കോട്ടയം: കേരളാ കോൺഗ്രസ് ജോസഫിൽ അടിമൂക്കും. കോൺഗ്രസ് സ്വീകരിക്കുന്ന സെമികേഡർ രീതികളിലേക്ക് മാറണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ചർച്ച നടക്കുകയാണ്. ഇതിന് പിന്നിൽ പല പ്രമുഖരേയും മൂലയ്ക്കിരുത്താനുള്ള നീക്കമാണെന്നാണ് ആരോപണം. ഉന്നത സ്ഥാനങ്ങൾ മോഹിച്ച് മറ്റ് കേരളാ കോൺഗ്രസുകളിൽ നിന്ന് കേരളാ കോൺഗ്രസ് ജോസഫിൽ എത്തിയവർ നിരാശരാണ്. പാർട്ടിയിൽ മോൻസ് ജോസഫിന് കിട്ടുന്ന മുൻതൂക്കമാണ് ഇതിന് കാരണം.

സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നുവരുന്ന ജില്ലാ കമ്മിറ്റികളിൽ നിലവിലെ ജമ്പോ കമ്മിറ്റികൾ ഒഴിവാകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. വിവിധ കേരള കോൺഗ്രസ് വിഭാഗങ്ങളുടെ കൂട്ടായ്മയാണ് ഇപ്പോഴുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പഴയ ജോസഫ് ഗ്രൂപ്പ്, കേരള കോൺഗ്രസ് എം., ജനാധിപത്യ കേരള കോൺഗ്രസ്, പി.സി.തോമസിന്റെ കേരള കോൺഗ്രസ് എന്നിവയിൽനിന്നെല്ലാമുള്ളവർ ഇതിലുണ്ട്. ഇതിൽ മിക്ക നേതാക്കൾക്കും സ്ഥാനമില്ലാതാക്കാനാണ് പുതിയ നീക്കം. തന്റെ മകനെ കേരളാ കോൺഗ്രസിൽ പിൻഗാമിയായി കാണാനാണ് പിജെ ജോസഫിന് താൽപ്പര്യം. അതിന് വേണ്ടിയാണ് താൻ പറഞ്ഞാൽ മാത്രം കേൾക്കുന്നവരുടെ കൂട്ടമായി കേരളാ കോൺഗ്രസിനെ മാറ്റാനുള്ള പിജെ ജോസഫിന്റെ നീക്കം.

ജംബോ കമ്മറ്റി വേണ്ടെന്ന് വയ്ക്കുമ്പോൾ സ്ഥാനം കിട്ടാത്ത നേതാക്കളെല്ലാം പാർട്ടി വിടും. ഇതോടെ കാര്യങ്ങൾ മകന് അനുകൂലമാകുമെന്നാണ് പിജെ ജോസഫിന്റെ കണക്കുകൂട്ടൽ. പി.സി.തോമസിന്റെ പാർട്ടിയുടെ പേരാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇത്രയേറെ വിഭാഗങ്ങളിലെ നേതാക്കളെയും സജീവപ്രവർത്തകരെയും കമ്മിറ്റികളിലും സ്ഥാനങ്ങളിലും ഉൾപ്പെടുത്തിയതോടെയാണ് എണ്ണം കൂടിയത്. ഇത് കമ്മിറ്റികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് വരുത്തിയാണ് സെമി കേഡറിലേക്കുള്ള മാറ്റം. എന്നാൽ പാർട്ടിയിൽ പിടിമുറുക്കാനുള്ള പിജെ ജോസഫിന്റെ തന്ത്രമാണ് പുതിയ നീക്കത്തിന് പിന്നിൽ. പിസി തോമസിന്റെ സ്വാധീനം കുറച്ച് കേരളാ കോൺഗ്രസിനെ സ്വന്തമാക്കാനുള്ള നീക്കം.

കേരളാ കോൺഗ്രസ് എന്ന പേരിന് അവകാശി മുമ്പ് പിജെ ജോസഫായിരുന്നു. കെ എം മാണിയുടെ കേരളാ കോൺഗ്രസിൽ പിജെ ജോസഫ് പോയപ്പോൾ അത് പിസി തോമസിന് സ്വന്തമായി. ജോസ് കെ മാണിയുടെ പാർട്ടിയെ കേരളാ കോൺഗ്രസ് എമ്മായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ ജോസഫിന് പാർട്ടി ഇല്ലാതായി. ഈ പ്രതിസന്ധി പരിഹിക്കാൻ ജോസഫും കൂട്ടരും പിസി തോമസിനൊപ്പം ചേർന്നു. ഇനി ഈ പേര് തനിക്ക് തന്നെ സ്വന്തമായി കിട്ടണമെന്നതാണ് ജോസഫിന്റെ ആഗ്രഹം. ഇതിന് പിസി തോമസിനെ തന്നെ വെ്ട്ടിനിരത്തും.

