തിരുവനന്തപുരം: ഓഖിപ്പണം ചെലവിട്ടു കൊണ്ട് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുകയാണ്. സിപിഎമ്മിനെയും സർക്കാറിനെയും ഒരുപോലെ നാണം കെടുത്തിയ സംഭവത്തിൽ സർക്കാറിനെതിരെ സഭയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നടപടിയെ ദുരന്തമെന്ന് പരാമർശിച്ചു കൊണ്ടാണ് സഭ രംഗത്തെത്തിയത്. പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സഭ ആവശ്യപ്പെട്ടു.

അതേസമയം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെയും വിമർശനം ഉയർന്നു. യാത്രാപരിപാടികൾ ക്രമീകരിക്കുന്നതിനും ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ഗുരുതരപാളിച്ചയുണ്ടായെന്നാണ് പൊതുവിമർശനം. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണമനുവദിക്കാനുള്ള തീരുമാനം മാപ്പർഹിക്കാത്ത തെറ്റെന്നാണ് മുതിർന്ന് സിപിഎം നേതാക്കൾ തന്നെ പറയുന്നു. നോട്ട്‌നിരോധനം ജിഎസ്ടി എന്നിവ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുണ്ടാക്കിയതെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ജില്ലാസമ്മേളനങ്ങളിൽ ആവർത്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് 3000 രൂപക്ക് തീവണ്ടിയിൽ തൃശൂരിൽ നിന്ന് തിരുവനന്തപുരത്തെത്താവുന്ന യാത്രക്ക് ഹെലികോപ്റ്ററിൽ കയറി മുഖ്യമന്ത്രി 8ലക്ഷം രൂപ ചെലവാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗുരുതരവീഴ്ച ഇവിടെ ഒരിക്കൽ കൂടി തെളിഞ്ഞു.

ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പാർട്ടിയിലെ പൊതുവികാരം. തെറ്റ് ബോധ്യപ്പെട്ട് തിരുത്തിയെങ്കിലും പാർട്ടിക്കും മുന്നണിക്കും മുഖ്യമന്ത്രിക്കും ഇത് വലിയ തിരിച്ചടിയായി. ആരോഗ്യമന്ത്രി 28000 രൂപ ചെലവാക്കി കണ്ണട വാങ്ങിയത് ജില്ലാസമ്മേളനങ്ങളിൽ വലിയരീതിയിൽ വിമർശന വിധേയമാകുമ്പോഴാണ് ഭരണത്തലവൻ തന്നെ കൃത്യമായ ധൂർത്തെന്ന് വ്യാഖ്യാനിക്കാവുന്ന ഹെലകോപ്റ്റർ യാത്രക്ക് 8ലക്ഷം രൂപ ചെലവാക്കിയിരിക്കുന്നത്.

അതിനിടെ ഹെലികോപ്റ്റർ യാത്രാവിവാദം അവസാനിപ്പിക്കാൻ സിപിഎം ഇടപെടാനും സാധ്യതയേറി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നൽകാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇതോടെ പാർട്ടി പണം നൽകിയേക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. ഹെലികോപ്റ്റർ യാത്രയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് പണം അനുവദിച്ചതിൽ റവന്യൂമന്ത്രിയും റവന്യൂസെക്രട്ടറിയും ഏറ്റുമുട്ടി. സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെന്ന് മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്ന് ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചു. അതേസമയം വിവാദ ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും വാദം ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെ എല്ലാ പ്രതിരോധങ്ങലും പാളുകയായിരുന്നു.

പണം നൽകാൻ ഉത്തരവിറക്കിയ അഡീന്മഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ നടപടി സർക്കാരിന് അവമതിപ്പുണ്ടാക്കി എന്ന് റവന്യൂമന്ത്രി തുറന്നടിച്ചു. താനറിയാതെ ഉത്തരവിറക്കിയതിന് കാരണം വിശദീകരിക്കാൻ മന്ത്രി കുര്യനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പിന്തുണയുള്ള കുര്യന്റെ നീക്കങ്ങളിൽ മൂന്നാർ വിവാദം മുതൽ മന്ത്രിക്കും സിപിഐയ്ക്കും കടുത്ത അതൃപ്തിയുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം ഉണ്ടായ നടപടി കുര്യനെ ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം ദുരിതാശ്വാസനിധിയിൽ നിന്ന് പണം വകമാറ്റിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും വാദം തെറ്റാണെന്ന് വിവാദ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചതിൽ വ്യക്തമായി. പണം വകമാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നുവെന്നതിന്റെ തെവിവുകൾ പുറത്തുവന്നു. ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയിരുന്നു. റവന്യൂമന്ത്രിയുടെ ഓഫീസിനും പകർപ്പ് നൽകിയതായി ഉത്തരവിലുണ്ട്.

വിവാദ ഉത്തരവ് പിൻവലിച്ചെങ്കിലും ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പൊലീസ് ഒഴിഞ്ഞുമാറിയത് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ദുരിതാശ്വാസനിധിയിൽ നിന്ന് ഹെലികോപ്റ്റർ വാടക നൽകാനുള്ള നീക്കം റദ്ദാക്കിയ സാഹചര്യത്തിൽ ആര് പണം നൽകുമെന്ന ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ എടുത്തത് പൊലീസ് അല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഹെലിക്കോപ്റ്റർയാത്രക്ക് ദുരന്തനിവാരണ ഫണ്ടുയോഗിക്കാൻ തീരുമാനിച്ചതിൽ റവന്യൂവകുപ്പിന് കടുത്ത അതൃപ്തി ആണുള്ളത്. ഡിസംബർ 26ന് തൃശ്ശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയിൽ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത് സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടർ വാടകക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ട് ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്നെടുക്കാൻ നിർദ്ദേശിച്ചാണ് സർക്കാർ ഉത്തരവിറങ്ങിയത്. എന്നാൽ ഇത്തരമൊരു ഉത്തരവിറക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നും മന്ത്രി വിലയിരുത്തുന്നു.

അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്. ഓഖി ദുരന്ത ബാധിതർക്കുള്ള ഫണ്ടിൽ നിന്ന് ആകാശയാത്രക്ക് പണമെടുത്തെന്ന പ്രതീതിയുണ്ടായത് സർക്കാരിന് നാണക്കേടായെന്നും റവന്യൂവകുപ്പ് വിലയിരുത്തുന്നു. അതിനാൽ പരിശോധിച്ച ശേഷം വീഴ്ചയെങ്കിൽ നടപടിയെടുക്കാനാണ് ആലോചന. ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും നിലപാട്. ഉത്തരവിൽ വീഴ്ചയുള്ളതിനാലാണ് അറിഞ്ഞ നിമിഷം തന്നെ റദ്ദാക്കിയതെന്നും വിശദീകരിക്കുന്നു. മുഖ്യമന്ത്രി ഹെലികോപ്ടറിൽ വന്നത് ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഖത്തെ കാണാനായതിനാലാണ് ദുരന്തനിവാരണ ഫണ്ടുപയോഗിക്കാൻ നിർദ്ദേശിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം.