കോട്ടയം: രണ്ടിലയും കേരളാ കോൺഗ്രസും ഇനി യുഡിഎഫിൽ ഇല്ല. കോൺഗ്രസിനൊപ്പം തോളോട് ചേർന്ന് നിന്ന് യുഡിഫിന് കരുത്ത് പകർന്നത് മുസ്ലിം ലീഗും കേരളാ കോൺഗ്രസ് എമ്മുമാണ്. മലബാറിൽ ലീഗും മധ്യതിരുവിതാംകൂറിൽ കേരളാ കോൺഗ്രസും യുഡിഎഫിന്റെ സുരക്ഷിത വോട്ട് കേന്ദ്രങ്ങളായി. ഈ രണ്ടില പ്രഭാവത്തെയാണ് കോൺഗ്രസ് പുറത്താക്കിയത്. ഇതിലൂടെ വോട്ട് ചോർച്ചയുണ്ടാകുമെന്നും അവർക്ക് അറിയാം. കേരളാ കോൺഗ്രസിൽ മാണി ഗ്രൂപ്പിനൊപ്പമാണ് അണികൾ. പിജെ ജോസഫിന് ഇടുക്കിയിലെ തൊടുപുഴയിൽ മാത്രമാണ് സ്വാധീനം. അതുകൊണ്ട് തന്നെ മാണി വികാരം ചർച്ചയാക്കി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള രണ്ടില ചിഹ്നത്തിന്റെ അവകാശികൾ യുഡിഎഫിന് പുറത്തു പോകുമ്പോൾ കേരളാ രാഷ്ട്രീയത്തിൽ അത് പുതിയ ശാക്തിക ചേരിതിരുവുകളുണ്ടാക്കും.

ജോസ് കെ മാണി എത്തുന്നത് ഇടതുപക്ഷത്തേക്കാണ്. യുഡിഎഫിന് പരമ്പരാഗതമായ വോട്ടുകൾ കേരളാ കോൺഗ്രസിലൂടെ ഇടതുപക്ഷത്ത് എത്തിയാൽ അത് സിപിഎം മുന്നണിക്ക് കരുത്താകും. മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാനുമാകും. പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും കേരളാ കോൺഗ്രസ് ഫാക്ടർ വോട്ടെത്തിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് ഇനിയുള്ള തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രവർത്തിക്കുമെന്നത് കേരള രാഷ്ട്രീയത്തിലെ മുന്നണികൾക്ക് നിർണ്ണായകമാണ്. ചുവടു മാറ്റത്തിൽ ജോസ് കെ മാണി വിജയിച്ചാൽ അത് മുഖ്യമന്ത്രി പിണറായി വിജയന് കരുത്തായി മാറും. അതു സംഭവിച്ചാൽ ചെയ്ത മണ്ടത്തരമോർത്ത് യുഡിഎഫിന് സഹതപിക്കേണ്ടിയും വരും. ഇതെല്ലാം യുഡിഎഫിനും കോൺഗ്രസിനും നന്നായി അറിയാം. എന്നാൽ രണ്ടിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരും മുമ്പ് പിജെ ജോസഫിന് വേണ്ടി കാട്ടിയ നാടകമാണ് എല്ലാത്തിനും കാരണം.

