കോട്ടയം: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയായതോടെ ഉറ്റതോഴനെ കൈവിടാതെ പിന്തുണയുമായി കെ എം മാണി. മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണി. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

പിന്തുണ തേടി കേരള കോൺഗ്രസിന് ലീഗ് നേതൃത്വം കത്ത് നൽകിയിരുന്നു. കത്ത് പരിഗണിച്ചാണ് തീരുമാനം. ലീഗിന് മാത്രമാണ് പിന്തുണ നൽകുന്നതെന്നും യുഡിഎഫിന് പിന്തുണയില്ലെന്നും കെ എം മാണി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ ഭാഗമല്ലെങ്കിൽപ്പോലും ലീഗ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നൽകും. ഇത് യുഡിഎഫിന് നൽകുന്ന പിന്തുണയല്ല.

അരനൂറ്റാണ്ടായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും കേരള കോൺഗ്രസുമായി നിലനിൽക്കുന്ന സൗഹൃത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത പ്രത്യേക തീരുമാനമാണിത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണത്തിന് കേരള കോൺഗ്രസ് ഉണ്ടാകും. യുഡിഎഫ് കൺവെൻഷൻ കഴിഞ്ഞാൽ കേരള കോൺഗ്രസ് പ്രത്യേകമായി കൺവെൻഷൻ നടത്തുമെന്നും മാണി പറഞ്ഞു.

ലീഗ് സഹോദര പാർട്ടിയാണെന്നും കുഞ്ഞാലിക്കുട്ടിയുമായി ഫോണിൽ സംസാരിച്ചെന്നും കെ.എം.മാണി നേരത്തെ പറഞ്ഞിരുന്നു. മുന്നണിയിലെ അസ്വാരസ്യങ്ങൾ മറന്ന് പിന്തുണയ്ക്കണമെന്നാണാവശ്യപ്പെട്ട് കെ.എം മാണിക്ക് ലീഗ് നേതൃത്വം കത്തെഴുതിയിരുന്നു. മുന്നണിക്ക് പുറത്താണെങ്കിലും ഉപാധികളില്ലാതെ പിന്തുണയ്ക്കണമെന്നാണ് ലീഗ്‌ െസക്രട്ടറിയേറ്റ് കെ.എം. മാണിയോട് ആവശ്യപ്പെട്ടത്.