- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ മാണിക്ക് ആശ്വാസം; പിജെ ജോസഫിന് നേട്ടവും; മധ്യ തിരുവിതാംകൂറിൽ ഇടതും വലതും കേരളാ കോൺഗ്രസിന് നൽകിയത് മുന്തിയ പരിഗണന; വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന മാണിയുടെ കേരളാ കോൺഗ്രസ് തത്വം വീണ്ടും ജയിക്കുമ്പോൾ
തിരുവനന്തപുരം: ജോസ് കെ മാണിയുമായി പ്രശ്‌നമുണ്ടാക്കി കേരളാ കോൺഗ്രസിൽ പിളർപ്പുണ്ടാക്കിയത് പിജെ ജോസഫിനും നേട്ടമാകുന്നു. ഇടതു മുന്നണിയിൽ അർഹിക്കുന്ന പരിഗണന ജോസ് കെ മാണിക്ക് കിട്ടി. യുഡിഎഫും പിജെ ജോസഫിനെ നിരാശനാക്കിയില്ല. വാരിക്കോരി കൊടുത്തു. അങ്ങനെ പിജെയ്ക്കും നേട്ടം മാത്രം. അങ്ങനെ വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുകയാണ് കേരളാ കോൺഗ്രസ്.
മധ്യതിരുവിതാംകൂറിൽ എൽ.ഡി.എഫ്., യു.ഡി.എഫ് മുന്നണികൾ ഇരുകൂട്ടർക്കും മെച്ചപ്പെട്ട പരിഗണന നൽകി. കോട്ടയം ജില്ലയിൽ സിപിഐ.യെക്കാൾ പരിഗണന ഇടതുമുന്നണിയിൽ നേടാൻ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് കഴിഞ്ഞു. സംയുക്ത പാർട്ടിയായിരുന്നപ്പോൽ യു.ഡി.എഫിൽനിന്ന് ലഭിച്ച സീറ്റുകൾ ഇല്ലെങ്കിലും ജോസഫ് ഗ്രൂപ്പിനും നേട്ടങ്ങളേ ഉള്ളൂ. കെ എം മാണിയുടെ പാർട്ടിയിൽ ലയിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ കൂടുതൽ വിഹിതം പിജെ ജോസഫിനും കിട്ടി.
കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഎമ്മും കേരള കോൺഗ്രസ് ജോസ് വിഭാഗവും ഒമ്പത് സീറ്റുകളിൽ വീതം മത്സരിക്കും. സിപിഐക്ക് നാല് സീറ്റ്. യു.ഡി.എഫിൽ ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്നതും ഒമ്പത് സീറ്റിൽ. കോൺഗ്രസ് 13 സീറ്റിൽ മത്സരിക്കുന്നു. പാലായിൽ ഭൂരിപക്ഷം സീറ്റുകളിലും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് മത്സരിക്കാൻ സിപിഎം. വിട്ടുനൽകി. 17 സീറ്റ് ജോസ് വിഭാഗത്തിനും സിപിഎമ്മിന് ആറും സിപിഐക്ക് രണ്ടും സീറ്റെന്ന ഫോർമുലയാണ് സിപിഎം. മുന്നോട്ടുവെച്ചത്. ഇത് സിപിഐ അംഗീകരിച്ചിട്ടില്ല.
കോട്ടയത്തെ മറ്റ് നഗരസഭകളിൽ ഈ മേൽകൈ ജോസ് വിഭാഗത്തിനില്ല. കോട്ടയം നഗരസഭയിൽ സിപിഎം.- 33, സിപിഐ.- എട്ട്, ജോസ് വിഭാഗം- ഏഴ് എന്നിങ്ങനെയാണ് ചർച്ച പുരോഗമിക്കുന്നത്. ഏറ്റുമാനൂരിൽ സിപിഎം.- 20, ജോസ് വിഭാഗം- എട്ട്, സിപിഐ.- ആറ്് എന്ന ധാരണ. വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിൽ ജോസ് വിഭാഗത്തിന് ഒരോ സീറ്റേ ലഭിക്കാനിടയുള്ളൂ. ഭൂരിഭാഗം സീറ്റുകളും സിപിഎമ്മും സിപിഐയും തന്നെ പങ്കിട്ടെടുക്കും. ചങ്ങനാശ്ശേരിയിൽ സിപിഎം. 16-ഉം ജോസ് വിഭാഗം നാല് സീറ്റിലും മത്സരിക്കും. യു.ഡി.എഫിൽ കോൺഗ്രസ് 13-ഉം ജോസഫ് ഗ്രൂപ്പ് എട്ടും സീറ്റിൽ മത്സരിക്കും.
ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ സിപിഎം. 15 സീറ്റിലും ജോസ് വിഭാഗം ഒരു സീറ്റിലും മത്സരിക്കും. സിപിഐക്ക് അഞ്ച് സീറ്റുണ്ട്. യു.ഡി.എഫിൽ ജോസഫ് ഗ്രൂപ്പ് രണ്ട് സീറ്റിനായി പിടിമുറുക്കി. ചെങ്ങന്നൂരിൽ ജോസ് വിഭാഗത്തിന് മൂന്ന് സീറ്റ് ലഭിച്ചു. അവിടെയും സിപിഐക്ക് അഞ്ച് സീറ്റ് നൽകാൻ സിപിഎം. ശ്രദ്ധിച്ചു. എറണാകുളം ജില്ലാ പഞ്ചായത്തിൽ സിപിഎം.- 17, സിപിഐ.- അഞ്ച്, ജോസ് വിഭാഗം- 2 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. യു.ഡി.എഫിൽ 21 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ജോസഫ് വിഭാഗത്തിന് രണ്ട് സീറ്റ്. കഴിഞ്ഞ പ്രാവശ്യം സംയുക്ത പാർട്ടിയായിരുന്നപ്പോൾ രണ്ട് സീറ്റാണ് കേരള കോൺഗ്രസിന് ലഭിച്ചത്.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ സിപിഎം.- 10, സിപിഐ.- മൂന്ന്, ജോസ് വിഭാഗം- രണ്ട് എന്നിങ്ങനെയാണ് എൽ.ഡി.എഫിലെ സീറ്റ് വിഭജനം. യു.ഡി.എഫിൽ കോൺഗ്രസ്- 14, ജോസഫ് ഗ്രൂപ്പ്- രണ്ട് എന്നിങ്ങനെയും മത്സരിക്കുന്നു. ഇടുക്കി ജില്ലാ പഞ്ചായത്തിൽ സിപിഎം.- ഏഴ്, സിപിഐ.- അഞ്ച്, ജോസ് വിഭാഗം- നാല് സീറ്റുകളിൽ മത്സരിക്കുന്നു. യു.ഡി.എഫിൽ കോൺഗ്രസ് 11-ഉം ജോസഫ് ഗ്രൂപ്പ് അഞ്ചും സീറ്റുകളിൽ മത്സരിക്കും. മുന്നണി ഏതായാലും കേരള കോൺഗ്രസുകൾക്ക് മെച്ചപ്പെട്ട പരിഗണന തന്നെയാണ് ഇരു മുന്നണികളിലും ലഭിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