- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ മാണിയെ തോൽപ്പിക്കാൻ കാപ്പനൊപ്പം ഉറച്ചു നിന്നത് കോൺഗ്രസും ബിജെപിയും; പരിവാർ വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകിയപ്പോൾ പാലായിൽ ലീഡർ തോറ്റു; എന്നിട്ടും മധ്യകേരളത്തിൽ ഇടതിന് കരുത്തായി ജോസ് കെ മാണി; കേരളാ കോൺഗ്രസ് പോരിൽ 'എം' ജയം നേടുമ്പോൾ
കോട്ടയം: ആറു സീറ്റുകളിലെ ജയമാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം ഈ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിട്ടത്. അതിന് തൊട്ടടുത്തു വരെ കാര്യങ്ങളെത്തി. 12ൽ അഞ്ചിടത്ത് ജയിച്ചു. എന്നാൽ ആറിൽ ജയിക്കാനായില്ല. ഇതിന് കാരണം പാലായിലെ ലീഡറുടെ തോൽവിയും. പിണറായി എന്ന ക്യാപ്ടന് 99 ന്റെ വിജയം ഒരുക്കിയതിൽ കേരളാ കോൺഗ്രസിനും പങ്കുണ്ട്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും സിപിഎം നേടിയ വിജയങ്ങൾക്ക് കാരണം ജോസ് കെ മാണിയുടെ പാർട്ടിക്കുള്ള കരുത്ത് കൂടിയാണ്. എന്നാൽ പാലാ എന്ന തട്ടകത്തിൽ ജോസ് കെ മാണി തോറ്റു.
ബിജെപിയും കോൺഗ്രസും ചേർന്നാണ് പാലായിൽ ജോസ് കെ മാണിയെ തോൽപ്പിച്ചതെന്ന് കേരളാ കോൺഗ്രസുകാർ പറയുന്നു. എന്നാൽ ഇടതു കോട്ടകളിൽ പോലും ജോസ് കെ മാണിക്ക് തോൽവി സംഭവിച്ചു. മുമ്പ് കോട്ടയത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങിയപ്പോൾ നേരിടേണ്ടി വന്നതിനേക്കൾ ആത്മ വേദന കൂട്ടുന്നതാണ് പാലായിലെ ഇത്തവണത്തെ തോൽവി. അതിനിടെയിലും ഇടതുപക്ഷം കോട്ടയം പിടിച്ചതിൽ ജോസ് കെ മാണി സന്തോഷവാനാണ്. ബിജെപി വോട്ടിൽ ഉണ്ടായ കുറവാണ് ജോസ് കെ മാണിക്ക് വില്ലനായി മാറിയത്. ഈ വോട്ടെല്ലാം മാണി സി കാപ്പനിലേക്ക് ഒഴുകി. അങ്ങനെ കാപ്പൻ പാലായിൽ വിജയ ചരിത്രമെഴുതി. സഹതാപ തംരഗവും കാപ്പനെ തുണച്ചു.
ബിജെപി ജില്ലാ കമ്മിറ്റി ജെ പ്രമീള ദേവിയാണ് പാലായിലെ ബിജെപി സ്ഥാനാർത്ഥി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എൻ. ഹരി 24,821 വോട്ടുകളാണ് നേടിയത്. എന്നാൽ 2019ലെ ഉപതെരഞ്ഞെടുപ്പിൽ ഹരിക്ക് വോട്ട് കുറഞ്ഞു. 18,044 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. വാശിയേറിയ പോരാട്ടം നടക്കുന്ന ഇത്തവണ പ്രമീള ദേവി 30,000 വോട്ടുകൾ പിടിക്കുമെന്നാണ് ബിജെപി വിലയിരുത്തൽ. എന്നാൽ പ്രമീളാ ദേവിക്ക് കിട്ടിയത് വെറും 10869 വോട്ടും. അതായത് വലിയ വോട്ട് ചോർച്ചയുണ്ടായി. 2016നേക്കാൾ 14000ത്തിൽ പരം വോട്ടുകളുടെ കുറവ്. ഇത് കാപ്പനെ തുണച്ചുവെന്നാണ് വിലയിരുത്തൽ.
ഒന്നിച്ച് നിന്ന് പിന്നീട് രണ്ട് മുന്നിണികളിലേയ്ക്കുമായി തമ്മിൽ പിരിഞ്ഞ് പരസ്പരം പോരടിച്ച കേരള കോൺഗ്രസുകൾ തമ്മിൽ കൂടിയായിരുന്നു ഇത്തവണത്തെ മത്സരം. അതിൽ ജോസ് കെ മാണി ജയിച്ചുവെന്നതാണ് വസ്തുത. ജയിച്ച് ശക്തികാട്ടുക എന്നത് ഇരുകൂട്ടർക്കും ഒരുപോലെ മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയത്തിലും മുന്നണി രാഷ്ട്രീയത്തിലും നിലനിൽപിന്റെ വിഷയമായിരുന്നു. സീറ്റ് വിഭജനത്തിൽ ഏറ്റവും വലിയ നേട്ടം കൊയ്യാനായത് ജോസ് പക്ഷത്തിനാണ്. അമ്പത് വർഷമായി തറവാട്ട് സ്വത്തുപോലെ കൈവശം വച്ചുപോന്ന പാല, ഉപതിരഞ്ഞെടുപ്പിൽ നഷ്ടപ്പെടുത്തിയിട്ടും പുത്തൻകൂറ്റുകാർക്ക് സീറ്റ് വാരിക്കോരി കൊടുക്കുകയായിരുന്നു എൽ.ഡി.എഫ്. സിപിഐ.യുടെയും എൻ.സി.പി.യുടെയും ഐ.എൻ.എല്ലിന്റെയുമെല്ലാം എതിർപ്പ് വകവയ്ക്കാതെ പന്ത്രണ്ട് സീറ്റാണ് ഇടതുമുന്നണി ജോസ് പക്ഷത്തിനായി നീക്കിവച്ചത്. ഇതിൽ അഞ്ചിടത്ത് ജയിച്ചു. ചാലക്കുടിയിൽ കൈയെത്തും ദുരത്ത് സീറ്റ് നഷ്ടമായി.
