കൊച്ചി: വളരും തോറും പിളരും പിളരും തോറും വളരും പിളർപ്പുകൾ കേരള കോൺഗ്രസിൽ തുടർക്കഥയായപ്പോൾ മാണി നടത്തിയ വിഖ്യാതമായ ഈ പരാമർശം രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി. ഉത്തരേന്ത്യൻ രാഷ്ട്രിയത്തിൽ സുപരിചിതമായ ആയാ റാംഗയാറാം എന്ന പ്രയോഗം പോലെ. ഇതു തന്നെയാണ് മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസിനുണ്ടായ പിളർപ്പിലും സംഭവിക്കുന്നത്. യുഡിഎഫിലും ഇടതിലും കേരളാ കോൺഗ്രസുകളുണ്ട്. രണ്ട് പാർട്ടിക്കും മത്സരിക്കാൻ സീറ്റുകൾ വാരിക്കോരി കൊടുക്കുകയാണ് യുഡിഎഫും എൽഡിഎഫും.

കോട്ടയത്ത് ജില്ലാ പഞ്ചായത്തിൽ കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗത്തിന് കോൺഗ്രസ് നൽകിയത് 9 സീറ്റുകളാണ്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗിന് സീറ്റ് പോലും നൽകിയില്ല. കോട്ടയത്ത് ഇടതു പക്ഷം ജോസ് കെ മാണി വിഭാഗത്തിന് പത്തിൽ കൂടുതൽ സീറ്റ് നൽകും. അതായത് മൊത്തം രണ്ട് മുന്നണിയിലുമായി കോട്ടയം ജില്ലാ പഞ്ചായത്തിൽ മാത്രം 18 ലേറെ പേർ മത്സരിക്കും. ഇതിൽ മിക്ക സീറ്റിലും പരസ്പര മത്സരമായിരിക്കും. അതുകൊണ്ട് തന്നെ ഒൻപതിൽ കുറയാതെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ കേരളാ കോൺഗ്രസിന്റേതായി കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടാകും. അങ്ങനെ പിളർപ്പിലൂടെ കേരളാ കോൺഗ്രസ് സാന്നിധ്യം ജില്ലാ പഞ്ചായത്തിൽ കൂടുകയാണ്.

കോട്ടയെത്ത മിക്ക പഞ്ചായത്തിലും ഇതു തന്നെയാകും അവസ്ഥ. ജോസ് കെ മാണിയാണോ ജോസഫാണ് കൂടുതൽ സീറ്റ് നേടുകയെന്നത് മാത്രമാണ് ഇനി പ്രധാനം. രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ജോസ് കെ മാണിക്ക് അനുവദിച്ചിരുന്നു. എന്നാൽ ഇതിനെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതുകൊണ്ട് തന്നെ രണ്ടില ചിഹ്നം ആർക്കെങ്കിലും ഇത്തവണ മത്സരിക്കാൻ കിട്ടുമോ എന്ന ചോദ്യവും നിർണ്ണായകമാകും. ഏതായാലും കേരളാ കോൺഗ്രസിന് മൊത്തത്തിൽ കോട്ടയത്ത് അംഗബലം കൂടും.

ഇടതുപക്ഷത്ത് എത്തിയ കേരളാ കോൺഗ്രസ് ജോസ് കെ മാണിക്ക് എല്ലാ ജില്ലയിലും സീറ്റ് കൊടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് അടക്കം പ്രാതിനിധ്യം കിട്ടി. എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൊച്ചി നഗരസഭയിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എൽഡിഎഫ് മതിയായ പരിഗണന കേരളാ കോൺഗ്രസിന് കൊടുത്തു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.അനിൽകുമാറിനെയാണ് കൊച്ചിയിൽ സിപിഎം മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന് രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഗരസഭയിലെ മൂന്നു ഡിവിഷനുകളും ലഭിച്ചു.

കൊച്ചി കോർപറേഷനിൽ 74 ഡിവിഷനുകളിൽ 56ലും സിപിഎം മത്സരിക്കും. സിപിഐയ്ക്ക് 8 സീറ്റ്. കേരള കോൺഗ്രസിന് 3 സീറ്റ് കിട്ടിയപ്പോൾ എൻസിപിയുടെ വിഹിതം മൂന്നിൽ നിന്ന് രണ്ടായി. ജെഡിഎസിനും 2 സീറ്റ് നൽകി. ഐഎൻഎൽ, സിപിഎംഎൽ റെഡ് ഫ്‌ളാഗ്, കോൺഗ്രസ് എസ് എന്നീ പാർട്ടികൾ ഓരോ സീറ്റിൽ മത്സരിക്കും. മേയർ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.അനിൽകുമാർ എളമക്കര നോർത്തിൽ മത്സരിക്കും.

ജില്ലാ പഞ്ചായത്തിൽ 17 സീറ്റിൽ സിപിഎമ്മും അഞ്ചിടത്ത് സിപിഐയും മത്സരിക്കുന്നു. യുഡിഎഫിലായിരിക്കെ മത്സരിച്ച കോടനാട്, വാരപ്പെട്ടി സീറ്റുകൾ കേരള കോൺഗ്രസിന് വിട്ട് നൽകി. ജില്ലാ കമ്മിറ്റി അംഗം എം.ബി.സ്യമന്തഭദ്രൻ കോട്ടുവള്ളി ഡിവിഷനിൽനിന്നും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി കടുങ്ങല്ലൂരിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. അങ്ങനെ എറണാകുളത്തും സജീവമാകുകയാണ് ജോസ് കെ മാണി.

സ്ഥാനാർത്ഥിയെ നിശ്ചയിച്ചു ചുവരെഴുത്ത് തുടങ്ങിയ തിരുവനന്തപുരം കോർപറേഷനിലെ കാലടി ഡിവിഷൻ, ജോസ് കെ.മാണി വിഭാഗത്തിനു നൽകിയതും സിപിഎമ്മിന്റെ നിർണ്ണായക തീരുമാനമായി. എല്ലാ ജില്ലയിലും അർഹിക്കുന്ന പരിഗണന ജോസ് കെ മാണിക്ക് കൊടുക്കാനാണ് ഇത്.