കോട്ടയം: നിയമസഭാ കയ്യാങ്കളിയിൽ ജയിച്ചത് കേരളാ കോൺഗ്രസാണ്. ഇതിനൊപ്പം തോൽക്കുകയും ചെയ്തു. കേരളാ കോൺഗ്രസ് എമ്മിന്റെ എല്ലാമെല്ലാമായ കെ.എം. മാണിക്കെതിരായ പോരാട്ടമാണ് സഭയ്ക്കുള്ളിൽ സിപിഎം. നടത്തിയത്. പക്ഷേ, ആറുവർഷത്തിനിപ്പുറം മാണിയുടെ മകൻ ജോസ് കെ മാണി നയിക്കുന്ന പാർട്ടി ഇടതുമുന്നണിയിലാണ്. അതുകൊണ്ട് തന്നെ വിധി അനുകൂലമായിട്ടും തോറ്റ മുഖഭാവമാണ് ജോസ് കെ മാണിക്ക്. ഈ വിധിയെ സ്വാഗതം ചെയ്താൽ കേരളാ കോൺഗ്രസിന് അനുവദിച്ച മന്ത്രിസ്ഥാനം അടക്കം വേണ്ടെന്ന് വയ്‌ക്കേണ്ടി വരും. അതുകൊണ്ടാണ് ജോസ് കെ മാണി നിശബ്ദനായി തുടരുന്നത്.

നോട്ടെണ്ണൽ യന്ത്രം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ പാലായിൽച്ചെന്നും ഉന്നയിച്ച സിപിഎം. നേതാക്കൾ മാണിക്കെതിരായ പരാമർശം ഒഴിവാക്കി യു.ഡി.എഫ്. അഴിമതി എന്ന് പറയാൻ പ്രത്യേകം ശ്രദ്ധിക്കുന്നതും അതുകൊണ്ടാണ്. നിയമസഭയിൽ 2015 മാർച്ച് 13ന് അരങ്ങേറിയത് സമാനതകളില്ലാത്ത സംഘർഷമായിരുന്നു. മുമ്പ് സിപിഎം വിട്ട സിഎംപി നേതാവ് എം വിരാഘവനു മർദനമേറ്റതിനും എംഎൽഎമാർ തമ്മിലെ സംഘർഷത്തിനും സഭ സാക്ഷിയായത് ഏതാണ്ട് ഇതിന് സമാനമാണ്. അപ്പോഴും സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞ് ഇരുപക്ഷവും ഏറ്റുമുട്ടിയത് ബാർ കോഴയിലെ പ്രതിഷേധ കാലത്തായിരുന്നു.

നിയമസഭാ കയ്യാങ്കളി കേസിലെ വിധിയെ സ്വാഗതം ചെയ്താൽ എൽഡിഎഫ് പിണങ്ങും. വിധിയെ എതിർത്താൽ കെ.എം. മാണിയെ വേട്ടയാടിയവരെ പിന്തുണച്ചുവെന്ന പേരുദോഷവും. ബജറ്റ് അവതരണ ദിവസം കെ.എം. മാണിയെ സംരക്ഷിച്ചത് യുഡിഎഫ് നേതാക്കളാണ്. അന്നത്തെ വേട്ടക്കാർ എൽഡിഎഫും. വിധി ഇടതിന് എതിരാകുമെന്ന് മനസ്സിലാക്കി പാർട്ടിയിലെ മുതിർന്ന നേതാക്കളെ ജോസ് കെ. മാണി ഇന്നലെ രാവിലെ തന്നെ ബന്ധപ്പെട്ടു. എൽഡിഎഫിനും കെ.എം. മാണിക്കും കേടില്ലാതെ ഒരു മറുപടി കണ്ടെത്തി.

'പ്രതിഷേധം നടത്തിയ രീതി സംബന്ധിച്ചാണ് കോടതി വിധി. എന്തിനായിരുന്നു പ്രതിഷേധം എന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല' പാർട്ടി യോഗം ചേർന്നാണ് ഈ മറുപടി കണ്ടെത്തിയത്. പാർട്ടിക്കു പുറത്ത് ഇതാണു മറുപടിയെങ്കിൽ പാർട്ടിക്കുള്ളിലെ വിശദീകരണം വേറെയാണ്: 'ബാർ കോഴക്കേസിൽ യുഡിഎഫ് കെ.എം. മാണിയെ വഞ്ചിച്ചു. കെ. ബാബുവിനെതിരെ കേസില്ല. യുഡിഎഫിന്റെ വഞ്ചന മൂലമാണു മുന്നണി വിട്ടത്' ഈ വിശദീകരണമാണ് പാർട്ടിക്കകത്തു നൽകുകയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.

ബാർ കോഴയിൽ ആരോപണ വിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചു. ഇതോടെ സഭ വിട്ടുപോകാതെ ഭരണപക്ഷവും പ്രതിപക്ഷവും തലേദിവസം സഭയിൽ കഴിച്ചുകൂട്ടി. രാവിലെ 9 മണിക്കു മുന്നേ ഭരണപക്ഷ ബഞ്ചിന്റെ പിൻഭാഗത്തുള്ള വാതിലിലൂടെയാണ് എംഎൽഎമാരുടെ അകമ്പടിയോടെ മാണി സഭയിൽ എത്തിയത്. എംഎൽഎമാരുടെ സംരക്ഷണ വലയത്തിൽ നിന്ന് ബജറ്റിലെ ആമുഖം വായിച്ചു.

ബഹളമയം ആയതിനാൽ ബജറ്റ് മേശപ്പുറത്തു വച്ചു. ഇതോടെ ഭരണപക്ഷം ആഹ്‌ളാദം പ്രകടിപ്പിച്ചു ലഡു വിതരണം നടത്തി. ക്ഷുഭിതരായ പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്കു പാഞ്ഞു ചെന്ന് ഉപകരണങ്ങൾ തകർത്തു, കസേര വലിച്ചെറിഞ്ഞു. അങ്ങനെ സമാനതകളില്ലാത്ത പ്രതിഷേധം അവർ നടത്തി. ഇതിലെ നിയമ പോരാട്ടമാണ് സുപ്രീംകോടതിയിൽ വരെ എത്തി. ഒടുവിൽ ജയിച്ചത് മാണിയെ ആക്രമിച്ച പ്രതിഷേധത്തിനെതിരെ നിന്നവർ. എന്നിട്ടും കേരളാ കോൺഗ്രസിന് മാത്രം വിധി വന്നിട്ടും സന്തോഷമില്ല. ഇടതുപക്ഷത്തെ തള്ളി പറയാൻ കഴിയാത്തതാണ് ഇതിന് കാരണം.

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമേ കെ.ബി.ഗണേശ് കുമാർ, വി.ടി.ബൽറാം, പി.കെ.ജയലക്ഷ്മി, വി.ഡി.സതീശൻ തുടങ്ങിയവർ മാത്രമാണ് ഇരിപ്പിടത്തിൽ ഇരുന്നത്. ബാക്കി എല്ലാവരും പ്രതിഷേധത്തിലും സംഘർഷത്തിലും അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കായി.