- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസഫിനും ചെണ്ടയ്ക്കും ഇടക്കാലാശ്വാസം; പാർട്ടി കത്തിന്റെ അടിസ്ഥാനത്തിൽ ചെണ്ട അടയാളത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ജോസഫ് വിഭാഗത്തിനോട് അഫിലിയേറ്റ് ചെയ്തവരായി പരിഗണിക്കണമെന്ന ഹൈക്കോടതി വിധി ആശ്വാസമാകുന്നത് യുഡിഎഫിന്; ജയിച്ചാലും ഇനി യുഡിഎഫിലുള്ള കേരളാ കോൺഗ്രസുകാർക്ക് ജോസ് കെ മാണിക്കൊപ്പം ചായാനാകില്ല
കൊച്ചി: ഒടുവിൽ പിജെ ജോസഫിനും യുഡിഎഫിനും ആശ്വാസം. ഔദ്യോഗികമായി പാർട്ടിയായില്ലെങ്കിലും പാർട്ടിയുടെ പരിഗണന തദ്ദേശ തെരഞ്ഞെടുപ്പിൽ പിജെ ജോസഫിന്റെ പാർട്ടിക്കും കിട്ടും. രണ്ടില ജോസ് കെ മാണിക്ക് കിട്ടിയപ്പോൾ ജോസഫിന് കിട്ടിയത് സ്വതന്ത്ര ചിഹ്നമായ ചെണ്ടയായിരുന്നു. ഈ ചിഹ്നത്തിൽ മത്സരിക്കുന്നവരെ സ്വതന്ത്രരായി പരിഗണിക്കാനേ കഴിയുമായിരുന്നുള്ളൂ. അങ്ങനെ വന്നാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് ജയിച്ചാലും മറ്റ് മുന്നണികളിലേക്ക് കൂറുമാറാം.
തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പി. ജെ. ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികളെ ആ ഗ്രൂപ്പിന്റെ പേരിൽ ചെണ്ട ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിക്കണമെന്നു ഹൈക്കോടതി വിധിയോടെ ഈ പ്രശ്‌നമാണ് തീരുന്നത്. ഗ്രൂപ്പ് നേതൃത്വത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ചെണ്ട ചിഹ്നം കിട്ടിയവരെ കേരള കോൺഗ്രസ് എം ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികളായി പരിഗണിക്കാനാണു നിർദ്ദേശം. ഇതോടെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ സ്വതന്ത്രർ എന്നു വിശേഷിപ്പിക്കുന്നത് ഒഴിവാകും. ഫലത്തിൽ വിജയിച്ച ശേഷം കൂറുമാറുന്നവർക്ക് അയോഗ്യത വരുമെന്നും ഉറപ്പായി. ഇത് യുഡിഎഫിനും തലവേദന ഒഴിയും.
പി.ജെ. ജോസഫും ജോസഫ് ഗ്രൂപ്പിലെ പി.സി. കുര്യാക്കോസും സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഇടക്കാല ഉത്തരവ്. ജോസഫോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരോ നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ചെണ്ട ചിഹ്നം ലഭിച്ചവരെ കമ്മിഷന്റെ വെബ്സൈറ്റിൽ 'സ്വതന്ത്രർ' എന്നു രേഖപ്പെടുത്തിയതു ചോദ്യം ചെയ്താണു ഹർജി. കൂറുമാറ്റത്തിന്റെ സാധ്യതകൾ സജീവാക്കുന്നതാണ് ഈ സ്വതന്ത്രർ എന്ന രേഖപ്പെടുത്തൽ. ജയിച്ച ശേഷം ഇവർ ഇടതു പക്ഷത്തേക്ക് കൂറുമാറാനും സാധ്യത ഏറെയായിരുന്നു. ഇതിന്റെ ആശങ്കകൾ കോൺഗ്രസിനുമുണ്ടായി. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് പോയത്.
യുഡിഎഫ് മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികളെ സ്വതന്ത്രരായി കണക്കാക്കിയാൽ മുന്നണിയിലേക്കു ചേക്കേറിയെന്ന കാരണത്താൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അയോഗ്യതയ്ക്കു സാധ്യതയുണ്ടെന്നു ഹർജിക്കാർ വാദിച്ചു. ജോസഫ് ഗ്രൂപ്പിനു ചെണ്ട ചിഹ്നം അനുവദിച്ച നവംബർ 11ലെ കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു. കേസ് 11നു വീണ്ടും പരിഗണിക്കും. അന്ന് അന്തിമ തീരുമാനം ഉണ്ടാകും. എങ്കിലും ജോസഫിന് അനുകൂലമായി വിധി വരുമെന്നാണ് വിലയിരുത്തൽ. ചെണ്ടയുമായി കോട്ടയം പിടിക്കാനാണ് ജോസഫിന്റെ നീക്കം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന്റെ എല്ലാ സ്ഥാനാർത്ഥികളെയും സ്വതന്ത്രരായി കണക്കാക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരേയാണ് ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്. ചെണ്ട ഔദ്യോഗിക ചിഹ്നമായി കണക്കാക്കിയില്ലെങ്കിൽ യു.ഡി.എഫ്. ഘടകക്ഷിയായ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ജയിച്ചാലും പിന്നീട് അയോഗ്യരാവാനിടയാകും എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിലെ ചുമതലപ്പെട്ടവർ നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ചെണ്ട അടയാളത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗത്തിനോട് അഫിലിയേറ്റ് ചെയ്തവരായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും റിട്ടേണിങ് പ്രിസൈഡിങ് ഓഫിസർമാരും ഇതിനനുസൃതമായി നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
രണ്ടില ചിഹ്നം ജോസ് കെ. മാണി ഗ്രൂപ്പിന് അനുവദിച്ച തെരഞ്ഞെടുപ് കമീഷൻ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നിലവിലുള്ളതായി ജോസഫിന്റെ ഹരജിയിൽ പറയുന്നു. ഇതിനിടെ രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനമുണ്ടായി. ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നമായി അനുവദിച്ചു. പാർട്ടി നേതാവെന്ന നിലയിൽ ജോസഫോ ചുമതലപ്പെടുത്തുന്നവരോ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ചത്.
എന്നാൽ, വെബ്‌സൈറ്റിൽ സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തിലാണ് 'ചെണ്ട'യുടെ സ്ഥാനം. ഔദ്യോഗിക പാർട്ടി കത്തിന്റെ അടിസ്ഥാനത്തിൽ ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ ബന്ധവും സ്വതന്ത്രർ എന്നാണുള്ളത്. ഇത് റദ്ദാക്കണമെന്നും പാർട്ടി ബന്ധം രേഖപ്പെടുത്താൻ നിർദേശിക്കണമെന്നുമടക്കം ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്. ഹരജി തീർപ്പാകും വരെ പാർട്ടി സ്ഥാനാർത്ഥികളായി ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്നവരെ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം പാർട്ടിക്കാരായി രേഖപ്പെടുത്താൻ നിർദേശിക്കണമെന്ന ഇടക്കാല ആവശ്യമാണ് കോടതി അനുവദിച്ചത്.
മറുനാടന് മലയാളി ബ്യൂറോ