- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ചപ്പോൾ മനംനൊന്തത് മാണിയെ സ്നേഹിക്കുന്ന പാലാക്കാർക്ക്; രണ്ടില ചിഹ്നം കിട്ടാതിരുന്നത് അനീതിയായെങ്കിലും തോൽവി തീരാസങ്കടമായി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവോടെ ജോസഫ് ഇനി വിമതന്റെ റോളിൽ; ജോസഫിനുംകൂട്ടർക്കും ഇനി പുതിയ പാർട്ടി രജിസ്റ്റർ ചെയ്യേണ്ടി വരും; അപ്പീൽ പോകുമെന്ന് ജോസഫ് പറയുമ്പോഴും അവസാന ചിരി ജോസിന്; ഇത് കെ.എം.മാണിയുടെ വിജയമെന്ന് ജോസ് കെ മാണി
കോട്ടയം: കേരള കോൺഗ്രസ് മാണി പക്ഷത്തെ പുറന്തള്ളാനുള്ള യുഡിഎഫ് തീരുമാനം വന്നപ്പോൾ ജോസ് കെ മാണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി. പുറത്താക്കിയത് കെ.എം.മാണിയെ. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടിങ് ബഹിഷ്കരിക്കൽ അടക്കം യുഡിഎഫിനോട് അകലം പാലിക്കുന്ന ജോസ് കെ. മാണിക്ക് തിങ്കളാഴ്ച നല്ല ദിവസമായിരുന്നു. കേരള കോൺഗ്രസിന്റെ ആത്മാഭിമാനം എവിടെയും അടിയറ വയ്ക്കില്ലെന്ന ജോസിന്റെ വാശി വിജയിച്ച ദിവസം.
കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരകൈമാറ്റവുമായി ബന്ധപ്പെട്ട് ഇല്ലാത്ത ധാരണ യുഡിഎഫിൽ ഉണ്ടെന്ന് വരുത്താനാണ് ജോസഫ് ശ്രമിച്ചതെന്നായിരുന്നു ജോസിന്റെ ആക്ഷേപം. 'അച്ചടക്കത്തിന്റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു.കാലു മാറ്റക്കാരനു ജില്ലാ പ്രസിഡന്റ് സ്ഥാനം കൊടുക്കണം എന്ന് പറയുന്നത് അനീതിയാണ്. ധാരണയുടെ പേരിൽ ആണ് എങ്കിൽ ജോസഫിനെ ആയിരം തവണ പുറത്താക്കണമായിരുന്നു എന്നും ജോസ് വിഭാഗം അറിയിച്ചു നിരന്തരം അച്ചടക്കം ലംഘിച്ചിട്ടും നടപടി ഉണ്ടായില്ല. രാഷ്ട്രീയ അജണ്ട ബോധപൂർവ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കൾ ചെയ്തതെന്നായിരുന്നു ജോസിന്റെ നിലപാട്. ഏതായാലും പാർട്ടിയും ചിഹ്നവും ജോസ് പക്ഷത്തിന് കൈവന്നതോടെ, അവഗണിക്കാനാവാത്ത ശക്തിയായി മാറുന്നു ജോസ് കെ.മാണി എന്ന നേതാവും പാർട്ടിയും. ജോസഫിന് ഇത് വലിയതിരിച്ചടിയും. കോൺഗ്രസിനോടും യുഡിഎഫിനോടും ജോസഫ് കൂറു പുലർത്തുമ്പോൾ ജോസ് കെ. മാണി ഇതുവരെ വിമതന്റെ റോളിലായിരുന്നു. എന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ജോസ് ഒറിജനൽ നേതാവും ജോസഫ് വിമതനുമായി മാറി.
ഇത് കെഎം. മാണിയുടെ വിജയം
രണ്ടില തങ്ങൾക്ക് കിട്ടിയത് കെ.എം. മാണിയുടെ വിജയമെന്നാണ് ജോസ് കെ. മാണി പ്രതികരിച്ചത്. . ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോസഫ് വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോസ് വിഭാഗം അറിയിച്ചു. ഏറെ നാളായി ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തർക്കം തുടരുകയായിരുന്നു.
പാലാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിലാണ് മത്സരിച്ചത്. പാലായിലെ തോൽവിക്ക് ചിഹ്നം ലഭിക്കാത്തത് കാരണമായെന്നും ജോസ് കെ.മാണി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു
ജോസഫ് എന്തുചെയ്യും?
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തോടെ ജോസഫിനൊപ്പം ചേർന്ന മറ്റ് ജന പ്രതിനിധികൾക്കും അയോഗ്യത വരും. ഒരു രാഷ്ടീയകക്ഷിക്ക് അംഗീകാരം ലഭിക്കുന്നതിനാവശ്യമായ നിബന്ധനകൾ എല്ലാം ജോസ്.കെ.മാണി വിഭാഗത്തിനുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് പാർലമെന്റ് അംഗങ്ങളും രണ്ട് നിയമസഭാംഗങ്ങളും മറ്റ് ജന പ്രതിനിധികളും പാർട്ടിയുടെ സംസ്ഥാന സമിതി, ഉന്നതാധികാര സമിതികളിലും എല്ലാം ജോസ് കെ.മാണിയെ പിന്തുണയ്ക്കുന്നവർക്കായിരുന്നു ഭൂരിപക്ഷം. ഇത് തെളിവെടുപ്പിലൂടെ ബോധ്യപ്പെട്ടതോടെയാണ് കമ്മീഷന്റെ ഉത്തരവ്
മോൻസിനും ജോസഫിനും എതിരെ സ്പീക്കറെ സമീപിക്കും
.കോൺഗ്രസിനൊപ്പം ചേർന്ന് നിയമസഭയിൽ വിപ്പ് ലംഘിച്ച ജോസഫ് വിഭാഗം എം.എൽ എമാരായ പി.ജെ.ജോസഫിനും മോൻസ് ജോസഫിനുമെതിരെ ജോസ്.കെ.മാണി വിഭാഗം ഉടൻ സ്പീക്കറെ സമീപിക്കും.നിയമസഭാ രേഖകൾ പ്രകാരം ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റ്യനാണ് പാർട്ടി വിപ്പ്. റോഷി അഗസ്റ്റിൻ നൽകിയ വിപ്പ് പി.ജെ.ജോസഫും മോൻസ് ജോസഫും ലംഘിച്ചിരുന്നു. യഥാർത്ഥ പാർട്ടി ജോസ്.കെ.മാണിയുടേതാണെന്നുള്ള കമ്മീഷൻ ഉത്തരവോടെ വിപ്പ് ലംഘന വിഷയത്തിൽ ജോസഫിനും മോൻസിനുമെതിരെ നടപടി ഉറപ്പായി.ജോസഫിനൊപ്പം ചേർന്ന സി.എഫ്.തോമസ് എംഎൽഎ താൻ യഥാർത്ഥ കേരള കോൺഗ്രസ് (എം )നോടൊപ്പമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.നിയമസഭയിൽ വിപ്പ് ലംഘിച്ചതുമില്ല.കമ്മീഷൻ ഉത്തരവോടെ സി.എഫ് തോമസ് നിലപാട് വ്യക്തമാക്കേണ്ടി വരും.
ജോസഫിന് പുതിയ പാർട്ടി രജിസ്റ്റർ ചെയ്യേണ്ടി വരും
ഇനി ജോസ് കെ.മാണിയുടെ വിപ്പ് ലംഘിച്ചാൽ ജോസഫിനെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ ആയോഗ്യരാവും. ജനപ്രതിനിധികൾക്ക് ഇനി കൂറുമാറി ജോസഫിനൊടൊപ്പം നിൽക്കാനാവാത്ത സ്ഥിതിയുണ്ടാവും. പി.ജെ.ജോസഫിനും കൂട്ടർക്കും ഇനി പുതിയ പാർട്ടി രജിസ്റ്റർ ചെയ്യേണ്ടി വരും. എന്നാൽ അംഗീകാരം ലഭിക്കില്ലെന്നാണ് സൂചന.
