തിരുവനന്തപുരം: പുതുവർഷാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവർഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം. കേരളത്തിന്റെ നന്മയ്ക്കായ് തോളോട് തോൾ ചേർന്നു നിൽക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.

ആഘോഷത്തിന്റെ വേളയാണെങ്കിലും നിലവിലെ കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം. ആഘോഷത്തിന്റെ ഭാഗമായി ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണം. മാസ്‌കുകൾ ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം. രാത്രി പത്തു മണിക്കുള്ളിൽ ആഘോഷങ്ങളെല്ലാം നിർബന്ധമായും പൂർത്തിയാക്കുകയും വേണം. ഈ ജാഗ്രത കാണിക്കേണ്ടത് രോഗാതുരത ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണെന്ന് എല്ലാവരും മനസ്സിലാക്കണം. ഇതുവരെ നിങ്ങളോരുത്തരും പ്രദർശിപ്പിച്ച ശ്ലാഘനീയമായ കരുതലും ഉത്തരവാദിത്വബോധവുമാണ് ഈ മഹാമാരിയെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ കേരളത്തിനു സഹായകരമായതെന്ന് പിണറായി പറഞ്ഞു.

പിണറായിയുടെ കുറിപ്പ്

ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷം കൂടെയായിരുന്നു ഇത്. ആ അനുഭവങ്ങൾ പകർന്ന കരുത്ത് ഒരു സമൂഹമെന്ന നിലയിൽ നമ്മെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം ആർജ്ജിക്കാൻ സാധിച്ചു. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവർഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാം.

അതോടൊപ്പം, ആഘോഷത്തിന്റെ വേളയാണെങ്കിലും നിലവിലെ കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം. ആഘോഷത്തിന്റെ ഭാഗമായി ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണം. മാസ്‌കുകൾ ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം. രാത്രി പത്തു മണിക്കുള്ളിൽ ആഘോഷങ്ങളെല്ലാം നിർബന്ധമായും പൂർത്തിയാക്കുകയും വേണം. ഈ ജാഗ്രത കാണിക്കേണ്ടത് രോഗാതുരത ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണെന്ന് എല്ലാവരും മനസ്സിലാക്കണം. ഇതുവരെ നിങ്ങളോരുത്തരും പ്രദർശിപ്പിച്ച ശ്ലാഘനീയമായ കരുതലും ഉത്തരവാദിത്വബോധവുമാണ് ഈ മഹാമാരിയെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ കേരളത്തിനു സഹായകരമായത്. അതിനിയും തുടരണം എന്ന് ഓർമ്മിപ്പിക്കട്ടെ.

കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം. കേരളത്തിന്റെ നന്മയ്ക്കായ് തോളോട് തോൾ ചേർന്നു നിൽക്കാം. എല്ലാവർക്കും ഹൃദയപൂർവ്വം നവവൽസരാശംസകൾ നേരുന്നു.