ജോസ് കെ മാണിയെ പുറത്താക്കിയെന്ന ബെന്നി ബെഹന്നാന്റെ ധൃതി പിടിച്ചുള്ള പ്രഖ്യാപനം എല്ലാ സാധ്യതകളും അടച്ചെന്ന സ്വയം വിമർശനം യുഡിഎഫിനുണ്ട്. അതുകൊണ്ടാണ് മുസ്ലിം ലീഗ് പോലും രണ്ടാം ഘട്ടത്തിൽ ചർച്ചകൾക്ക് തയ്യാറാകാത്തത്. ഇനി ജോസിന് വേണ്ടി നിന്നാൽ ജോസഫും പിണങ്ങുമെന്ന് ഉറപ്പായതോടെ ജോസിനെ വഞ്ചകനാക്കാനാണ് തീരുമാനം. ഇതാണ് മാണി വികാരം ഉയർത്തിയുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിലും നിറയുന്നത്. മാണി വികാരം യുഡിഎഫിനൊപ്പമാണെന്ന വാദം അവർ ഉയർത്തും. എന്നാൽ യുഡിഎഫിൽ നിന്ന് പുറത്താക്കിയ ശേഷം പുറത്തു പോയത് എന്തിനെന്ന് ചോദിക്കുന്നതിലെ കപടത തുറന്നു കാട്ടി ജോസും വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങും. അങ്ങനെ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തിദുർഗ്ഗങ്ങളിൽ പിടിമുറുക്കാമെന്നാണ് ജോസ് കെ മാണിയുടെ കണക്കു കൂട്ടൽ. കേരളാ കോൺഗ്രസും രണ്ടിലയും ഔപചാരികമായി യുഡിഎഫിന് പുറത്തു വരുമ്പോൾ നേട്ടം പ്രതീക്ഷിക്കുകയാണ് ഇടതുപക്ഷവും പിണറായി വിജയനും.

കേരള കോൺഗ്രസ് എമ്മുമായുള്ള രാഷ്ട്രീയ വഴിപിരിയൽ ഔപചാരികമാക്കുന്നതിന്റെ വേദി മാത്രമായിരുന്നു ഇന്നലത്തെ യുഡിഎഫ് നേതൃയോഗം. എൽഡിഎഫുമായി അണിയറ ചർച്ചകൾ ജോസ് കെ.മാണി ആരംഭിച്ചുവെന്ന വിലയിരുത്തൽ യുഡിഎഫിൽ സജീവമായിരുന്നു. 40 വർഷത്തിലേറെ നീണ്ട ബന്ധം വിച്ഛേദിക്കപ്പെട്ടത് ഏറിയാൽ 3 മണിക്കൂർ നീണ്ട മുന്നണി നേതൃയോഗത്തിലാണ്. പി.ജെ. ജോസഫ് ജോസ് കെ.മാണി വിഭാഗങ്ങളെ അനുരഞ്ജിപ്പിക്കാനായി ഏറെ ശ്രമം നടത്തിയ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മൗനത്തിലായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ചതിനെക്കാളും ഗൗരവതരമായി കാണേണ്ടത് അവിശ്വാസപ്രമേയ, രാജ്യസഭാ വോട്ടെടുപ്പിൽ വിട്ടുനിന്നതാണെന്ന വികാരം ഉയർന്നു. എന്നാൽ അതിന്റെ പേരിൽ അച്ചടക്ക നടപടിയോ പുറത്താക്കലോ ഒന്നും ആവശ്യമില്ലെന്നും തീരുമാനിച്ചു. അവർ പുറത്തു പോകുന്നതായി കണ്ടാൽ മതിയെന്നായി ധാരണ.

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം നീട്ടുന്നതു വീണ്ടും തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് ഇന്നലെ തന്നെ ജോസഫിന്റെ നോമിനിയെ പ്രഖ്യാപിച്ചത്. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന നിർദ്ദേശം ആരിൽനിന്നും ഉയർന്നില്ല.

മാണി വികാരവുമായി ചെന്നിത്തലയും

ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) സ്വീകരിച്ച നടപടികൾ കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ലെന്ന് യുഡിഎഫ്. ഇന്നലെ ചേർന്ന മുന്നണി നേതൃയോഗം തയാറാക്കിയ പ്രസ്താവന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.