പാല, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, റാന്നി, തൊടുപുഴ, ഇടുക്കി, ഇരിക്കൂർ, ചാലക്കുടി, പെരുമ്പാവൂർ, പിറവം, ചങ്ങനാശ്ശേരി എന്നിവയ്ക്ക് പുറമെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കുറ്റ്യാടിയും. എന്നാൽ, പ്രാദേശിക പാർട്ടി പ്രവർത്തകരുടെ പരസ്യമായ എതിർപ്പിനെ തുടർന്ന് കുറ്റ്യാടി സിപിഎമ്മിന് തിരിച്ചെടുക്കേണ്ടിവന്നു. അങ്ങനെ പതിനൊന്ന് സീറ്റിൽ ജോസ് കെ മാണി മത്സരിച്ചു. പാലായിൽ തോറ്റതോടെ വിജയം അഞ്ചിൽ ഒതുങ്ങി. പാലായിലും ചാലക്കുടിയിലും കൂടെ ജയിച്ചിരുന്നുവെങ്കിൽ കേരള രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തുള്ള പാർട്ടിയായി ജോസ് കെ മാണി മാറുമായിരുന്നു. പിണറായിക്ക് സെഞ്ച്വറിയും അടിക്കാനാകുമായിരുന്നു. പാലായിലെ തോൽവിയിലാണ് ഇടതുപക്ഷത്തിന് നൂറെന്ന മാന്ത്രിക സീറ്റ് നമ്പർ നഷ്ടമാകുന്നത്.
മറുഭാഗത്ത് പി.ജെ.ജോസഫും കൂട്ടരും യു.ഡി.എഫിനോട് പതിനഞ്ച് സീറ്റാണ് ആവശ്യപ്പെട്ടിരുന്നത്. ഒടുവിൽ പത്ത് സീറ്റാണ് നേടിയെടുക്കാനായത്. തൃക്കരിപ്പൂർ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശേരി, തിരുവല്ല, കുട്ടനാട്, തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട എന്നിവ. പഴയ സിറ്റിങ് സീറ്റുകളായ കടുത്തുരുത്തിയിലും തൊടുപുഴയിലും റാന്നിയിലും ചങ്ങനാശ്ശേരിയിലും. ചുരുക്കത്തിൽ രണ്ട് കേരള കോൺഗ്രസകളും ചേന്ന് മൊത്തം ഇരുപത്തിരണ്ട് സീറ്റിൽ. നാലിടത്ത് കേരള കോൺഗ്രസുകൾ മുഖാമുഖം വന്നു. ഇപ്പോൾ നിയമസഭയിലുള്ളത് ഏഴ് കേരളാ കോൺഗ്രസുകാർ. ഇതിൽ അഞ്ചും ജോസ് കെ മാണിയുടെ നേതാക്കൾ. കഴിഞ്ഞ തവണ രണ്ട് കേരളാ കോൺഗ്രസിനും കൂടി അഞ്ചു പേരാണുണ്ടായിരുന്നത്. പിളർന്നപ്പോൾ അത് ഏഴായി എന്നതാണ് കൗതുകം. അങ്ങനെ പിളർന്ന് വളരുകയാണ് കേരളാ കോൺഗ്രസുകൾ.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, റാന്നി, ഇടുക്കി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലാണ് ജോസ് വിഭാഗം വിജയക്കൊടി പാറിച്ചത്. സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജ് 9742 വോട്ടിനും പി.സി.ജോർജിന്റെ തട്ടകമായ പൂഞ്ഞാർ 5179 വോട്ടിന് പിടിച്ചെടുത്തുകൊണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കലും റാന്നിയിൽ പ്രമോദ് നാരായണനും റാന്നിയിൽ ഫ്രാൻസിസ് ജോർജിനെ 5563ന് വീഴ്‌ത്തി റോഷി അഗസ്റ്റിനും ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിളും. പത്ത് സീറ്റൽ മത്സരിച്ച പി.ജെ.ജോസഫ് വിഭാഗത്തിന് യു.ഡി.എഫ് മുങ്ങിപ്പോയ ഇടതുതരംഗത്തിൽ രണ്ടു പേരെ മാത്രമാണ് ജയിപ്പിച്ചെടുക്കാൻ കഴിഞ്ഞത്. തൊടുപുഴയിൽ പി.ജെ.ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസഫും.
അഞ്ചു പേരെ ജയിപ്പിച്ചെടുക്കാനായെങ്കിലും പാർട്ടി ചെയർമാൻ ജോസ് കെ.മാണി സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങിയത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. കെ.എം.മാണിയുടെ കുത്തകസീറ്റിൽ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി ചരിത്രംകുറിക്കുന്ന അട്ടിമറി വിജയം സ്വന്തമാക്കിയ മാണി സി കാപ്പനോട് 11246 വോട്ടിനാണ് ഇക്കുറി ജോസ് കെ.മാണി തോറ്റത്. കെ.എം. മാണിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 2943 വോട്ടിന് മാത്രമായിരുന്നു കാപ്പന്റെ ജയം.
മറുനാടന് മലയാളി ബ്യൂറോ