈനിലുള്ള മലയാളി വിദ്യാർത്ഥികൾക്കായി എൻജിനീയറിങ് കോളേജ് സ്ഥാപിക്കുന്നതിനും ബഹ്‌റൈൻ പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു. 45 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ, കേരളത്തിന്റെ സർവതോമുഖമായ പുരോഗതിക്ക് എല്ലാ സഹകരണവും ബഹ്‌റൈൻ ഭരണാധികാരി ഉറപ്പുനൽകി. പ്രധാനമന്ത്രിയുടെ റിഫാ പാലസിലായിരുന്നു കൂടിക്കാഴ്ച.

കേരളവുമായുള്ള സാമ്ബത്തിക കാര്യങ്ങൾക്കായി കൊച്ചിയിൽ പ്രത്യേക കേന്ദ്രം പ്രവർത്തിക്കും. കേരളത്തിലെ ആരോഗ്യ, വിനോദസഞ്ചാര മേഖലകളിൽ ബഹ്‌റൈൻ കൂടുതലായി നിക്ഷേപം നടത്തും. ആയുർവേദത്തെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളിലും ബഹ്‌റൈൻ പങ്കാളിയാകും. കേരളവും ബഹ്‌റൈനുമായുള്ള വ്യാപാരം മെച്ചപ്പെടുത്താനായി ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസും താത്പര്യമെടുക്കും. ഇരുകൂട്ടർക്കും മെച്ചപ്പെട്ട അവസരങ്ങൾ ഉണ്ടാവുന്ന രീതിയിൽ വാണിജ്യബന്ധങ്ങൾ ശക്തമാക്കാനും ധാരണയായി. കേരളത്തിന്റെ തനത് ഉത്പന്നങ്ങൾ ബഹ്‌റൈനിൽ വിപണനംചെയ്യാൻ പ്രത്യേക സംവിധാനം ഉണ്ടാക്കും. ബഹ്‌റൈനുമായുള്ള സാംസ്‌കാരികവിനിമയ പരിപാടികളും ചർച്ചാവിഷയമായി.

എത്രയോ കാലമായി മലയാളികളുമായി തുടരുന്ന വൈകാരിക അടുപ്പം ഓർമിപ്പിച്ചാണ് ബഹ്‌റൈൻ പ്രധാനമന്ത്രി, പിണറായിയെ സ്വീകരിച്ചത്. കേരളത്തിന്റെ സമ്മാനമായി ചുണ്ടൻവള്ളത്തിന്റെ രൂപം മുഖ്യമന്ത്രി കൈമാറി. കേരളം സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പ്രിൻസ് ഖലീഫാ ബിൻ സൽമാൻ സ്വീകരിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പ്രവാസിവ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, വർഗീസ് കുര്യൻ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സോമൻ ബേബി എന്നിവരും മുഖ്യമന്ത്രിയോടൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മുഖ്യമന്ത്രിയോടുള്ള ബഹുമാനാർഥം ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. ബഹ്‌റൈൻ ജനസംഖ്യയുടെ 20 ശതമാനം മലയാളികളാണെന്നും അവർ ഈ രാജ്യത്തിനു നൽകിയ സംഭാവന മഹത്തരമാണെന്നും കിരീടവകാശി പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞ തവണ നടത്തിയ സന്ദർശനവും അദ്ദേഹം അനുസ്മരിച്ചു. ബഹ്‌റൈൻ കിരീടാവകാശിയുടെ ക്ഷണംസ്വീകരിച്ചാണ് മുഖ്യമന്ത്രി ഇവിടെ എത്തിയിരിക്കുന്നത്.

പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങൾ പഠിച്ചാണ് മുഖ്യമന്ത്രി ബഹ്‌റൈൻ ഉന്നതനേതൃത്വവമായി മുഖ്യമന്ത്രി ചർച്ചക്ക് എത്തിയതെന്ന വികാരമാണ് പ്രവാസലോകത്തുനിന്നു ഉയർന്നത്. പ്രവാസി സംഘടനകളുടെ അജൻഡയിലൊന്നും ഉയർന്നുവരാത്തതാണ് ഈ ശുപാർശകൾ. മുഖ്യമന്ത്രിയുടെ ഏഴിന നിർദേശങ്ങളെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈനിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകരും വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശങ്ങൾ ഇവയാണ്

ബഹ്‌റൈൻ കേരള അക്കാദമിക് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി ബഹ്‌റൈനിൽ കേരള പബ്‌ളിക് സ്‌കൂളും എൻജിനിയറിങ് കോളജും സ്ഥാപിക്കുക
കേരളത്തിലെ അടിസ്ഥാന വികസനത്തിനായി വികസന ഫണ്ടിന് രൂപംനൽകുക
കേരളത്തിന്റെ മനുഷ്യവിഭവശേഷിയും ബഹ്‌റൈനികളുടെ ധനവിനിയോഗ പ്രാപ്തിയും ഉപയോഗപ്പെടുത്താനായി കേരളത്തിൽ ഒരു 'ഗവൺമെന്റ് ടു ഗവൺമെന്റ്' ധനകാര്യ ജില്ല രൂപീകരിക്കുക
ബഹ്‌റൈൻ കേരള സാംസ്‌കാരിക കൈമാറ്റത്തിന് കേരളത്തിൽ ബഹ്‌റൈൻ ഭരണാധികാരികളുടെ പേരിൽ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുക
അർബുദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ബഹ്‌റൈൻ പൗരന്മാർക്കായി കേരളത്തിൽ ആശുപത്രി സ്ഥാപിക്കുകയും ചികിത്സ ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുകയും ചെയ്യുക
മലയാളികൾക്കായി ബഹ്‌റൈനിൽ കേരള ക്‌ളിനിക്ക് തുടങ്ങുകയും ഇവിടെ പരമ്പരാഗതവും ആധുനികവുമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക
ബഹ്‌റൈനിലെ മലയാളികൾക്ക് നിയമസഹായം ലഭിക്കാൻ 'നോർക്ക'യുടെ കീഴിൽ പ്രത്യേകകേന്ദ്രം സ്ഥാപിക്കുക.