യുഡിഎഫ് നിലപാട്: യുഡിഎഫിന്റെ മഹാനായ നേതാക്കളിലൊരാളാണു കെ.എം. മാണി. ഇടക്കാലത്തു ചില രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ അകന്നിട്ടും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മുൻപായി തിരിച്ചുവന്നതു യുഡിഎഫ് അദ്ദേഹത്തിന്റെ ജീവശ്വാസമായിരുന്നതു കൊണ്ടാണ്. മാണിയുടെ നിര്യാണ ശേഷം ആ പാർട്ടിയിലെ പ്രശ്‌നങ്ങൾ രമ്യമായി തീർക്കാനാണു യുഡിഎഫ് ശ്രമിച്ചത്. ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റ തർക്കം തീർക്കാൻ ഉണ്ടാക്കിയ ധാരണ ജോസ് വിഭാഗം പാലിക്കാഞ്ഞതു മുന്നണി നേതൃത്വത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി. എന്നിട്ടും 4 മാസത്തോളം തർക്കപരിഹാര ശ്രമം തുടർന്നു. അന്ത്യശാസനം കഴിഞ്ഞതോടെ മുന്നണി യോഗത്തിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. അതിന്റെ അന്തസ്സത്ത ഉൾക്കൊള്ളാതെ യുഡിഎഫിനെതിരെ അവർ തിരിഞ്ഞു. നിയമസഭയിലെ അവിശ്വാസപ്രമേയ ചർച്ചയിൽ 2 എംഎൽഎമാർ മുങ്ങി. രാജ്യസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെ വിപ്പ് പാലിച്ചില്ല. എൽഡിഎഫ് ഘടകകക്ഷികൾ പോലും മുഖ്യമന്ത്രിയെ അവിശ്വസിച്ചു തുടങ്ങിയപ്പോഴാണു യുഡിഎഫ് ടിക്കറ്റിൽ ജയിച്ച 2 എംഎൽഎമാരും പാർട്ടിയും ഈ ചതി കാട്ടിയത്. കെ.എം. മാണിയുടെ ആത്മാവ് ഇതു പൊറുക്കുമെന്നു കരുതുന്നില്ല.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ബജറ്റ് അവതരിപ്പിക്കാനെത്തിയ മാണിക്കായി യുഡിഎഫ് ഒന്നിച്ച് അണിനിരന്ന അതേ നിയമസഭയിലാണ് അവരുടെ 2 എംഎൽഎമാർ യുഡിഎഫിനെ ചതിച്ചത്. സഭയ്ക്കകത്തും പുറത്തും യുഡിഎഫിനെതിരെ നിലപാടെടുക്കുന്ന കക്ഷിയെ എങ്ങനെ മുന്നണിയുടെ ഭാഗമായി കാണും? അപക്വവും പിന്നിൽനിന്നു കുത്തുന്നതുമായ ഈ നിലപാടു കെ.എം. മാണി എടുക്കുമായിരുന്നില്ല. കേരള കോൺഗ്രസ് പൈതൃകത്തിന്റെ നേരവകാശിയായ പി.ജെ. ജോസഫും സി.എഫ്. തോമസും ആ പ്രസ്ഥാനവും യുഡിഎഫിന്റെ ഭാഗമാണ്. കോൺഗ്രസിൽ വലിയ തർക്കങ്ങൾക്കു വഴിവച്ചാണു നേരത്തെ രാജ്യസഭാ സീറ്റ് അവർക്കു നൽകിയത്. ആ രാജ്യസഭാംഗമായി ഇരുന്നാണു ജോസ് കെ. മാണി യുഡിഎഫിനെതിരെ വർത്തമാനം പറയുന്നതും നിയമസഭയിൽ നിന്നു വിട്ടുനിൽക്കാൻ എംഎൽഎമാർക്കു നിർദ്ദേശം നൽകുന്നതും. ധാർമികതയുണ്ടെങ്കിൽ കിട്ടിയ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിക്കണം-ചെന്നിത്തല പറഞ്ഞു.

ജോസ് കെ മാണിക്ക് അർഹമായ പരിഗണനയെന്ന് ഇടതുപക്ഷം

കേരള കോൺഗ്രസിന്റെ (എം) മുന്നണി പ്രവേശം എൽഡിഎഫ് ചർച്ച ചെയ്യുമെന്നു കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി കഴിഞ്ഞു. അവർക്കു തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകും.

