കോട്ടയം; റാന്നിയും പാലായും ചാലക്കുടിയും.. മൂന്നും ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റുകൾ. കുറ്റ്യാടി സിപിഎമ്മിന്റെ ഉറച്ച മണ്ഡലം. പെരുമ്പാവൂരും സിപിഎം സ്വാധീനം ശക്തം. ഈ അഞ്ചു സീറ്റുകളിലും ഇത്തവണ മത്സരിക്കുന്നത് കേരളാ കോൺഗ്രസ് ജോസ് കെ മാണിയാണ്. ഇത്രയും സാധ്യതയുള്ള സീറ്റുകൾ സിപിഎം നൽകുമെന്ന് ജോസ് കെ മാണി പോലും കരുതിയില്ല. എന്നാൽ പിണറായി വിജയൻ വാരിക്കോരി കൊടുത്തു. മധ്യകേരളത്തിൽ ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാനാണ് അത്. കോട്ടയത്ത് സിപിഐ കലിപ്പിലാണ്. ബാക്കിയുള്ളിടത്ത് സിപിഎമ്മിലെ വിമതരും. ഇതെല്ലാം കേരളാ കോ്ൺഗ്രസിന്റെ ജയത്തെ ബാധിക്കുമോ എന്ന ആശങ്ക അതിശക്തം.

പിണറായിയുടെ കണ്ണിലുണ്ണിയായി മൂന്ന് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തുവെങ്കിലും തെരഞ്ഞെടുപ്പ് ഗോധ കടക്കാൻ ജോസ് കെ മാണിക്ക് വിയർപ്പൊഴുക്കേണ്ടി വരുമെന്ന വിലയിരുത്തലാണ് സജീവം. പാലായിൽ പോലും കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. ഇവിടെ സിപിഐയുടെ നിലപാട് എന്താകുമെന്നതാകും നിർണ്ണായകം. മാണി സി കാപ്പന് സിപിഐ വീണ്ടും വോട്ടു ചെയ്താൽ ജോസ് കെ മാണി പ്രതിസന്ധിയിലാകും. തോൽപ്പിക്കുമെന്ന സിപിഐയുടെ പരസ്യ വെല്ലുവിളിയും സീറ്റ് വിട്ടു കൊടുക്കേണ്ടി വന്ന മണ്ഡലങ്ങളിൽ സിപിഎം പ്രതിഷേധവും ജോസ് കെ മാണിക്ക് പാരയാകുമെന്നാണ് വിലയിരുത്തൽ. പിണറായിയുടെ പ്രിയങ്കരനായി ജോസ് കെ മാണി മാറുമ്പോഴും കേരളാ കോൺഗ്രസിനോടുള്ള എൽഎഡിഎഫിലെ അതൃപ്തി വളരുകയാണ്.

യുഡിഎഫിൽ ശ്രേയംസ് കുമാറിന്റെ എൽജെഡി മത്സരിച്ചത് ഏഴ് സീറ്റിൽ. ഇടതുപക്ഷം കൊടുത്തത് മൂന്നും. ജനാധിപത്യ കേരളാ കോൺഗ്രസിനും വെട്ടേറ്റു. സ്‌കറിയാ തോമസിന്റെ പാർട്ടിക്ക് സീറ്റില്ല. ഇതെല്ലാം സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയാകുമ്പോൾ കേരള കോൺഗ്രസ് (എം) ഒഴിച്ച് എൽഡിഎഫിലെ ഘടകകക്ഷികൾ അതൃപ്തിയിലും അമർഷത്തിലുമായി. സ്വന്തം സീറ്റുകൾ വിട്ടുകൊടുത്ത് കേരള കോൺഗ്രസിനോടു കാട്ടിയ ഔദാര്യത്തിന്റെ പേരിൽ സിപിഎമ്മിൽ പ്രാദേശികമായ പ്രതിഷേധം അണപൊട്ടി. കുറ്റ്യാടിയിലും പെരുമ്പാവൂരിലും റാന്നിയിലും ഇത് ശക്തമാണ്. ചാലക്കുടിക്കാർക്കും പ്രതിഷേധമുണ്ട്. കോട്ടയത്തെ സിപിഐയുടെ എതിർപ്പാണ് ഇതിൽ പ്രധാനം.

13 സീറ്റിൽ മത്സരിക്കുന്നു എന്നു കരുതി കേരള കോൺഗ്രസ് (എം) ശക്തിയാണെന്നു കരുതാൻ കഴിയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നു. അവരുടെ പേരിൽ മാത്രം ക്രിസ്ത്യൻ മത ന്യൂനപക്ഷ വോട്ട് ഒഴുകി വരുമെന്നു കരുതുന്നില്ലെന്നും കാനം തുറന്നടിച്ചു. ''ക്രിസ്ത്യൻ വോട്ട് എൽഡിഎഫിനു വരും, വന്നിട്ടുണ്ട്. ഏതെങ്കിലും പാർട്ടിക്കല്ല, എൽഡിഎഫിന്റെ നടപടികളാണ് അതിനു കാരണം'' - അദ്ദേഹം പറഞ്ഞു. മത്സരിക്കുമ്പോഴല്ല, ജയിച്ചു കഴിയുമ്പോഴേ ഓരോ പാർട്ടിയും ശക്തമാണോ പ്രധാനമാണോ എന്നെല്ലാം പറയാൻ കഴിയൂ. കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് 9 സീറ്റിൽ മത്സരിച്ചിട്ട്, നാലിൽ തോറ്റില്ലേ? കൂടുതൽ സീറ്റ് കിട്ടിയാലും തോൽക്കാം. അതിനർഥം തോൽക്കണം എന്നല്ല. കേരള കോൺഗ്രസിന് എന്തിനാണു സീറ്റ് വാരിക്കോരി കൊടുത്തത് എന്ന് എൽഡിഎഫ് കൺവീനറോടാണ് ചോദിക്കേണ്ടത്-ഇതാണ് കാനത്തിന്റെ പ്രതികരണം. കോട്ടയത്ത് സിപിഐയുടെ അമർഷം വാക്കുകളിൽ കാനം ഒളിപ്പിക്കുന്നുണ്ട്.

