കോട്ടയം: ഇടതുപക്ഷത്ത് ഉറച്ചു നിൽക്കാനാണ് കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനം. ബാർ കോഴയിൽ സുപ്രീംകോടതിയിൽ കെ എം മാണിയെ സർക്കാർ അഭിഭാഷകൻ അഴിമതിക്കാരനാണെന്ന് പറഞ്ഞത് മാധ്യമ സൃഷ്ടിയാണെന്ന് വിശദീകരിക്കും. ഇതിനൊപ്പം പാർട്ടിക്ക് കേഡർ സ്വഭാവം നൽകും. കഴിഞ്ഞ തവണ മത്സരിച്ച അഞ്ചിടത്തെ തോൽവി കേരളാ കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. അതിൽ അന്വേഷണവും നടത്തും. പാർട്ടിയെ എല്ലാ തരത്തിലും കൈയിൽ ഒതുക്കുകയാണ് ജോസ് കെ മാണി.

നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴയിലും ഇരിക്കൂറിലും ഒഴികെ തോറ്റ അഞ്ചിടത്തും അതിശക്തമായ കാലുവാരൽ എന്ന നിഗമനത്തിൽ ജോസ് കെ മാണി എത്തിയിട്ടുള്ളത്. പിറവത്ത് സിപിഐ വാരിയപ്പോൾ ചാലക്കുടിയിൽ തോൽപ്പിച്ചത് സിപിഎം ആണെന്നും കരുതുന്നു. പാലായിൽ അടക്കം സിപിഎം അണികളെ കൂടെ നിർത്താൻ പരാജയപ്പെട്ടുവെന്നും തിരിച്ചറിയുന്നു. പാർട്ടിയെ കേഡറാക്കാനുള്ള അംഗീകാരത്തോടെ തോൽവിയെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുകയാണ് കേരളാ കോൺഗ്രസ് എം. സിപിഎമ്മും കേരളാ കോൺഗ്രസിന്റെ പരാതികൾ പരിശോധിക്കുന്നുണ്ട്.

പാലാ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂർ, ചാലക്കുടി മണ്ഡലങ്ങളിലെ തോൽവിക്കു കാരണം എൽഡിഎഫ് ഘടകകക്ഷികളുടെ നിസ്സഹകരണം മൂലമാണെന്ന് ഇന്നലെ ചേർന്ന സ്റ്റീയറിങ് കമ്മിറ്റിയിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനുള്ള തീരുമാനം. പിറവത്തും പെരുമ്പാവൂരും നേതാക്കൾ കാലുവാരിയെന്ന് പ്രാദേശിക നേതാക്കൾ പരാതി പറഞ്ഞു. ജോസ് കെ. മാണി മത്സരിച്ച പാലായിൽ വേണ്ടത്ര സഹകരണം ലഭിച്ചില്ലെന്നും വിമർശനം ഉയർന്നു.

അന്വേഷണ കമ്മിഷൻ അംഗങ്ങളെ പിന്നീട് നിശ്ചയിക്കും. പാർട്ടി പ്രവർത്തകരുടെ അച്ചടക്ക ലംഘനം അന്വേഷിച്ചു നടപടിയെടുക്കാൻ മൂന്നംഗ അച്ചടക്ക സമിതിയെ നിയോഗിച്ചു. പ്രഫ. കെ.ഐ. ആന്റണി, പി.ടി. ജോസ്, ജേക്കബ് തോമസ് അരികുപുറം എന്നിവരാണ് അംഗങ്ങൾ. പോഷക സംഘടനകളിലെ നിലവിലെ ഭാരവാഹികളെ മാറ്റി പുനഃസംഘടിപ്പിക്കും. പാർട്ടി അംഗങ്ങൾ അവരുടെ ഒരുമാസത്തെ ശമ്പളം നാലു ഗഡുക്കളായി ലെവി നൽകണമെന്നു തീരുമാനിച്ചു. നേരത്തേ മാസം 5 ശതമാനം വീതം പിരിക്കാനായിരുന്നു തീരുമാനം.

സുപ്രീം കോടതിയിലെ സത്യവാങ്മൂലം കെ.എം. മാണിയെ അഴിമതിക്കാരനാക്കിയെന്ന് വിമർശനമുയർന്നു. കേരള കോൺഗ്രസിനെതിരെ (എം) സിപിഎമ്മിലെ ഒരു ഫ്രാക്ഷൻ പ്രവർത്തിച്ചതാണ് ഈ നീക്കത്തിനു പിന്നിൽ. സത്യവാങ്മൂലത്തിൽ കെ.എം. മാണിയുടെ പേരില്ലെന്നും പരാമർശം വന്ന സാഹചര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്നും എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ അറിയിച്ച വിവരം ജോസ് കെ. മാണി യോഗത്തെ അറിയിച്ചു. അതുകൊണ്ട് തന്നെ ഈ വിവാദം ഇനി കേരളാ കോൺഗ്രസ് ചർച്ചയാക്കില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഡോ. സിന്ധുമോൾ ജേക്കബ്, ഡെന്നീസ് ആന്റണി എന്നിവരെ സ്റ്റീയറിങ് കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കി. മറ്റു പാർട്ടികളിൽ നിന്നു വരുന്ന നേതാക്കളെ എടുക്കുന്നതു സംബന്ധിച്ച് തീരുമാനം ജില്ലകളിൽ എടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാർക്കാണ് ഓരോ ജില്ലയുടെയും ചുമതല. പാർട്ടി സെക്രട്ടേറിയറ്റ് അടക്കം പാർട്ടിയിലെ അഴിച്ചുപണി സംബന്ധിച്ച് തീരുമാനമെടുക്കാൻ ജോസ് കെ. മാണിയെ ചുമതലപ്പെടുത്തി. സമ്പൂർണ്ണ അഴിച്ചു പണി ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

കേരള കോൺഗ്രസ് എമ്മിൽ താഴെത്തട്ടുമുതൽ സംഘടനാ തിരഞ്ഞെടുപ്പും നടത്തും. പാർട്ടി മെമ്പർഷിപ്പ് സംവിധാനത്തിൽ സമഗ്രമായ മാറ്റം വരുത്തും. സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള പാർട്ടി അംഗത്വത്തിനൊപ്പം കേരള കോൺഗ്രസിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവർക്കായി 'കെ.സി.എം. കമ്മിറ്റി മെമ്പേഴ്സ്' എന്ന നിലയിൽ പുതിയ മെമ്പർഷിപ്പ് സംവിധാനം ആരംഭിക്കും. ഓൺലൈനായും ഈ മെമ്പർഷിപ്പ് സൗകര്യം ലഭ്യമാകും. കേരള കോൺഗ്രസ് അനുഭാവികളായ പ്രവാസികൾക്കും സംഘടനാ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിയും.

ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, എംഎ‍ൽഎ.മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സ്വീകരണം നൽകി. തോമസ് ചാഴികാടൻ എംപി., സ്റ്റീഫൻ ജോർജ്, പി.എം.മാത്യു, പ്രൊഫ. വി.ജെ.ജോസഫ്, എലിസബത്ത് മാമ്മൻ മത്തായി, ജേക്കബ് തോമസ് അരികുപുറം, ജോസ് ടോം, സണ്ണി തെക്കേടം, സക്കറിയാസ് കുതിരവേലി തുടങ്ങിയവർ പങ്കെടുത്തു.