- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാലിടങ്ങളിൽ ജോസഫും ജോസും നേർക്കു നേർ; അങ്ങോട്ടും ഇങ്ങോട്ടും ചേരിമാറി ഇടുക്കിയിലെ ഒരേ സ്ഥാനാർത്ഥികൾ; ജോസ് കെ മാണിയെ വിട്ട് ഒപ്പം ചേർന്നവരെ ചവിട്ടി ഒതുക്കിയ ലിസ്റ്റിൽ എങ്ങും അതൃപ്തി; വഴി പിരിഞ്ഞ കേരളാ കോൺഗ്രസ് നേതാക്കളിൽ ആരായിരിക്കും ക്ലച്ച് പിടിക്കുക?
കോട്ടയം: വളരും തോറും പിളരുന്ന കേരളാ കോൺഗ്രസ്. അത് പിളരുമ്പോഴും വളരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 ഇടത്ത് മത്സരിച്ചു കേരളാ കോൺഗ്രസ്. പിളർപ്പോടെ രണ്ട് കേരളാ കോൺഗ്രസിനുമായി 23 സീറ്റുകൾ. ഇതിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി 13 ഇടത്ത് ഇടതു മുന്നണിക്കായി മത്സരിക്കും. പത്തിടത്ത് പിജെ ജോസഫിന്റെ പാർട്ടിയും. ഇതിൽ 4 മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് ജോസഫ് ജോസ് വിഭാഗങ്ങൾ പരസ്പരം പോരാടും. കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി, മണ്ഡലങ്ങളിലാണു നേർക്കുനേരങ്കം. പിറവത്തും കേരള കോൺഗ്രസ് മത്സരമുണ്ട്. അവിടെ കേരള കോൺഗ്രസ് (എം) കേരള കോൺഗ്രസ് (ജേക്കബ്) പോരാട്ടമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെഎം മാണിയും പിജെ ജോസഫും സിഎഫ് തോമസും ജയരാജനും റോഷി അഗസ്റ്റിനും മോൻസ് ജോസഫും ആയിരുന്നു കേരളാ കോൺഗ്രസിലെ വിജയികൾ. അതായത് 6 എംഎൽഎമാർ. ഇത്തവണ നാലിടത്ത് കേരളാ കോൺഗ്രസുകാർ ജയിക്കുമെന്ന് ഉറപ്പായി. നാല് മണ്ഡലങ്ങളിൽ പിളർന്നവർ തമ്മിൽ മത്സരിക്കുന്നതു കൊണ്ടാണ് ഇത്. പിജെ ജോസഫ് ഇടതുപക്ഷത്തായിരുന്നപ്പോൾ അഞ്ച് സീറ്റിലാണ് മത്സരിച്ചിരുന്നത്. യുഡിഎഫിലെത്തി മാണിയെ പിളർത്തുമ്പോൾ ജോസഫിന് പത്ത് സീറ്റിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായി. എന്നാൽ മാണിക്കൊപ്പം നിന്ന് കളംമാറി ജോസഫിനൊപ്പം എത്തിയ പ്രമുഖർക്കൊന്നും സീറ്റും കിട്ടിയില്ല.
രണ്ട് കേരളാ കോൺഗ്രസിനും ഈ പോരാട്ടം നിർണ്ണായകമാണ്. തദ്ദേശത്തിൽ ജോസ് കെ മാണി കരുത്തു കാട്ടി. എന്നാൽ പിജെ ജോസഫിന് തൊടുപുഴയിൽ പോലും തിരിച്ചടി നേരിട്ടു. എന്നിട്ടും വില പേശലിലൂടെ പത്ത് സീറ്റ് നേടിയെടുത്തു. ഇവിടെ ജയിച്ചില്ലെങ്കിൽ യുഡിഎഫിൽ ജോസഫിന് ശക്തിക്ഷയമുണ്ടാകും. യഥാർത്ഥ കേരളാ കോൺഗ്രസ് തങ്ങളാണെന്ന് തെളിയിക്കാൻ ജോസ് കെ മാണിക്കും ജയം അനിവാര്യമാണ്. ഇടതുപക്ഷം കഴിഞ്ഞ തവണ ജയിച്ച മൂന്ന് സീറ്റുകളാണ് ജോസ് കെ മാണിക്ക് വിട്ടുകൊടുത്തത്. അതുകൊണ്ട് തന്നെ പകുതിയിൽ ഏറെ സീറ്റിൽ ജോസ് കെ മാണിക്കും ജയിച്ചേ മതിയാകൂ.
ഇടുക്കിയിൽ ഇക്കുറി 2016ലെ സ്ഥാനാർത്ഥികൾ തന്നെയാണ് കളത്തിൽ. എന്നാൽ ഇരുവരും കോർട്ട് മാറി. കെ. ഫ്രാൻസിസ് ജോർജ് യുഡിഎഫിലും റോഷി അഗസ്റ്റിൻ എൽഡിഎഫിലും. 2016 ൽ നേരെ തിരിച്ചായിരുന്നു. കടുത്തുരുത്തിയിൽ മോൻസ് ജോസഫും സ്റ്റീഫൻ ജോർജും വീണ്ടും നേർക്കുനേർ. ഇരുവരും തമ്മിലുള്ള നാലാമത്തെ മത്സരമാണിത്. 2001, 2006 തിരഞ്ഞെടുപ്പിൽ മോൻസ് എൽഡിഎഫിലും സ്റ്റീഫൻ യുഡിഎഫിലും സ്ഥാനാർത്ഥികളായി. 2011ൽ മോൻസ് യുഡിഎഫിലും സ്റ്റീഫൻ എൽഡിഎഫിലും. ഇടുക്കിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീന ശക്തിയായ ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണ ഇല്ല. എൻഡിഎയും നിർണായകമാണ്. ബിഡിജെഎസിനാണ് സീറ്റ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ റോഷി ഒരാഴ്ച മുൻപേ ഇടുക്കി മണ്ഡലത്തിൽ പ്രചാരണം തുടങ്ങി.ജന്മംകൊണ്ടു പാലാക്കാരനാണെങ്കിലും റോഷി ഇപ്പോൾ ഇടുക്കിയുടെ സ്വന്തക്കാരനാണ്. അഞ്ചാമങ്കത്തിന് ഇറങ്ങുമ്പോൾ അക്കമിട്ടു നിരത്തുന്നത് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ്. ഇടുക്കി മെഡിക്കൽ കോളജ് വികസനവും പട്ടയം നൽകിയതും വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും റോഷി വിവരിക്കുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാവും മന്ത്രിയുമായിരുന്ന കെ.എം. ജോർജിന്റെ മകനായ ഫ്രാൻസിസ് ജോർജ് രാഷ്ട്രീയക്കാർക്കിടയിലെ ജെന്റിൽമാൻ ആണ്. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ ലക്ഷ്യമിട്ട പ്രചാരണത്തിലൂടെ മണ്ഡലം പിടിച്ചടക്കാനൊരുങ്ങുകയാണ് ഈ മുൻ ബാങ്കുദ്യോഗസ്ഥൻ.
