കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രൂക്ഷമായി വിമർശിച്ച് കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായ രംഗത്തെത്തി. ഉമ്മൻ ചാണ്ടി കേരള കോൺഗ്രസിനെ പിളർത്താൻ ശ്രമിച്ചുവെന്ന ആരോപണം ഉയർത്തിയാണ് പ്രതിച്ഛായ രംഗത്തെത്തിയത്. ബാർക്കോഴ ആരോപണത്തെ തുടർന്ന് മാണി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുൻപ് പി ജെ ജോസഫിനെ മാറ്റി നിർത്താൻ ശ്രമിച്ചു. ഇത് പാർട്ടിയെ പിളർത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന വിമർശനമാണ് പ്രതിച്ഛായ ഉന്നയിക്കുന്നത്.

മാണിയുടെ പ്രഖ്യാപനത്തിനു മുൻപ് ഉമ്മൻ ചാണ്ടിയുടെ ദൂതനായ ഒരു മന്ത്രി പി.ജെ.ജോസഫിനെ വന്നു കണ്ടിരുന്നു. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ഉണ്ണിയാടന്റെ രാജി സ്വീകരിക്കാൻ വൈകിപ്പിച്ചതും പി.സി.ജോർജിന്റെ രാജി താമസിപ്പിച്ചതും ഉമ്മൻ ചാണ്ടിയുടെ ഹീന തന്ത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാണിയുടെ രാജി വാങ്ങിയ ഉമ്മൻ ചാണ്ടി ചീഫ് വിപ്പിന്റേത് പോക്കറ്റിലിട്ടു നടന്നു. ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും അടർത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. മാണിയെ ധനമന്ത്രിമാരുടെ സമിതി അധ്യക്ഷൻ ആക്കേണ്ടെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രതിച്ഛായയിൽ ആരോപിക്കുന്നു.

അതേസമയം, കേരളാ കോൺഗ്രസിന്റെ ആരോപണങ്ങളെ കോൺഗ്രസ് തള്ളി. പ്രതിച്ഛായയിലെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് പി.ജെ.ജോസഫ് ആണെന്ന് കോൺഗ്രസ് പ്രതികരിച്ചു. മാണിക്ക് ജോസഫിനെ പോലും വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് ഈ ആരോപണമെന്നും കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

ബാർകോഴയിലെ അസ്വാരസ്യങ്ങളുടെ പേരിൽ കഴിഞ്ഞയാഴ്‌ച്ച കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടിരുന്നു. ചരൽകുന്നിൽ നടന്ന കേരളാ കോൺഗ്രസിന്റെ നേതൃക്യാംപിലാണ് തീരുമാനമെടുത്തത്. അന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആയിരുന്നു മാണി ലക്ഷ്യമിട്ടിരുന്നത്. ബാർകോഴയിലെ ഗൂഢാലോചനക്കാരൻ രമേശ് ചെന്നിത്തലയാണെന്ന ആരോപണങ്ങൾ ശക്തമാകുന്നതിന് ഇടെയാണ് ഉമ്മൻ ചാണ്ടിക്കെതിരെയും പ്രതിച്ഛായ രംഗത്തെത്തിയത്.