തിരുവനന്തപുരം: ഓഖിപ്പണം ചെലവിട്ടു കൊണ്ട് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുകയാണ്. സിപിഎമ്മിനെയും സർക്കാറിനെയും ഒരുപോലെ നാണം കെടുത്തിയ സംഭവത്തിൽ സർക്കാറിനെതിരെ സഭയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നടപടിയെ ദുരന്തമെന്ന് പരാമർശിച്ചു കൊണ്ടാണ് സഭ രംഗത്തെത്തിയത്. പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സഭ ആവശ്യപ്പെട്ടു.

അതേസമയം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെയും വിമർശനം ഉയർന്നു. യാത്രാപരിപാടികൾ ക്രമീകരിക്കുന്നതിനും ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ഗുരുതരപാളിച്ചയുണ്ടായെന്നാണ് പൊതുവിമർശനം. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണമനുവദിക്കാനുള്ള തീരുമാനം മാപ്പർഹിക്കാത്ത തെറ്റെന്നാണ് മുതിർന്ന് സിപിഎം നേതാക്കൾ തന്നെ പറയുന്നു. നോട്ട്‌നിരോധനം ജിഎസ്ടി എന്നിവ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുണ്ടാക്കിയതെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ജില്ലാസമ്മേളനങ്ങളിൽ ആവർത്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് 3000 രൂപക്ക് തീവണ്ടിയിൽ തൃശൂരിൽ നിന്ന് തിരുവനന്തപുരത്തെത്താവുന്ന യാത്രക്ക് ഹെലികോപ്റ്ററിൽ കയറി മുഖ്യമന്ത്രി 8ലക്ഷം രൂപ ചെലവാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗുരുതരവീഴ്ച ഇവിടെ ഒരിക്കൽ കൂടി തെളിഞ്ഞു.