- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ മാണിയെ ഓടിച്ചു വിട്ട് സ്വന്തമാക്കിയ സീറ്റുകൾ ജോസഫ് കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് കോൺഗ്രസ്; സീറ്റ് മോഹത്താൽ ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവർക്ക് സീറ്റ് നൽകാനാവാതെ ജോസഫ്; സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോസിനൊപ്പം ചേരാൻ കൂട്ടയടി; മാണി സി കാപ്പനും ജോസഫിനെ കൈവിടുമ്പോൾ
കോട്ടയം: ജോസ് കെ മാണിയെ ഓടിച്ചു വിട്ട് സ്വന്തമാക്കിയ സീറ്റുകൾ ജോസഫ് കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് കോൺഗ്രസ്; സീറ്റ് മോഹത്താൽ ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവർക്ക് സീറ്റ് നൽകാനാവാതെ ജോസഫ്; സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോസിനൊപ്പം ചേരാൻ കൂട്ടയടി. മലബാറിലെ സീറ്റുകളും കേരളാ കോൺഗ്രസിന നൽകാനിടയില്ല. ഇവിടെ കോൺഗ്രസിന് മികച്ച ജയസാധ്യതയുണ്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഇതോടെ യുഡിഎഫിൽ കേരളാ കോൺഗ്രസ് വമ്പൻ പ്രതിസന്ധിയെ നേരിടുമെന്ന് ഉറപ്പായി.
കോട്ടയത്തെ ഒരു സീറ്റൊഴികെ എല്ലാം ഏറ്റെടുക്കണമെന്ന കോൺഗ്രസ് ജില്ലാനേതൃത്വത്തിന്റെ ആവശ്യം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു പ്രതിസന്ധിയുണ്ടാക്കും. കടുത്തുരുത്തിയൊഴികെ എല്ലാ സീറ്റുകളിലും കോൺഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന് ഡി.സി.സി. കത്ത് നൽകി. ഇത് ജോസഫിനെ വെട്ടിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. കോട്ടയത്ത് ജോസഫും കോൺഗ്രസും വലിയ അടിയിലേക്ക് പോകുമെന്നാണഅ സൂചന. കോട്ടയത്ത് ജോസഫിന്റെ പാർട്ടിക്ക് തീരെ കരുത്തില്ലെന്നാ് കോൺഗ്രസ് നിലപാട്.
ജോസ് കെ മാണിക്ക് ഇടതു പക്ഷം വലിയ പ്രാധാന്യം നൽകുന്നു. പാലാ എൻസിപിയുടെ സിറ്റിങ് സീറ്റാണ്. അതു പോലും ജോസ് കെ മാണിക്ക് മത്സരിക്കാൻ ഉറപ്പാക്കി കഴിഞ്ഞു സിപിഎം. അങ്ങനെ വന്നാൽ മാണി സി കാപ്പനെ യുഡിഎഫിൽ എത്തിക്കുമെന്ന് പിജെ ജോസഫ് വീമ്പു പറഞ്ഞിരുന്നു. എന്നാൽ പാലാ ജോസ് കെ മാണിക്ക് കൊടുത്ത് ഇടതുപക്ഷത്ത് ഉറച്ചു നിൽക്കാനാണ് മാണി സി കാപ്പന്റെ തീരുമാനം. ഇതും ജോസഫിന് തിരിച്ചടിയായി. ഇതോടെ വിലപേശലിനുള്ള ആയുധവും ഇല്ലാതാകുകയാണ്.
കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച ആറു സീറ്റുകളും വേണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. മൂന്നെണ്ണമെങ്കിലും കിട്ടാമെന്നും കരുതി. മോൻസ് ജോസഫിന്റെ കടുത്തുരുത്തി, പരേതനായ സി.എഫ്. തോമസ് വിജയിച്ച ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവയാണ് കേരളാ കോൺഗ്രസിന്റെ സീറ്റുകൾ. ഇതിൽ കടുത്തുരുത്തിക്ക് മാത്രമേ ജോസഫിന് അർഹതയുള്ളൂവെന്നാണ് കോട്ടയം ഡിസിസിയുടെ നിലപാട്. ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവ തിരികെ വേണം, ഇതിനൊപ്പം കോട്ടയം, പുതുപ്പള്ളി, വൈക്കം എന്നിവയിലും മത്സരിക്കണം. അതായത് ജോസഫിനൊപ്പമുള്ള എംഎൽഎമാർക്ക് മാത്രം സീറ്റ് കൊടുത്താൽ മതിയെന്നാണ് കോൺഗ്രസിലെ കോട്ടയം നേതാക്കളുടെ നിലപാട്.
കോട്ടയത്ത് കഴിഞ്ഞ തവണ കെഎം മാണിയുടെ കേരളാ കോൺഗ്രസ് മത്സരിച്ച സീറ്റുകളിൽ കോൺഗ്രസിന് വിജയ സാധ്യത കൂടുതലാണെന്നും വിലയിരുത്തുന്നു. ജോസഫിനൊപ്പം നേതാക്കളുടെ വലിയൊരു നിരയാണുള്ളത്. ഇവർക്കെല്ലാം സീറ്റ് കണ്ടെത്തുക പ്രധാനമാണ്. ജോയി ഏബ്രഹാം, ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശ്ശേരി, പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർക്കുള്ള സീറ്റാണ് കണ്ടെത്തേണ്ടത്. കോൺഗ്രസിന്റെ കടുംപിടിത്തം ഈ നേതാക്കളെ വെട്ടിലാക്കുന്നു. ഇവരിൽ പലരും ജോസ് കെ മാണിക്കൊപ്പം മാറാനും സാധ്യതയുണ്ട്.
കേരളാ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളെല്ലാം കിട്ടുകയെന്നതാണ് പാർട്ടിയുടെ ആവശ്യമെന്ന് നേതാക്കൾ പ്രതികരിച്ചു. മുന്നണി എന്ന നിലയിൽ ധാരണകളോടെ തങ്ങളുടെ ആവശ്യം നടപ്പാക്കുകയാണുലക്ഷ്യം. ജോസ് വിഭാഗത്തിന് ഇടതുമുന്നണിയിൽ കിട്ടുന്നത്ര സീറ്റുകളെങ്കിലും ജോസഫ് വിഭാഗത്തിന് യു.ഡി.എഫിൽ ഉറപ്പാക്കേണ്ടതുണ്ടെന്ന് ജോസഫ് പറയുന്നു. എന്നാൽ തദ്ദേശത്തിലെ ഫലം വിശകലനം ചെയ്താൽ ജോസ് കെ മാണിയുടെ പാർട്ടിക്കുള്ള ശക്തി കോട്ടയത്തും മലബാറിലും കേരളാ കോൺഗ്രസിനില്ല. ഈ സാഹചര്യത്തിൽ ഈ സീറ്റുകൾ നൽകാൻ കഴിയില്ല. കോൺഗ്രസ് പരമാവധി സീറ്റുകളിൽ മത്സരിച്ച് കഴിയുന്നത്ര എംഎൽഎമാരെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ജോസഫിന്റെ ആവശ്യങ്ങൾ അംഗീകരിക്കില്ല.
പാലായിലും പൂഞ്ഞാറിലും പിജെ ജോസഫിന്റെ സ്ഥാനാർത്ഥികൾ ക്ലച്ച് പിടിക്കില്ല. ജോസ് കെ മാണി ഇടതുപക്ഷത്തായതിനാൽ കോൺഗ്രസ് നല്ല സ്ഥാനാർത്ഥികളെ നിർത്തുന്നതാണ് ഏറ്റുമാനൂരിനും ചങ്ങനാശ്ശേരിക്കും ഗുണകരമെന്നും കോൺഗ്രസിൽ വിലയിരുത്തലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