- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏറ്റുമാനൂരും കടുത്തുരുത്തിയും ചങ്ങനാശേരിയും ജോസഫിന്; ഇരിങ്ങാലക്കുടയും കോതമംഗലവും കൊടുക്കും; തൊടുപുഴയും ഇടുക്കിയും കുട്ടനാടും ഉറപ്പിക്കാം; മൂവാറ്റുപുഴയിലെ അവകാശവാദങ്ങൾ അംഗീക്കില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസിന് കിട്ടുക ഒൻപത് സീറ്റ് മാത്രം; മാണിയുടെ പാർട്ടിയെ പിളർത്തിയ ജോസഫിനെ കോൺഗ്രസ് സെറ്റിൽ ചെയ്യുന്നത് ഇങ്ങനെ
കൊച്ചി: പഴയ കേരളാ കോൺഗ്രസ് പിജെ ജോസഫ്, പിന്നെ കേരളാ കോൺഗ്രസ് മാണിയെ പിളർത്തിയവർ, പോരാത്തതിന് ഇടതു പക്ഷത്തു നിന്നും എത്തിയ ജനാധിപത്യ കേരളാ കോൺഗ്രസ്.... കൂടാതെ ജോണി നെല്ലൂരിനെ പോലുള്ള പ്രമുഖരും. 15 സീറ്റാണ് എല്ലാവർക്കുമായി യുഡിഎഫിനോട് പിജെ ജോസഫ് ചോദിച്ചത്. തരില്ലെന്ന് പറഞ്ഞപ്പോൾ പന്ത്രണ്ടായി. അതും പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് കിട്ടണമെന്ന വാശിയും. ഒടുവിൽ ഒൻപതിൽ ജോസഫിനെ തളയ്ക്കുകയാണഅ കോൺഗ്രസ്.
ധാരണ പ്രകാരം ഏറ്റുമാനൂരും കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും കേരളാ കോൺഗ്രസിന് കോട്ടയത്തെ സീറ്റുകളായി കൊടുക്കും. പൂഞ്ഞാർ അടക്കമുള്ള മറ്റ് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കും. തൊടുപുഴയും ഇടുക്കിയും ഉറപ്പിക്കാം. പിന്നെ കോതമംഗലവും ഇരിങ്ങാലക്കുടയും. മൂവാറ്റുപുഴ വേണമെന്ന കടുംപിടിത്തം ഒരിക്കലും കോൺഗ്രസ് അനുവദിക്കില്ല. അങ്ങനെ ജോസഫിനെ പത്തിൽ താഴെ സീറ്റുകളിൽ പിടിച്ചു കെട്ടുകയാണ് കോൺഗ്രസ്. ഇടതുപക്ഷത്തുള്ള കേരളാ കോൺഗ്രസിന് പത്ത് സീറ്റ് കുറഞ്ഞത് കിട്ടും. അതായത് രണ്ട് കേരളാ കോൺഗ്രസിനുമായി 19 സ്ഥാനാർത്ഥികൾ. അങ്ങനെ കഴിഞ്ഞ തവണ 15 പേർക്ക് അവസരം കൊടുത്ത പാർട്ടി പിളരുമ്പോൾ 19 പേർക്ക് കുറഞ്ഞത് മത്സരാവസരം കിട്ടുന്നു. അങ്ങനെ പിളരും തോറും വളരുന്ന പാർട്ടിയായി കേരളാ കോൺഗ്രസ് മാറുകയാണ്.
തിരുവല്ല, കുട്ടനാട്, പേരാമ്പ്ര സീറ്റുകളും യുഡിഫിൽ നിന്ന് ജോസഫിന് കൊടുത്തേക്കും. ഇതിൽ പേരാമ്പ്ര സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായാൽ പകരം വടക്കൻ കേരളത്തിൽ എവിടെയെങ്കിലും ഒരു സീറ്റ് നൽകാനാണ് തീരുമാനം. ജോസഫ് വിഭാഗം 12 സീറ്റുകൾ വേണമെന്ന ഉറച്ച നിലപാടിലായിരുന്നു. നേരത്തെ ഏഴു സീറ്റിൽ ധാരണയായിരുന്നു. കഴിഞ്ഞതവണ കേരള കോൺഗ്രസ് ഒരുമിച്ചുനിന്നപ്പോൾ മത്സരിച്ച കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഏറ്റുമാനൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളെച്ചൊല്ലിയായിരുന്നു തർക്കം. ഈ നാലു സീറ്റിൽ മൂന്നെണ്ണം വേണമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാൽ ചങ്ങനാശേരിക്കായി കോൺഗ്രസ് ആവകാശവാദമുന്നയിച്ചു.
ചങ്ങനാശേരി വിട്ടുനൽകിയാൽ മൂവാറ്റുപുഴ പകരംവേണമെന്ന ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ സി.എഫ്. തോമസിന്റെ സിറ്റിങ് മണ്ഡലമായതിനാൽ ചങ്ങനാശേരി നൽകാനാകില്ലെന്ന് നിലപാടിൽ ജോസഫ് വിഭാഗം ഉറച്ചു നിൽക്കുകയായിരുന്നു. ഏറ്റുമാനൂർ സീറ്റും വിട്ടുനൽകാനാകില്ലെന്ന് ജോസഫ് വിഭാഗം നിലപാട് എടുത്തതോടെ ഒത്തുതീർപ്പിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ജോസഫ് വിഭാഗത്തിന് മൂന്നു സീറ്റുകൾ നൽകാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞതവണ കോട്ടയം ജില്ലയിൽ കേരളാകോൺഗ്രസ് മത്സരിച്ച പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഇത്തവണ കോൺഗ്രസ് മത്സരിക്കും.
കേരളാ കോൺഗ്രസിന് ഇടതുപക്ഷം പത്തോ അതിലധികമോ സീറ്റ് കൊടുത്തേക്കും. പതിനഞ്ച് സീറ്റാണ് ചോദിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണി സിപിഎം നൽകുന്ന സീറ്റുകൾ പ്രതിഷേധം കൂടാതെ സ്വീകരിക്കും. പാലായും റാന്നിയും പോലുള്ള ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റ് കൂടി കിട്ടുന്ന സാഹചര്യത്തിലാണ് ഇത്. സിപിഎം മത്സരിച്ചിരുന്ന പൂഞ്ഞാർ, റാന്നി, കുറ്റ്യാടി സീറ്റുകൾ കേരള കോൺഗ്രസ് എമ്മിനു വിട്ടു കൊടുക്കും. പരമാവധി 10 സീറ്റ് അവർക്കു നൽകാനാണ് സാധ്യത.
പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഇടുക്കി, തൊടുപുഴ, ഇരിക്കൂർ എന്നീ സീറ്റുകളുടെ കാര്യത്തിലും ധാരണയായി. കോട്ടയത്ത് ചങ്ങനാശേരി കൂടി കേരള കോൺഗ്രസ് ചോദിച്ചിട്ടുണ്ട്. എന്നാൽ കാഞ്ഞിരപ്പള്ളി വിട്ടു കൊടുത്തതിനാൽ ചങ്ങനാശേരി വേണമെന്നു സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തർക്കം തീർന്നിട്ടില്ല. മലബാറിൽ കുറ്റ്യാടിയിൽ സിപിഎമ്മിന് സ്വാധീനം ഏറെയാണ്. ഈ മണ്ഡലമാണ് സിപിഎം വിട്ടു കൊടുക്കുന്നത്. കെകെ ലതിക എംഎൽഎയായിരുന്ന മണ്ഡലമാണ് ഇത്. ഇവിടേയും കേരളാ കോൺഗ്രസ് എമ്മിന് ജയ സാധ്യത ഏറെ കൂടുതലാണ്. കോട്ടയത്തും ഇടുക്കിയിലും സിപിഎം നൽകിയ സീറ്റുകളിൽ എല്ലാം കേരളാ കോൺഗ്രസിന് ഉറച്ച ജയപ്രതീക്ഷയാണുള്ളത്.
ചങ്ങനാശ്ശേരിയും കേരളാ കോൺഗ്രസിന് വിട്ടു കൊടുക്കാൻ സിപിഎമ്മിന് പ്രയാസമൊന്നുമില്ല. എന്നാൽ സിപിഐയുടെ നിലപാടാണ് തടസ്സം. അവരെ പിണക്കാതെ തീരുമാനം എടുക്കും. അങ്ങനെ വന്നാൽ കേരളാ കോൺഗ്രസിന് പത്തിൽ കൂടുതൽ സീറ്റ് കിട്ടും. മധ്യ കേരളത്തിൽ കേരളാ കോൺഗ്രസ് സാന്നിധ്യം തുണയാകുമെന്ന തിരിച്ചറിവിലാണ് സിപിഎം തീരുമാനം. കെ എം മാണിയുടെ മകനായ ജോസ് കെ മാണിക്ക് സീറ്റ് ചർച്ചയിലും മറ്റും മുഖ്യമന്ത്രി പിണറായി വിജയൻ അർഹമായ പരിഗണന കിട്ടി. ഉദാര സമീപനമാണ് ഉണ്ടായതെന്ന് കേരളാ കോൺഗ്രസും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരിയിൽ വലിയ കടുംപിടിത്തത്തിന് ജോസ് കെ മാണി മുതിരില്ല.
മറുനാടന് മലയാളി ബ്യൂറോ