- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ; ഇടുക്കിയും മൂവാറ്റുപുഴയും വച്ചുമാറണമെന്നും ആവശ്യം; പത്താമത്തെ സീറ്റായി ഉടുമ്പൻചോല; സീറ്റ് ധാരണ വൈകിയതോടെ കടുംപിടുത്തം ഉപേക്ഷിച്ച് ജോസഫ് വിഭാഗം
കൊച്ചി യുഡിഎഫിലെ സീറ്റുധാരണ വൈകിയതോടെ ഏറ്റുമാനൂർ സീറ്റിനായുള്ള കടുംപിടുത്തത്തിൽ നിന്നും കേരള കോൺഗ്രസ് ജോസഫ് പക്ഷം പിന്മാറുന്നു. അതേസമയം പൂഞ്ഞാർ വേണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഏറ്റുമാനൂരിൽ കേരള കോൺഗ്രസിനു സീറ്റു നൽകുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ ഉയർന്നുവന്ന എതിർപ്പു പരിഗണിച്ചാണ് സീറ്റ് മാറാം എന്നറിയിച്ചിരിക്കുന്നത്.
അതുപോലെ ഇടുക്കിയും മൂവാറ്റുപുഴയും തമ്മിൽ വച്ചുമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പത്താമത്തെ സീറ്റായി ഉടുമ്പൻചോല വേണമെന്ന ആവശ്യവും ഉയർത്തി. ഈ വിവരങ്ങൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
മൂവാറ്റുപുഴ സീറ്റ് വിട്ടു നൽകി ഒരു ധാരണയ്ക്ക് യുഡിഎഫ് തയാറാകുമോ എന്നതു കണ്ടറിയേണ്ട കാര്യമാണ്. പ്രാദേശികതലത്തിൽ സീറ്റു വിട്ടുനൽകുന്നതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു. മൂവാറ്റുപുഴയിലെ സ്ഥാനാർത്ഥി വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വിഭാഗീയത നിലനിൽക്കുന്നത് യുഡിഎഫിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സീറ്റ് കേരള കോൺഗ്രസിനു കൈമാറാനിടയുണ്ടെന്നായിരുന്നു വിലയിരുത്തൽ. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ ഒൻപതുസീറ്റുകളിൽ സമ്മതിപ്പിക്കാനായിരുന്നു കോൺഗ്രസ് ശ്രമം. ഇടതു മുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിൽ മുന്നണിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് എത്രയും പെട്ടെന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് ശ്രമം.




