- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ തമ്മിലടി രൂക്ഷം; തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെ മാറ്റി സ്വന്തം സഭക്കാരനെ നിയമിച്ചു; പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻഎം രാജുവിനെതിരേ രൂക്ഷമായ ആരോപണം; ജോസ് കെ മാണി ഇടപെടുന്നു; ആറന്മുള കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പ്രവർത്തകർക്ക് രഹസ്യ നിർദ്ദേശം
കോട്ടയം: പത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ തമ്മിലടി രൂക്ഷം. ജില്ലാ പ്രസിഡന്റ് എൻഎം രാജുവിനെതിരേ ഒരു വിഭാഗം ശക്തമായി രംഗത്തു വന്നു. തമ്മിലടി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെയർമാൻ ജോസ് കെ. മാണി വിഷയത്തിൽ ഇടപെട്ടു. പത്തനംതിട്ടയിൽ പാർട്ടിയെ ഐപിസിയുടെ പോഷക സംഘടനയാക്കി മാറ്റുന്നുവെന്നാണ് ആരോപണം. ഐപിസിക്കാരനാണ് ജില്ലാ പ്രസിഡന്റ് എൻഎം രാജു. പാർട്ടിയുടെ പോഷക സംഘടനകളുടെ തലപ്പത്ത് നിലവിലുള്ളവരെ മാറ്റി ഐപിസിക്കാരെ കുത്തിത്തിരുകുന്നുവെന്നാണ് ആക്ഷേപം.
യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് മാമൻ വട്ടശേരിയെ മാറ്റി പകരം നൈനാൻ മാത്യുവിനെ നിയമിച്ചതാണ് വിവാദത്തിന് ഇട നൽകിയിരിക്കുന്നത്. ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട ജേക്കബ് മാമനെ മാറ്റി പകരം പെന്തക്കോസ്തുകാരനെ നിയമിച്ചതാണ് പ്രതിഷേധത്തിന് ഇട നൽകിയിരിക്കുന്നത്. മാണി ഗ്രൂപ്പിൽ ഓർത്തഡോക്സ് പക്ഷക്കാർ കുറവാണ്. പാർട്ടി പിളർന്നപ്പോൾ ജോസ് കെ മാണിക്കൊപ്പം നിന്ന ജോസഫ് എം പുതുശേരി പിന്നീട് ജോസഫ് പക്ഷത്തേക്ക് പോകാൻ കാരണം ജില്ലാ പ്രസിഡന്റിന്റെ പെന്തക്കോസ്ത് വൽക്കരണമാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു.
ഇപ്പോൾ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാത്യു പാർട്ടി പിളർന്നപ്പോൾ ജോസഫ് പക്ഷത്തായിരുന്നു. പാർട്ടി ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസിനോട് വിയോജിച്ച് അടുത്ത കാലത്താണ് മാണി ഗ്രൂപ്പിൽ ചേക്കേറിയത്. ഇങ്ങോട്ടു വന്നതിന് പിന്നാലെ ഇയാൾക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകിയത് എൻഎം രാജുവിന് സഭ വളർത്താൻ വേണ്ടിയാണ് എന്നാണ് ആരോപണം. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുകയെ സ്വാധീനിച്ചാണ് ഇപ്പോൾ ജേക്കബ് മാമൻ വട്ടശേരിയെ മാറ്റിയത്. എൻഎം രാജുവിന്റെ സഭാ പ്രീണനം പത്തനംതിട്ടയിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ജോസ് കെ മാണിക്ക് പരാതി ചെന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ 26 ന് ജില്ലാ കമ്മറ്റി യോഗം വിളിക്കാൻ ജോസ് കെ. മാണി നിർദേശിച്ചിട്ടുണ്ട്.
അതേ സമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറന്മുള മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പ്രവർത്തകർക്ക് രഹസ്യ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. നിലവിൽ എൽഡിഎഫിൽ റാന്നി മാണി ഗ്രൂപ്പിന് കൊടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. വീണയെ റാന്നിയിലേക്ക് മാറ്റി ആറന്മുള മാണി ഗ്രൂപ്പിന് നൽകാൻ പോകുന്നുവെന്ന തരത്തിൽ പ്രചാരണം കൊടുമ്പിരിക്കൊള്ളുകയാണ്.
ജില്ലയിൽ ലഭിക്കുന്ന ഏക സീറ്റിൽ മത്സരിക്കാൻ എൻഎം രാജു തയ്യാറെടുത്തു വരികയാണ്. എന്നാൽ, ഇത് സിപിഎം അംഗീകരിക്കാൻ സാധ്യതയില്ല. ജോസ് കെ. മാണി രാജി വച്ച സീറ്റിൽ എൻഎം രാജുവിനെ രാജ്യസഭയിൽ എത്തിക്കാൻ നീക്കം നടന്നിരുന്നു. സിപിഎം എതിർപ്പ് പ്രകടിപ്പിച്ചതോടെ ആ ആശയം മുളയിലേ നുള്ളി. ഇതോടെയാണ് അദ്ദേഹം നിയമസഭയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോഴുണ്ടായ വിവാദങ്ങൾ പ്രതിഛായയെ ബാധിച്ചാൽ അത് രാജുവിന് തിരിച്ചടിയാകും.