സംസ്ഥാന കമ്മിറ്റിയിൽപ്പോലും 500 പേരുണ്ട്. ഇത്രയേറെ പേരെ വെച്ച് കമ്മിറ്റി വിളിക്കാൻ കഴിയില്ല. ഹൈപ്പവർ കമ്മിറ്റിയിൽ 30 പേർ വേണ്ടിടത്ത് 50, സ്റ്റിയറിങ് കമ്മിറ്റിയിൽ 110 പേർക്ക് പകരം 140 എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി. ഈ സമിതികളിൽ എല്ലാം പിസി തോമസിനൊപ്പം നിൽക്കുന്നവർക്ക് നിർണ്ണായക സ്വാധീനമുണ്ട്. ഇതാണ് പിജെ ജോസഫിനെ അലോസരപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് പിസിയുടെ കരുത്ത് കുറയ്ക്കാൻ സെമി കേഡറിന്റെ പേരിലെ വെട്ടി നിരത്തൽ.

കമ്മറ്റി അംഗങ്ങളുടെ കുറയ്ക്കുന്നതിനൊപ്പം കൂടുതൽ ഭാരവാഹികൾ ഉണ്ടാകില്ലെന്നും ഉറപ്പാക്കും. സംസ്ഥാനതലത്തിലും ഇത് ബാധകമാണ്. നേതാക്കളുടെ സീനിയോറിറ്റി പരിഗണിക്കാത്ത താൽക്കാലിക പുനഃസംഘടന വലിയതോതിൽ ഉൾപ്പാർട്ടി പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിരുന്നു. വാർഡുതലം മുതലുള്ള സംഘടനാ തിരഞ്ഞെടുപ്പ് മാർച്ച് 31-ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം. വോട്ടിങ് പരമാവധി ഒഴിവാക്കി സമിതികളിൽ സമവായം ഉണ്ടാക്കാനാണ് നിർദ്ദേശം. ഇങ്ങനെ തന്നെ അനുകൂലിക്കുന്നവർ തന്നെ ഭാരവാഹികളാകുന്നു എന്ന് ഉറപ്പാക്കാനാണ് പിജെ ജോസഫിന്റെ ശ്രമം.

എംഎൽഎ മോൻസ് ജോസഫും മുൻ എംപി ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നത് പിജെ ജോസഫിന് തന്നെ തലവേദനയാണ്. എങ്കിലും ജോസഫിന് ഫ്രാൻസിസ് ജോർജിനോടും താൽപ്പര്യകുറവില്ല. മോൻസിനേയും പിണക്കാനാകുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി നേരിട്ടെങ്കിലും ജോസ് വിഭാഗത്തിൽ നിന്നും പുതുശ്ശേരി അടക്കമുള്ള നേതാക്കന്മാർ തങ്ങളുടെ ചേരിയിലിലെത്തിയത് ജോസഫ് രാഷ്ട്രീയ വിജയമായി അവതരിപ്പിച്ചിരുന്നു. എന്നാൽ ജോസഫ് വിഭാഗത്തിൽ തമ്മിലടി മൂർച്ഛിക്കുകയാണ്. ഇത് യുഡിഎഫ് നേതൃത്വത്തേയും അങ്കലാക്കിലാക്കുന്നുണ്ട്. പാർട്ടിയിലെ രണ്ടാമൻ ആരെന്നതാണ് പ്രതിസന്ധിക്ക് കാരണം. പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുവാൻ മോൻസ് ജോസഫ് എംഎൽഎ യുടെ യും മുൻ എം പി കെ ഫ്രാൻസിസ് ജോർജ്ജിന്റെയും നേതൃത്വത്തിൽ അധികാര വടംവലി രൂക്ഷമാണ്. ഇതിന് പുറമേയാണ് പിസി തോമസ്.

മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി തോമസ്, വി ജെ ലാലി, വർഗീസ് മാമൻ,ഡി.കെ.ജോൺ , കുഞ്ഞു കോശി പോൾ, റോജസ് സെബാസ്റ്റ്യൻ, പ്രിൻസ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവർ ഒരു പക്ഷത്ത്. മറു ചേരിയിൽ ജോയ് അബ്രഹാം,എം പി പോളി, വക്കച്ചൻ മറ്റത്തിൽ, സജി മഞ്ഞക്കടമ്പിൽ, സാജൻ ഫ്രാൻസിസ്, മൈക്കിൾ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണിൽ, ഷീല സ്റ്റീഫൻ എന്നീ പ്രമുഖരും. ഇവരെല്ലാം പിജെയുടെ പുതിയ നീക്കങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്.