- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിജെയും മോൻസും ഫ്രാൻസിസ് ജോർജും ഇനി പിസി തോമസിന്റെ അണികൾ; ജോസ് കെ മാണിയെ പിളർത്തി പുതിയ ഗ്രൂപ്പുണ്ടാക്കിയത് യുഡിഎഫിന് തലവേനയാകുമോ? ജയിച്ചു വരുന്ന എംഎൽഎമാർ നിൽക്കേണ്ടത് പിസി പറയുന്നിടത്ത്; സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരുദോഷം ഒഴിവാക്കാൻ കാട്ടിയ അതിബുദ്ധിയിൽ കോൺഗ്രസിനും സംശയം; 'ട്രാക്ടർ ഓടിക്കുന്ന കൃഷിക്കാരൻ'പണി പറ്റിക്കുമോ?
കോട്ടയം: പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ വലിയപരീക്ഷ ജയിച്ച ആശ്വാസത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പക്ഷേ വെല്ലുവിളികൾ തീരുന്നില്ല. ഇനി എല്ലാം പിസി തോമസിന്റെ കൈയിലാണ്. കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാനായി എല്ലാ സ്ഥാനാർത്ഥികൾക്കും പാർട്ടി കത്തുകൊടുത്തത് പിസി തോമസാണ്. ഇതോടെയാണ് മത്സരിക്കുന്ന 10 സീറ്റിൽ 'ട്രാക്ടർ ഓടിക്കുന്ന കൃഷിക്കാരൻ' കിട്ടുമെന്ന് പിജെ ജോസഫിന് ഉറപ്പായി. ചങ്ങനാശ്ശേരിയിൽ മറ്റൊരു സ്ഥാനാർത്ഥി ഇതേചിഹ്നം ആവശ്യപ്പെട്ടെങ്കിലും അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയിൽ ജോസഫ് വിഭാഗത്തിനാണ് മുൻഗണന.
കേരളാ കോൺഗ്രസ് പാർട്ടിക്കാരൻ എന്ന പേരിലാണ് പിജെ ജോസഫ് അടക്കമുള്ളവർ നാമനിർദ്ദേശ പത്രിക കൊടുത്തത്. സ്വതന്ത്രൻ എന്ന് ചേർത്തുകൊടുത്താൽ അവർക്ക് വിപ്പ് കൊടുക്കാൻ കഴിയില്ല. അത് മറികടക്കാനാണ് കേരളാ കോൺഗ്രസുകാരായി പിജെ മാറുന്നത്. ഇവർ കേരളാ കോൺഗ്രസിന്റെ പ്രതിനിധിയാണെന്ന പാർട്ടി കത്തുകൊടുത്തത് കേരളാ കോൺഗ്രസിന്റെ നിലവിലെ ചെയർമാനായ പിസി തോമസാണ്. അതുകൊണ്ട് തന്നെ ഭാവിയിൽ ഈ കസേരയിലുള്ള വ്യക്തിക്ക് മാത്രമേ എംഎൽഎമാർക്ക് വിപ്പും മറ്റും നൽകാൻ കഴിയൂ. അതായത് പിസി തോമസിന്റെ നിലപാടുകൾ പിജെയും കൂട്ടരും അംഗീകരിക്കേണ്ടി വരും.
വലിയ സാങ്കേതിക പ്രശ്‌നങ്ങളാകും ഇത് ഭാവിയിൽ ഉണ്ടാക്കുക. പിസി തോമസിന്റെ പാർട്ടിയിൽ പിജെ ജോസഫ് ലയിക്കുകയായിരുന്നില്ല. മറിച്ച് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മാത്രം കേരളാ കോൺഗ്രസ് അംഗങ്ങളാവുകയായിരുന്നു. കേരളാ കോൺഗ്രസ് എമ്മിന്റെ ഭാഗമായിരുന്ന പിജെ ജോസഫിനും കൂട്ടർക്കും ആ പാർട്ടിയിൽ ആയിരുന്നു അംഗത്വം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് രണ്ടില ചിഹ്നവും കേരളാ കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിക്ക് അനുവദിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് എത്തിയത്. ഇതോടെ കേരളാ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കാനോ പുതിയ പാർട്ടിയുണ്ടാക്കാനോ സാവകാശം കിട്ടിയില്ല.
ഇതോടെയാണ് പിസി തോമസിന്റെ പാർട്ടിയിൽ ലയിക്കുമെന്ന പ്രഖ്യാപനം പിജെ നടത്തിയത്. എന്നാൽ സ്വന്തമായി രജിസ്റ്റേർഡ് പാർട്ടിയില്ലാത്ത പിജെയ്ക്ക് അതിന് കഴിയില്ലായിരുന്നു. ഫലത്തിൽ പുതിയ പാർട്ടിയിൽ ചേരുകയായിരുന്നു പിസി തോമസ്. നിലവിൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ പൂർണ്ണ പിന്തുണ പിസി തോമസിനുണ്ട്. പിസി തോമസിന്റെ അടുത്ത അനുയായികൾ മാത്രമാണ് അതിലുള്ളത്. അതുകൊണ്ട് തന്നെ പുതുതായി പിജെ ജോസഫും ഒൻപതു പേരും പാർട്ടിയിൽ ചേരുന്നതു കൊണ്ട് അതിന്റെ സംഘടനാ സംവിധാനം മാറുന്നില്ല. പിസി തോമസിന് പൂർണ്ണ അധികാരവും സ്വാധീനവും ഈ പാർട്ടിയിലുണ്ട്.