കൂടെ നിന്നവരെ ചേർത്തു പിടിച്ചും വിരുന്നു വന്നവരെ പുറത്തിരുത്തിയും കേരള കോൺഗ്രസ് (ജോസഫ്) പത്തംഗ സ്ഥാനാർത്ഥിപ്പട്ടിക. അവസാനം നേടിയെടുത്ത തൃക്കരിപ്പൂർ സീറ്റിൽ കെ.എം. മാണിയുടെ മരുമകൻ എംപി. ജോസഫിനെ സ്ഥാനാർത്ഥിയാക്കി പി.ജെ. ജോസഫ് എതിർ ക്യാംപിനെ ഞെട്ടിച്ചു. പാർട്ടി പിളർന്നപ്പോൾ ജോസ് കെ. മാണിയെ തള്ളിപ്പറഞ്ഞു ജോസഫിനൊപ്പം എത്തിയ പ്രമുഖരെയെല്ലാം ജോസഫും കയ്യൊഴിഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ സീറ്റ് കിട്ടിയിട്ടും ജോസ് കെ. മാണിയെ വിട്ടുവന്നവർക്കു പരിഗണന കിട്ടിയില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ജോണി നെല്ലൂർ, ജോസഫ് എം.പുതുശ്ശേരി, വിക്ടർ ടി.തോമസ്, സജി മഞ്ഞക്കടമ്പിൽ, മൈക്കിൾ ജയിംസ്, നോബിൻ ജോസഫ്, സാജൻ ഫ്രാൻസിസ്, വർഗീസ് മാമൻ, തോമസ് കുന്നപ്പള്ളി തുടങ്ങിയ പ്രമുഖരെ നിരാശരാക്കുന്നതാണു പട്ടിക. സജി മഞ്ഞക്കടമ്പിലിന് ഇന്നലെ കോട്ടയം ജില്ലാ യുഡിഎഫ് ചെയർമാൻ സ്ഥാനം നൽകി. യുഡിഎഫിനു ഭരണം ലഭിച്ചാൽ കോർപറേഷൻ അധ്യക്ഷ സ്ഥാനവും നൽകാമെന്നു പി.ജെ. ജോസഫ് വാക്കു നൽകിയതായി സജി പറഞ്ഞു. തിരുവല്ലയിൽ ജോസഫ് എം. പുതുശേരി, വിക്ടർ ടി. തോമസ്, വർഗീസ് മാമൻ തുടങ്ങിയവർ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും നറുക്കു വീണത് കുഞ്ഞുകോശി പോളിന്.
ചർച്ച പോലും നടത്താതെ രാഷ്ട്രീയ ധാർമികത ഇല്ലാതെയാണു സ്ഥാനാർത്ഥി പ്രഖ്യാപനമെന്നു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസും പാർട്ടിയിൽ ഒതുക്കപ്പെട്ടെന്നു ജോസഫ് എം.പുതുശേരിയും പ്രതികരിച്ചു. ചങ്ങനാശേരിയിൽ സി.എഫ്.തോമസിന്റെ കുടുംബത്തിൽ നിന്നൊരാൾ സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അവസാനം പരിഗണിച്ചത് വി.ജെ. ലാലിയെ. സാജൻ ഫ്രാൻസിസിനെ പുറത്തിരുത്തി. ഇതും ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് എത്തിയവർക്ക് വേദനയായി. മരുമകന് സീറ്റ് കൊടുത്തതും ഏവരേയും ഞെട്ടിച്ചു.
ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശനത്തെ വിമർശിച്ചു രംഗത്തെത്തിയതോടെയാണ് കെ.എം.മാണിയുടെ മരുമകൻ എംപി. ജോസഫ് വാർത്തകളിൽ നിറഞ്ഞത്. പി.ജെ. ജോസഫിനെ പുറപ്പുഴയിലെ വീട്ടിലെത്തി സന്ദർശിച്ച വേളയിൽ അദ്ദേഹം മത്സരിക്കാൻ തയാറാണെന്ന സൂചനയും നൽകിയിരുന്നു. 1978 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ എംപി. ജോസഫ്. തൃശൂർ സബ് കലക്ടറും എറണാകുളം കലക്ടറുമായിരുന്നു. അതിനിടെ മോൻസ് ജോസഫ് എംഎൽഎ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു.
കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെ ചെയർമാനായി നിയമിക്കണം എന്നാവശ്യപ്പെട്ടു പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് യുഡിഎഫ് സംസ്ഥാന ചെയർമാൻ രമേശ് ചെന്നിത്തലയ്ക്കു കത്തു നൽകിയതായും മോൻസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