തിരുവനന്തപുരം: ഇടത്തേക്ക് ചായാനുള്ള കെ എം മാണിയുടെ നീക്കത്തിനെതിരെ കലാപക്കൊടി ഉയർത്തുന്നത് മോൻസ് ജോസഫ് എംഎൽഎയും തോമസ് ഉണ്ണിയാടനുമെന്ന് സൂചന. കോട്ടയത്തെ പരീക്ഷണത്തെ ദൗർഭാഗ്യകരമെന്ന് പിജെ ജോസഫ് വിമർശിച്ചതും വിശ്വസ്തനായ മോൻസ് ജോസഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു. ജോസഫിന്റെ മനസ്സ് അറിഞ്ഞാണ് ഇടത് കൂട്ടുകെട്ടിൽ മാണി നിലപാട് മയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇനിയൊരു പടപ്പുറപ്പാടിനുമില്ലെന്ന നിലപാടിലാണ് ജോസഫ്. പുതിയ പാർട്ടിയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്നും ജോസഫ് വിശ്വസ്തരോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മാണിക്കെതിരെ പാളയത്തിൽ പടയ്ക്കുള്ള സാധ്യതയും തീരുകയാണ്. ഒറ്റപ്പെട്ട ശബ്ദമങ്ങൾ മാത്രമേ ഇക്കാര്യത്തിൽ കേരളാ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയരൂ.

കേരള കോൺഗ്രസിൽ കോട്ടയം അട്ടിമറിയുടെ പേരിൽ കലാപം ഉയരാതിരിക്കാൻ തിടുക്കത്തിലുള്ള കരുനീക്കങ്ങളുമായി കെ.എം.മാണി രംഗത്ത് വന്നതാണ് ഇതിന് കാരണം. സംഭവം നിർഭാഗ്യകരം' എന്നു വിശേഷിപ്പിച്ചു മുതിർന്ന നേതാവ് പി.ജെ.ജോസഫ് ഭിന്നത സൂചിപ്പിച്ചതിനു പിന്നാലെ ജോസഫ് പറഞ്ഞതു തന്നെയാണു തനിക്കും പറയാനുള്ളതെന്നു മാണി വ്യക്തമാക്കി. ഇടതുപക്ഷത്തേക്ക് പോകേണ്ട സാഹചര്യമില്ലെന്നും പാർട്ടിയുടെ ഒരു ഫോറത്തിലും വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പറയുകയും ചെയ്തിരുന്നു. ഏകപക്ഷീയ നിലപാടുകൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും നൽകി. അടുത്ത പാർട്ടിയോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യുമെന്ന് മാണി വ്യക്തമാക്കിയതോടെ ജോസഫ് പിന്നോക്കം പോയി. ഇതോടെ മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും നടത്തിയ നീക്കങ്ങളുടെ ശക്തി കുറയുകയും ചെയ്തു.

പ്രാദേശികമായ പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള നിലപാടാണ് കോട്ടയത്തേതെന്നും മുന്നണിമാറ്റം ആലോചിച്ചിട്ടില്ലെന്നും പാർട്ടി എംഎ‍ൽഎ.മാരായ സി.എഫ്. തോമസ്, ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവരും പ്രതികരിച്ചു. അതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപ്പിച്ച കേരള കോൺഗ്രസ് (എം) ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ നിലപാട് തിരുത്തി. വാഴപ്പള്ളി പഞ്ചായത്തിൽ വെള്ളിയാഴ്ച നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം ഷീലാ തോമസിനെ കേരള കോൺഗ്രസ് പിന്തുണച്ചു. ജില്ലാ പ്രസിഡന്റ് ഇ.ജെ. അഗസ്തിയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും മാണി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഇരിങ്ങാലക്കുട നഗരസഭയിൽ കോൺഗ്രസുമായുള്ള സഖ്യം തുടരുമെന്നും നഗരസഭ ഭരണത്തിൽ മാറ്റമുണ്ടാവില്ലെന്നും തൽസ്ഥിതി തുടരുമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കരാർ ലംഘിച്ചു കോൺഗ്രസ് സ്ഥാനാർത്ഥിയെ കൈവിട്ടതു പാർട്ടിയെ വിശ്വാസത്തിലെടുക്കാതെയാണെന്ന പരാതി കേരള കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്. മോൻസ് ജോസഫ് എംഎൽഎ ഇതു പ്രകടിപ്പിച്ചതിനു പിന്നാലെ പി.ജെ.ജോസഫും കടുപ്പിച്ചതോടെയാണു മാണി രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഇതിന് പിന്തുണയുമായാണ് തോമസ് ഉണ്ണിയാടനും ഇരിങ്ങാലക്കുടയിലെ വിഷയം ഉയർത്തി രംഗത്ത് വന്നത്. ഇതോടെയാണ് കേരള കോൺഗ്രസിനെ നിരന്തരം അധിക്ഷേപിച്ച കോട്ടയം ഡിസിസിയോടുള്ള പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണമാണിതെന്ന ന്യായീകരണമാണു മാണി നൽകിയത്്. രാത്രി കയറു കാണുമ്പോൾ പാമ്പാണെന്നു കരുതി ഭയക്കുന്നതുപോലെ സിപിഐയുടെ പ്രതികരണങ്ങളെ കണ്ടാൽമതിയെന്നു സിപിഐയെ കുത്തി മാണി പറഞ്ഞു.

ഇടതുപക്ഷത്തേക്ക് ചേക്കേറുകയാണ് മാണിയുടെ തന്ത്രമെന്നായിരുന്നു വിമർശനം ഉയർന്നത്. എല്ലാത്തിനും പിന്നിൽ ജോസ് കെ മാണിയാണെന്നും അഭിപ്രായം ശക്തമാക്കി. കോൺഗ്രസ് നേതാക്കളുടെ പ്രചരണത്തോടെ കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗം കലാപത്തിന് സാധ്യത തേടി. ജോസഫ് താനൊന്നിനുമില്ലെന്ന് വ്യക്തമാക്കി. മോൻസും കൂട്ടരും സമ്മർദ്ദം ശക്തമാക്കിയതോടെ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. ഇത് മനസ്സിലാക്കിയാണ് മാണി നിലപാട് മയപ്പെടുത്തിയത്. അപ്പോഴും ഇടതു പക്ഷവുമായി സഖ്യത്തിന് ഇല്ലെന്ന് മാണി പറഞ്ഞതുമില്ല. അതിനിടെ മാണി ഗ്രൂപ്പിനെ പിളർത്താൻ സജീവമായി കോൺഗ്രസ് രംഗത്തുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് കരുനീക്കങ്ങൾ നടത്തുന്നത്.

മാണിക്കും ജോസ് കെ മാണിക്കും എതിരെ മാത്രം കോൺഗ്രസുകാർ വിമർശനം ഉയർത്തുന്നതും ബോധപൂർവ്വാണ്. കേരളാ കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗത്തെ പിളർപ്പിന് പ്രേരിപ്പിക്കാനാണ് ഈ നീക്കം. മോൻസും ഉണ്ണിയാടനും ഈ നീക്കത്തിന് കരുത്ത് പകരുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.