തിരുവനന്തപുരം: കേഡർ സ്വഭാവം കൈവരിക്കുന്നതിനൊപ്പം സമസ്ത മേഖലകളിലേക്കും കടന്നു കയറാൻ കേരളാ കോൺഗ്രസ്. കേരള കോൺഗ്രസ് എമ്മിന്റെ മുഖം കൂടുതൽ മതേതരമാക്കാനാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ തീരുമാനം. പാലായിൽ അടക്കം ഉണ്ടായ അട്ടിമറിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഓരോ വോട്ടും നിർണ്ണായകമെന്ന് മനസ്സിലാക്കി ഇടപെടൽ നടത്തും.

ക്രിസ്ത്യൻ വിഭാഗങ്ങളുടെയും ചെറുവിഭാഗം ഹിന്ദുക്കളുടെയും പാർട്ടിയെന്ന മുഖച്ഛായയാണ് കേരളാ കോൺഗ്രസിനുള്ളത്. സഭയുടെ നിയന്ത്രണത്തിലാണ് പാർട്ടിയെന്ന പൊതു ധാരണയും ഉണ്ട്. ഇത്തരം ബന്ധവും വോട്ട് ബാങ്കും നിലനിർത്തുന്നതിനൊപ്പം മറ്റ് സമുദായങ്ങളേയും അടുപ്പിക്കാനാണ് നീക്കം. ദളിതരെ കൂടുതലായി പാർട്ടിയിലേക്ക് കൊണ്ടു വരും. ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ളവരെയും സ്ത്രീകളെയും ഓരോ തട്ടിലെയും പാർട്ടി ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്തും.

പാർട്ടിയെ കൂടുതൽ പുരോഗമനപരമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരങ്ങൾ. വിവിധ പോഷക സംഘടനകൾവഴി വ്യത്യസ്ത മേഖലയിലേക്ക് പാർട്ടി കടന്നുചെല്ലുമെന്ന് ജോസ് കെ മാണി പറയുന്നു. ഘടനാപരമായ മാറ്റത്തിലൂടെ, സെമി കേഡർ സംവിധാനത്തിലൂടെ പാർട്ടിയെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം.

ഇതിനായി പാർട്ടി ഭരണഘടന ഭേദഗതി ചെയ്തു. പോഷക സംഘടനകളിലൂടെ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കും. പുതിയ സെല്ലുകളും ഉണ്ടാക്കും. ക്ഷേത്ര ജീവനക്കാരുടെ സംഘടന ഉടൻ നിലവിൽവരും. ചേർത്തലയിലാണ് ആദ്യ സമ്മേളനം. ദേവസ്വം ബോർഡുകൾക്കു പുറത്തുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരെയാണു സംഘടിപ്പിക്കുന്നത്.

പ്രൊഫഷണലുകളുടെ കൂട്ടായ്മയൊരുക്കി പ്രൊഫഷണൽ കേരള കോൺഗ്രസ് സംഘടനയും രൂപീകരിക്കും. സാമ്പത്തികം, പരിസ്ഥിതി, ശാസ്ത്രസാങ്കേതികം, മറ്റു പ്രൊഫഷണൽ മേഖലകൾ എന്നിവയെ പാർട്ടിയുമായി അടുപ്പിക്കും. പ്രവാസികൾക്കും മടങ്ങിയെത്തിയവർക്കുമായി പ്രത്യേക സെല്ലുകളുണ്ടാകും. നഴ്സിങ് ഫോറത്തിനു രൂപംനൽകും. ട്രേഡ് യൂണിയൻ രംഗത്തും സജീവമാകും.

പാർട്ടിയെ സെമി കേഡർ സംവിധാനത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായി മേൽക്കമ്മിറ്റി തീരുമാനങ്ങൾ താഴേക്കു റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായവും തുടങ്ങുകയാണ്. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 25-ൽനിന്ന് 15 ആക്കി. സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം നൂറിൽത്താഴെയാക്കി. യൂത്ത് ഫ്രണ്ടിൽ പ്രവർത്തിക്കാനുള്ള പരമാവധി പ്രായം 42 ആക്കി ചുരുക്കി.

വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി.ക്ക് കൂടുതൽ ശക്തിയാർജിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. പെൺകുട്ടികളെ കൂടുതലായി സംഘടനയിലേക്കു കൊണ്ടുവരും. ആലപ്പുഴ ജില്ലാ പ്രസിഡന്റായി പെൺകുട്ടിയെ നിയമിച്ചതും ശ്രദ്ധേയമായി.