തിരുവനന്തപുരം: ഫാസിസത്തിനെതിരായ പോരാട്ടത്തെ നയിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നാണ് കേരളത്തിലെ ഇടതുപക്ഷം എല്ലായെപ്പോഴും എടുത്തുപറയുന്നത്. മുഖ്യമന്ത്രി പിണറായി തന്നെ താൻ ഫാസിസ്റ്റുകൾക്കെതിരെ പോരാടുകയാണ് എന്ന് ഇടയ്ക്കിടെ പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ, പലപ്പോഴും രാഷ്ട്രയത്തിന്റെ പേരിലുള്ള പബ്ലിസിറ്റി സ്റ്റണ്ട് എന്നതിൽ ഉപരിയായി വാക്കുകളിൽ ആത്മാർത്ഥ ഇല്ലെന്ന വിമർശനം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം തന്നെ ഉന്നയിക്കുന്നുണ്ട്. ഇന്നലെ നിയമസഭയിൽ അസ്ലമിന്റെയും ടിപിയുടെയും കൊലപാതകങ്ങളിൽ പിണറായി വിജയൻ ഒരു അനുശോചനം പോലും പറഞ്ഞിരുന്നില്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.

ചെന്നിത്തല വിമർശനം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന ഒരു സംഭവം കൂടി ഇന്നുണ്ടായി. ഡൽഹിയിൽ ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് സംഘപരിവാറുകാർ മർദ്ദിച്ചു കൊന്ന ജുനൈദ് എന്നയാളുടെ കുടുംബത്തെ കണ്ട് സഹായധനം നൽകിയ പിണറായി വിജയൻ കേരളാ പൊലീസിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിനായകൻ എന്ന ദളിത് യുവാവിന്റെ വീട് ഇതുവരെ സന്ദർശിച്ചിട്ടില്ല. മാത്രമല്ല, മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാൻ വന്ന വിനായകന്റെ അച്ഛനെയും സഹോദരനെയും കാണാൻ പോലും കൂട്ടാക്കിയില്ല. തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വിനായകന്റെ കുടുംബത്തിന് ഈ ദുരനുഭവം ഉണ്ടായത്.

മകന് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഓഫിസിലെത്തിയ വിനായകന്റെ കുടുംബത്തെ കാണാൻ പോലും മുഖ്യമന്ത്രി മടിക്കുകയായിരുന്നു. പാവറട്ടിയിലെ പൊലീസ് കസ്റ്റഡയിൽ ക്രൂര മർദ്ദനം ഏറ്റു ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തെയാണ് മുഖ്യമന്ത്രി ഇന്നു കാണാതിരുന്നത്. മുൻകൂട്ടി അനുവാദം വാങ്ങി കാണാനെത്തിയ വിനായകന്റെ അച്ഛൻ ഹാർബർ തൊഴിലാളിയായ കൃഷ്ണനെയെയും സഹോദരനെയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മടക്കിയയച്ചത്.

രാവിലെ പത്തുമണിക്ക് തിരുവനന്തപുരത്തെത്തിയതാണ് വിനായകന്റെ അച്ഛനും സംഘവും. രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ നിയമസഭ നടക്കുന്നിടത്തേക്ക് ചെല്ലാനായിരുന്നു നിർദ്ദേശം. അവിടെത്തി കാത്തിരുന്നപ്പോൾ മുഖ്യന്ത്രിയുടെ ഓഫീസിലേക്ക് എത്താൻ നിർദ്ദേശം വന്നു. പതിനൊന്നര മുതൽ അഞ്ചേമുക്കാൽ വരെയാണ് വിനായകന്റെ കുടുംബം ഓഫീസിൽ കാത്തിരുന്നത്. ഇതിനിടയിൽ മുഖ്യമന്ത്രി ഓഫീസിലെത്തി. ഉടനെ തന്നെ തിരിച്ചു പോവുകയും ചെയ്തു.

വിനായകന്റെ ബന്ധുക്കൾ ഓഫീസ് ജീവനക്കാരോട് സംസാരിച്ചപ്പോഴാണ് മുഖ്യമന്ത്രി ഓഫീസിലില്ലെന്നും ഇന്നു കാണാൻ സാധിക്കില്ലെന്നും അറിഞ്ഞത്. ജലപാനം പോലും കഴിക്കാതെയാണ് വിനായകന്റെ പിതാവും ബന്ധുക്കളും മുഖ്യമന്ത്രിയെ കാത്തിരുന്നത്. ട്രെയിനിലെ വർഗീയ ആക്രമണത്തിൽ കൊല്ലപ്പെട്ട പതിനഞ്ചുകാരൻ ജുനൈദിന്റെ കുടുംബം പിന്തുണതേടി മുഖ്യമന്ത്രിയെ കണ്ടതും മുഖ്യമന്ത്രി ഇവർക്ക് പണം നൽകിയപ്പോഴും വിലിയ പിന്തുണ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. എന്നാൽ, അതേ മുഖ്യമന്ത്രി സ്വന്തം പൊലീസിന്റെ കൊള്ളരുതായ്മക്ക് ഇരയായ വിനായകന്റെ കുടുംബത്തെ കാണാൻ പോലും കൂട്ടാക്കാത്തത് ഇരട്ടത്താപ്പാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

ജുനൈദിന്റെ കുടുംബത്തോട് കാണിച്ച മാന്യത പിണറായി വിനായകന്റെ കാര്യത്തിലും കാണിക്കണമെന്ന ആവശ്യം നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരുന്നു.