ജയിക്കാൻ വേണ്ടിയാണ് പാർട്ടി മത്സരിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും പ്രതികരിച്ചു. ഇടത് മുന്നണിയുടെ വിജയത്തിനാണ് പ്രാധാന്യം. മത്സരിക്കുന്ന സീറ്റുകളല്ല ജയിക്കുന്ന സീറ്റുകളിലാണ് കാര്യം എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. നിയമസഭ തിരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. യുവാക്കൾക്കും പ്രാധാന്യം ഉണ്ടാകും, ജോസ് കെ. മാണി പറഞ്ഞു. എന്നാൽ ഇതെല്ലാം യാഥാർത്ഥ്യമാക്കുക അത്ര എളുപ്പമാകില്ല. കോൺഗ്രസിനൊപ്പമുള്ള പിജെ ജോസഫും ആഗ്രഹിക്കുന്നത് ജോസ് കെ മാണിയുടെ തകർച്ചയാണ്. ഈ രാഷ്ട്രീയ വെല്ലുവിളി നിസാരമല്ലെന്ന് ജോസ് കെ മാണിക്കും അറിയാം.

കേരള കോൺഗ്രസ് പുതുതായി വരികയും എൽജെഡി തിരിച്ചുവരികയും ചെയ്തതിനാൽ സീറ്റ് വിഭജനത്തിൽ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നു മുൻകൂറായി സിപിഎം പറഞ്ഞിരുന്നു. ഏതാനും സീറ്റുകൾ ത്യജിച്ചു പാർട്ടി മാതൃക കാട്ടി. 10 സീറ്റു പോലും കേരള കോൺഗ്രസിനു കൊടുക്കേണ്ട കാര്യമില്ല എന്നായിരുന്നു സിപിഐയുടെ അഭിപ്രായം. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വന്നതു ഗുണം ചെയ്തുവെങ്കിലും അതിന് പത്ത് സീറ്റ് മതിയെന്നായിരുന്നു അവരുടെ വാദം. ഇത് സിപിഎം അംഗീകരിച്ചില്ല. കേരളാ കോൺഗ്രസിന് 13 സീറ്റ് കൊടുത്തു. ജനതാദൾ(എസ്) എന്ന പാർട്ടിയും പ്രതിഷേധത്തിലാണ്. കഴിഞ്ഞ തവണത്തെ 5 സീറ്റ് നാലായി കുറഞ്ഞു. സിറ്റിങ് സീറ്റായ വടകര എൽജെഡിക്ക് കൊടുത്തതിൽ പ്രതിഷേധം പരസ്യമായ പ്രകടിപ്പിച്ചു.

ജനാധിപത്യ കേരള കോൺഗ്രസ്: 2016 ൽ 4 സീറ്റ് കിട്ടിയ പാർട്ടിക്ക് ഇക്കുറി ലഭിച്ചത് ഒന്നു മാത്രം. കേരള കോൺഗ്രസിനും ജനാധിപത്യ കേരള കോൺഗ്രസിനും ഒരേ മേഖലയിലാണ് സ്വാധീനം എന്നതിനാൽ വേറെ വഴിയില്ലെന്നു ആദ്യ ചർച്ചയിൽ തന്നെ സിപിഎം വ്യക്തമാക്കി. ഐഎൻഎൽ ഘടകകക്ഷിയായ സാഹചര്യത്തിൽ 5 സീറ്റ് ചോദിച്ചെങ്കിലും കിട്ടിയത് പഴയ 3 തന്നെ. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസിനും ഒന്നിൽ ഒതുങ്ങേണ്ടി വന്നു. ഇതിനെല്ലാം കാരണം ജോസ് കെ മാണിയുടെ പാർട്ടിയാണെന്ന പൊതുവികാരം എൽഡിഎഫിലെ സിപിഎം ഒഴികെയുള്ള കക്ഷികളിൽ ഉണ്ട്. കേരള കോൺഗ്രസ് (സ്‌കറിയാ തോമസ്): പാർട്ടി ചെയർമാനായ സ്‌കറിയ തോമസിന് കഴിഞ്ഞ തവണ കടുത്തുരുത്തി കൊടുത്തെങ്കിലും ഇക്കുറി സീറ്റില്ല. ആ സീറ്റും കേരള കോൺഗ്രസ് എമ്മിന് കൊടുക്കുകയാണ് ഉണ്ടായത്.