കൊച്ചി: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനു തന്നെ അനുവദിച്ചു ഹൈക്കോടതി ഡിവിഷന് ബെഞ്ച്. ജോസ് വിഭാഗത്തിന് അനുകൂലമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. ഇതിനെതിരെ പി.ജെ. ജോസഫ് വിഭാഗത്തിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരള കോൺഗ്രസ് എം എന്ന പാർട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു. പാർട്ടിക്ക് വലിയ കരുത്ത് നൽകുന്നതാണ് കോടതി വിധിയെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിംഗിൾ ബെഞ്ച് ജോസ് കെ. മാണിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിനെ തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗം രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇപ്പോൾ ജോസ് കെ. മാണിക്ക് അനുകൂലമായ ഡിവിഷൻ ബെഞ്ച് വിധിയും ഉണ്ടായിരിക്കുന്നത്.

ചിഹ്നം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ പാർട്ടിയുടെ ചെയർമാനായി ജോസ് കെ മാണിയെ തെരെഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നു. ചെയർമാനായി ജോസ് കെ മാണിയേയും, മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എൽഡിഎഫിൽ എത്തിയ ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. ഈ നിലപാട് തന്നെയാണ് ഹൈക്കോടതിയും ഇപ്പോൾ സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ പിജെ ജോസഫ് വിഭാഗത്തിന് തിരിച്ചടിയാകുന്ന സാഹചര്യമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

അതേസമയം നുണകളിലൂടെ നേട്ടമുണ്ടാക്കാനുള്ള അവസാനശ്രമവും തടയപ്പെട്ടവെന്ന് ജോസ് കെ.മാണി. രണ്ടില ചിഹ്നം അനുവദിച്ച കോടതി ഉത്തരവിന് ശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ഒരു കാരണവും പറയാതെയാണ് യുഡിഎഫിൽ നിന്ന് പുറത്താക്കിയത്. ജനങ്ങൾക്ക് എല്ലാം മനസിലായെന്നും ജോസ് കെ. മാണി പറഞ്ഞു.

അതേസമയം രണ്ടില ചിഹ്നം നഷ്ടമായതോടെ പി ജെ ജോസഫ് വിഭാഗത്തിന് കേരളത്തിലുള്ള വിലപേശൽ ശേഷി കുറയുമെന്നത് ഉറപ്പാണ്. 13 സീറ്റുകൾ വേണമെന്ന് പി ജോസഫ് മുന്നണിയിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്രയും സീറ്റുകൾ നൽകാൻ സാധിക്കില്ലെന്നാണ് മുന്നണി നേതൃത്വം അറിയിച്ചിരിക്കുന്നത്.