ഭാവിയിൽ പിജെയെ പാർട്ടി ചെയർമാൻ ആക്കാമെന്നാണ് പിസി തോമസിന്റെ നിലപാട്. എന്നാൽ അത് പറ്റില്ലെന്ന് ഇനി പറഞ്ഞാലും പിജെ ജോസഫിന് ഒന്നും ചെയ്യാനാകില്ല. പിജെയ്‌ക്കൊപ്പം ഉള്ളവർക്ക് പാർട്ടി അംഗത്വം നിഷേധിക്കാനും പിസി തോമസിനാകും. അങ്ങനെ വന്നാൽ എത്ര എംഎൽഎമാർ ജയിച്ചാലും പാർട്ടിയെ നിയന്ത്രിക്കുന്നത് പിസി തോമസ് തന്നെയാകും. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പാർട്ടിയുടെ മന്ത്രിയെ നിശ്ചയിക്കുന്നതിൽ പോലും പിസി തോമസിന്റെ നിലപാട് നിർണ്ണായകമാകും. ഇനി തെരഞ്ഞെടുപ്പിന് ശേഷം ഇടത്തേക്കോ ബിജെപി പക്ഷത്തേക്കോ കേരളാ കോൺഗ്രസിനെ മാറ്റാൻ പിസി തോമസിന്റെ നിലപാട് മാത്രം മതിയാകും.
ഈ സാഹചര്യം ഉണ്ടായാൽ ഭൂരിപക്ഷം എംഎൽഎമാരെ അണിനിരത്തി അയോഗ്യതാ പ്രശ്‌നത്തിൽ നിന്നും തലയൂരാനാകും പിജെയുടെ ശ്രമം. എന്നാൽ പിജെ ജോസഫിനൊപ്പം മാണി ഗ്രൂപ്പിലെ ചില പ്രമുഖരും മറുകണ്ടം ചാടിയിട്ടുണ്ട്. ഇവരുടെ നിലപാട് പിജെയ്ക്ക് അന്ന് എതിരായാൽ അയോഗ്യതാ പ്രശ്‌നവും വിപ്പിലെ നൂലാമാലകളും ജോസഫിനെ കുഴക്കും. അങ്ങനെ ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിനെ പിളർത്തിയ ശേഷം രണ്ടിലയ്ക്ക് വേണ്ടി നടത്തിയ നിയമ പോരാട്ടങ്ങൾ പിജെ ജോസഫിന് വിനയായി മാറുകയാണ്. കേരളത്തിൽ ഇഞ്ചോടിഞ്ഞ് മത്സരമാണ് നടക്കുന്നത്. തൂക്കു നിയമസഭയ്ക്കുള്ള സാധ്യത പോലും പ്രവചിക്കുന്നു. ഈ ഘട്ടത്തിലാണ് പിസി തോമസിന്റെ വാക്കുകൾക്ക് പ്രസക്തി കൂട്ടി ജോസഫ് പക്ഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കാനിരിക്കെ, പാർട്ടിനേതൃത്വം ചിഹ്നവിഷയത്തിൽ ആശങ്കയിലായിരുന്നു. ചങ്ങനാശ്ശേരിയിൽ സ്ഥാനാർത്ഥി വി.ജെ. ലാലിയുടെ പത്രികയിൽ നോട്ടറി നമ്പറിന്റെ കുറവ് കണ്ടെത്തിയത് ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് സ്വീകരിച്ചു. കേരള കോൺഗ്രസെന്ന ലേബലിലായിരിക്കും ഇനി ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ അറിയപ്പെടുക. പി.സി. തോമസിന്റെ അതേപേരിലുള്ള പാർട്ടിയിൽ ലയിച്ചതിനാലാണിത്. ഇവർക്ക് ദേശീയ തിരഞ്ഞെടുപ്പുകമ്മിഷൻ അംഗീകരിച്ച ചിഹ്നം ഇല്ലാത്തതുകൊണ്ടാണ് സ്ഥാനാർത്ഥികൾക്ക് പൊതുചിഹ്നമെന്ന കടമ്പവന്നത്.
ആവശ്യപ്പെട്ട ചിഹ്നത്തെക്കുറിച്ച് വിവരം പുറത്തുപോയാൽ, വേറെ സ്ഥാനാർത്ഥികൾ അതാവശ്യപ്പെട്ട് തർക്കത്തിന് സാധ്യതയുണ്ടാകുമെന്ന ഭയം നേതൃത്വത്തിനുണ്ടായിരുന്നു. ഇതുകൊണ്ടാണ്, വെള്ളിയാഴ്ച ഉച്ചവരെ സ്ഥാനാർത്ഥികളുടെ പത്രിക തയ്യാറാക്കുന്നത് മാറ്റിയത്. സ്ഥാനാർത്ഥികളെപ്പോലും ചിഹ്നം ഏതെന്ന് അറിയിച്ചത് ഉച്ചയ്ക്കാണ്.
മറുനാടന് മലയാളി ലേഖകന്.