തിരുവനന്തപുരം: സംസ്ഥാന ഭരണത്തിലും സർക്കാരിലും തെറ്റായി പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ രക്ഷാകർത്താവ് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സർക്കാറിന്റെ നേട്ടങ്ങൾ വിശദീകരിച്ചതിനൊപ്പം തെറ്റായി പ്രവർത്തിക്കുന്നവർക്ക് മുന്നറിയിപ്പും നൽകിയത്. നവകേരളം പടുത്തുയർത്താനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടു പോകും. യുഡിഎഫ് സർക്കാർ കാലത്ത് ജീർണമായ സംസ്‌കാരമാണ് സംസ്ഥാനത്ത് ഉയർന്നുവന്നത്.

എന്നാൽ എൽഡിഎഫ് സർക്കാരാകട്ടെ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിക്കുകയാണ് ചുരുങ്ങിയ കാലം കൊണ്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായി പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ രക്ഷകർത്താവ് ഉണ്ടാകില്ല. ഇതുറപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. സർക്കാർ മുന്നോട്ടുപോകുന്നത് വ്യക്തമായ ചട്ടങ്ങൾ പ്രകാരമാണ്. കയർ, കശുവണ്ടി തൊഴിലാളികൾക്കായി സർക്കാർ ചെയ്ത കാര്യങ്ങളും വിവിധ ക്ഷേമപദ്ധതികളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

ഭൂമി ഏറ്റെടുക്കൽ ആവശ്യമായ പദ്ധതികൾ പലതും മുടങ്ങിക്കിടക്കുകയാണ്. പദ്ധതികൾ വരുമ്പോൾ നഷ്ടം സംഭവിക്കുന്ന പലരും എതിർക്കും. ആ എതിർപ്പിനല്ല പ്രാധാന്യം നൽകേണ്ടത്. അതിലൂടെ ഉണ്ടാകുന്ന സാമൂഹ്യമാറ്റത്തിനാണ് പ്രാധാന്യം നൽകേണ്ടത്. എതിർക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത വ്യവസായങ്ങൾക്ക് ഉൾപ്പെടെ രക്ഷപ്പെടുമെന്ന തോന്നൽ ഈ സർക്കാരിന്റെ കാലത്തുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ പലർക്കും അഭിമാനവും ചിലർക്ക് പരിഭ്രാന്തിയുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അമ്പതുകൾ തൊട്ടുള്ള ദശകങ്ങളിലെ ഏഴാം ആണ്ടിന്റെ പ്രത്യേകതയും ഇടത് ഭരണം മുൻനിർത്തി ചൂണ്ടിക്കാണിക്കുക ഉണ്ടായി. 1977 എന്ന വർഷമൊഴിച്ചാൽ പിന്നീട് തുടർന്നിട്ടുള്ള ഏഴാം ആണ്ടുകളിലൊക്കെ കേരളത്തിൽ ഇടതുപക്ഷ ഭരണം ആയിരുന്നു.1957, 67, 87,97, 2007 പിന്നെ ഇപ്പോൾ 2017 ഈ വർഷങ്ങളിലൊക്കെ ഏഴിന്റെ പ്രത്യേകത ഇടത് സർക്കാരായിരുന്നു അധികാരത്തിലെന്നതാണ്.

കണക്കിലെ കളി സൂചിപ്പിക്കാൻ പറഞ്ഞതല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ഒരു തുടർച്ച സൂചിപ്പിക്കാനായിട്ട് പറഞ്ഞതാണ്. മുന്മാതൃകകൾ ഇല്ലാതെ ആദ്യമായി കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ എത്തിയ 1957 മുതലുള്ള തുടർച്ചയുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സർക്കാരും പ്രവർത്തിക്കുന്നത്. അന്നത്തെ സർക്കാരുമായി നോക്കിയാൽ ഒട്ടേറെ പൊരുത്തങ്ങളും ചില വൈരുദ്ധ്യങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത വ്യവസായ മേഖലയിൽ വലിയ മാറ്റം വന്നു. ഏറ്റവും പ്രധാനമായ കയർമേഖലയിൽ ഇനി രക്ഷപ്പെടാനാവില്ലെന്ന ചിന്തയിലായിരുന്നു തൊഴിലാളികൾക്ക്. 2017ൽ അവർക്ക് പ്രത്യാശ പകരാനായി. തകരില്ല; രക്ഷപ്പെടും;പിടിച്ചുനിൽക്കാനാകും എന്ന തോന്നലിലാണ് ആ രംഗം ഇന്ന്. ആധുനികവൽക്കരണത്തിന് ഊന്നൽ നൽകി കയർ മേഖലയുടെ പഴയ മേന്മ തിരിച്ചുപിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇതേ നിലയിലാണ് കശുവണ്ടിയുടെയും അവസ്ഥ. 2016വരെ അവിശടയും രക്ഷയില്ലെന്ന തോന്നലായിരുന്നു. എന്നാൽ കാപ്പക്‌സും കോർപ്പറേഷനും വഴി 18,000 തൊഴിലാളികൾക്ക് തൊഴിൽ കിട്ടി. തൊഴിൽ സംരക്ഷിക്കുന്ന നടപടികളും സ്വീകരിച്ചു. തൊഴിലാളകിൾക്ക് ഇപ്പോൾ ആശങ്കയില്ല. ആത്മാഭിമാനത്തിലാണവർ.

കൈത്തറിമേഖലയിൽ വലിയ തോതിൽ ആശ്വാസമുണ്ടാക്കി. 8000 തൊഴിലാളികൾക്ക് തൊഴിലുറപ്പു നൽകുന്ന സംവിധാനം സർക്കാർ ഉറപ്പാക്കി. സ്‌കൂൾ യൂണിഫോറം കൈത്തറിയിലൂടെ നൽകയാണ്. അടുത്തവർഷം യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുകൂടി നൽകാൻ കഴിയണം എന്ന് സർക്കാർ ആഗ്രഹിക്കുന്നു. ഇത് കൂടുതൽ പേരുടെ തൊഴിൽ ഉറപ്പാക്കും. രണ്ടുലക്ഷം തൊഴിദിനങ്ങൾ വർധിച്ചിട്ടുണ്ട്. മത്സ്യ മേഖലയിലും സമാനമായ സമീപനം സ്വീകരിച്ചു- മുഖ്യമന്ത്രി പറഞ്ഞു.