കേരള കോൺഗ്രസിനെ ഇല്ലാതാക്കുകയാണു കോൺഗ്രസിന്റെ ലക്ഷ്യം. കെ.എം. മാണിക്കെതിരെ എൽഡിഎഫ് നേരത്തെ നടത്തിയ പ്രക്ഷോഭം ഇപ്പോൾ പ്രസക്തമല്ല. രാഷ്ട്രീയത്തിൽ ശത്രുക്കളില്ല. വിരുദ്ധ നിലപാടുകളാണുള്ളത്. കേരള കോൺഗ്രസിന്റെ (എം) നിലപാട് ഇടത് അനുകൂലമായാൽ പുതിയ സാഹചര്യമുണ്ടാകും. അതിനോട് ഇടതു മുന്നണിക്കും അനുകൂല സമീപനമായിരിക്കും വിജയരാഘവൻ പറഞ്ഞു.

അതിനിടെ ചിഹ്നമല്ല, ജനപിന്തുണയാണു പ്രധാനമെന്നും കേരള കോൺഗ്രസ് കുതിര, ആന, സൈക്കിൾ തുടങ്ങി പല ചിഹ്നങ്ങളിലും മത്സരിച്ചു ജയിച്ചിട്ടുണ്ടെന്നും പി.ജെ.ജോസഫ് എംഎൽഎ പറയുന്നു. കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും വോട്ട് വേണ്ടെന്നു പറയില്ലെന്നും ബിജെപി വോട്ട് തരാമെന്നു പറഞ്ഞാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടില ചിഹ്നം സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അതിന്റെ ഫലം വന്ന ശേഷമേ കുട്ടനാട്ടിലെ ചിഹ്നത്തെ കുറിച്ചു ചിന്തിക്കുകയുള്ളെന്നും ജോസഫ് പറഞ്ഞു.

ജോസഫ് കോടതിയിലേക്ക്

ജോസ് കെ. മാണി എംപി നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് കേരള കോൺഗ്രസ് (എം) എന്നും 'രണ്ടില' ചിഹ്നം അവർക്ക് അവകാശപ്പെട്ടതാണെന്നുമുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവു ചോദ്യം ചെയ്ത് പി.ജെ. ജോസഫ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ഓഗസ്റ്റ് 30ലെ കമ്മിഷൻ ഉത്തരവു നിയമപരമല്ലെന്നും അപാകതകളുണ്ടെന്നും കാണിച്ചാണ് ഹർജി. പാർട്ടി ഭരണഘടനയനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വർക്കിങ് ചെയർമാൻ താനാണെന്നും ബോധിപ്പിച്ചു.

2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ ചെയർമാനായി തിരഞ്ഞെടുത്തതായി ജോസ് കെ. മാണി അവകാശപ്പെടുന്നതു ശരിയല്ലെന്ന് ഹർജിയിൽ പറയുന്നു. യോഗത്തിനും തിരഞ്ഞെടുപ്പിനും സാധുതയില്ലെന്നുള്ള സിവിൽ കോടതിയുടെ ഉത്തരവു നിലവിലുണ്ട്. ചെയർമാനായി പ്രവർത്തിക്കുന്നതിൽ നിന്നു ജോസ് കെ. മാണിയെ വിലക്കിയിട്ടുണ്ട്. ഈ ഉത്തരവ് അവഗണിക്കാനോ മറികടക്കാനോ തിരഞ്ഞെടുപ്പു കമ്മിഷനു സാധ്യമല്ല.

അപ്രസക്തവും അപാകതയുള്ളതുമായ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷ പരിശോധന നടത്തിയത്. ഇരുകൂട്ടരും നൽകിയ പട്ടികയിൽ പൊതുവായുള്ള 305 അംഗങ്ങളെ കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ ഭൂരിപക്ഷ പരിശോധന നടത്തിയതു ശരിയല്ലെന്നും കമ്മിഷൻ ഉത്തരവു റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.