രജിട്രേഡ് ചിഹ്നവും അംഗീകാരവും ലഭിക്കുന്ന മെങ്കിൽ ചട്ടം അനുസരിച്ച് ഒരു എംപി.യോ, 4 എംഎൽഎമാരോ അല്ലെങ്കിൽ 6% വോട്ടോ ലഭിച്ചിരിക്കണം. ഇത് ഒന്നും ജോസഫ് വിഭാഗത്തിന് നിലവിൽ ഇല്ല.ഇനി.കേ.കോൺ എന്ന ലേബലിൽ പാർട്ടി രജിസ്ട്രേഷനും ബുദ്ധിമുട്ടായിരിക്കും.കോട്ടയം എംപി സ്ഥാനം ജോസഫ് വിഭാഗം കൈവശപ്പെടുത്തിയിരുന്നുവെങ്കിൽ ഇന്ന് ജോസ് കെ മാണിക്ക് രണ്ടില ചിഹ്നവും പാർട്ടി അംഗീകാരവും ലഭിക്കുമായിരുന്നില്ല
പാലാ ഉപതെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും രണ്ടിലചിഹ്നം ിഷേധിച്ചതിൽ സംസ്ഥാനചീഫ് ഇലക്ട്രൽ ഓഫീസറും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും സ്വീകരിച്ച ഏകപക്ഷീയ നിലപാട് തെറ്റായിരുന്നു എന്ന് കമ്മീഷൻ ഉത്തരവോടെ ജോസ് പക്ഷം തെളിയിച്ചിരിക്കുകയാണ്.രേഖകൾ പരിശോധിക്കാതെ സ്വാധീനത്തിനു വഴങ്ങിയാണ് ചിഹ്നം നിഷേധിച്ചത് എന്ന് ജോസ് വിഭാഗം അന്നേ ആരോപിച്ചിരുന്നു.കമ്മീഷൻ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യാമെങ്കിലും കീഴ് വഴക്കങ്ങളും മുൻ നടപടിക്രമങ്ങളും അനുസരിച്ച് കമ്മീഷൻ തീരുമാനമാണ് അന്തിമമെന്നും രാഷ്ട്രീയ പാർട്ടികളുടെ തർക്കത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനമാണ് നടപ്പിലാക്കുക എന്നും സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്.
ജോസ് കെ.മാണി കൂടുതൽ കരുത്തനായി
നിലവിലെ രാ്ഷ്ട്രീയ സാഹര്യത്തിൽ ജോസ് കെ മാണിക്ക് ഇതുപോലെ ഒരു ബൂസ്റ്റർ ഡോസ് ആവശ്യമായിരുന്നു. യുഡിഎഫിൽ കയ്യാലപ്പുറത്തെ തേങ്ങ പോലെ. വാതിൽ തുറന്നിട്ട് എൽഡിഎഫ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിനും രാഷ്ട്രീയ ലൈൻ മാറ്റിപ്പിടിക്കേണ്ടി വരും.
കെഎം മാണിയെ ഹൈജാക്ക് ചെയ്തവർക്കുള്ള മറുപടിയാണ് വിധിയെന്ന് ജോസ് കെ മാണി് പറഞ്ഞതും ശ്രദ്ധേയമാണ്. രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറുപടി. സത്യം വിജയിക്കുമെന്ന് തെളിഞ്ഞെന്നും ജോസ് കെ മാണി പറഞ്ഞു. പുതിയ സാഹചര്യത്തിൽ വിധി അനുകൂലമായത് ഗുണം ചെയ്യുമെന്നും ജോസ് കെ. മാണി വിശ്വസിക്കുന്നു.
മറുനാടന് ഡെസ്ക്