തിരുവനന്തപുരം: ചരൽക്കുന്നിലെ നേതൃക്യാമ്പിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് വിട്ട കേരളാ കോൺഗ്രസ് മാണി വിഭാഗം നിയമസഭയിൽ പ്രത്യേകം ബ്‌ളോക്കായി ഇരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തുനൽകി.

കേരളാ കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ്, പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് കത്ത് കൈമാറിയത്. ഈ മാസം 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ മാണി കോൺഗ്രസ് അതോടെ യുഡിഎഫിന്റെ ഭാഗമല്ലാതെ പ്രത്യേകം ബ്‌ളോക്കായി ഇരിക്കും.

കേരളാ കോൺഗ്രസ് (എം) ഇപ്പോൾ യു.ഡി.എഫിന്റെ ഭാഗമല്ലെന്നും അതിനാൽ തന്നെ സഭയിൽ പ്രത്യേക ബ്‌ളോക്ക് വേണമെന്നുമാണ് കത്തിലെ ആവശ്യം. നിയമസഭയിൽ ഒരു മുന്നണിയയേയും പിന്തുണക്കില്ലെന്നും സർക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ വിഷയാധിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും കത്തിൽ പറയുന്നു.

ബാർ കോഴ കേസിൽ പാർട്ടി ചെയർമാൻ കെ.എം.മാണിയെ കുടുക്കാൻ കോൺഗ്രസ് ശ്രമിച്ചു എന്നാരോപിച്ചാണ് യുഡിഎഫിൽ നിന്ന് പുറത്തുപോകാൻ കേരളാകോൺഗ്രസ് ചെയർമാൻ കെഎം മാണി തീരുമാനം പ്രഖ്യാപിക്കുന്നത്. അന്നത്തെ തീരുമാനപ്രകാരമാണ് ഇപ്പോൾ സ്പീക്കർക്ക് കത്തു നൽകിയിട്ടുള്ളത്. യുഡിഎഫ് വിട്ടതിനു പിന്നാലെ സിപിഎമ്മിനൊപ്പം മാണി ഇടതുപാളയത്തിൽ ചേരുമെന്നും അതല്ല ബിജെപിയുടെ പക്ഷത്തേക്ക് നീങ്ങുമെന്നുമെല്ലാം വാർത്തകൾ ഉയർന്നിരുന്നു.