കോട്ടയം: കേരളാ കോൺഗ്രസ് മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള ശക്തിപ്രകടനത്തിലും പൊതുസമ്മേളനത്തിലും വൻ പൊതുജന പങ്കാളിത്തം. മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭിപ്രായ ഭിന്നതകൾക്കിടയിൽ നടന്ന പൊതുസമ്മേളനത്തിൽ മാണിയും ജോസഫും കേരളത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണ് കേരളാ കോൺഗ്രസ് എമ്മെന്ന് വ്യക്തമാക്കി. ഇതോടെ അധികം താമസിയാതെ മുന്നണിപ്രവേശവും സാധ്യമാകുമെന്നാണ് പൊതുവിലയിരുത്തൽ.

കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം നടന്നത്. സ്ത്രീകൾ അടക്കം വൻ ജനസഞ്ചയം തന്നെയാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിത്. 15,000 പേർ മാത്രമേ എത്തുമെന്ന് പറഞ്ഞ പി സി ജോർജ്ജിന്റെ പ്രവചനത്തെയും കവച്ചുവെക്കുന്നതായിരുന്നു പരിപാടിക്കെത്തിയ ജനസഞ്ചയം വ്യക്തമാക്കിയത്. ഏകദേശം അമ്പതിനായിരത്തിലേറെ പേർ പൊതുസമ്മേളനത്തിലും ജാഥയിലും പങ്കെടുത്തു. വൻ ജനസഞ്ചയം തന്നെയായിരുന്നു പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. വൻ ജനക്കൂട്ടത്തിന് മുന്നിൽ ആവേശഭരിതരായാണ് നേതാക്കൾ പ്രസംഗിച്ചതും.

ചരൽക്കുന്ന് തീരുമാനത്തിൽ മാറ്റം വരുത്തി ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുക, ജോസ് കെ മാണിയെ പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടു വരിക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടായിരുന്നു കെഎം മാണി മഹാസമ്മേളനം തുടങ്ങിത്തിന് കോപ്പു കൂട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മകൻ ജോസ് കെ മാണിയുടെ നിലനിൽപ്പിന് തന്നെ ചരൽക്കുന്ന് തീരുമാനം വെല്ലുവിളിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് ഇടതു ബാന്ധവത്തിന് മാണി ശ്രമം നടത്തിയത്. എന്നാൽ ജോസ് കെ മാണിയെ പാർട്ടി ചെയർമാനാക്കി എൽഡിഎഫിനോട് അടുക്കുവാനുള്ള നീക്കത്തിൽ പിജെ ജോസഫ് വിഭാഗം എതിർപ്പുമായി രംഗത്ത് വന്നതോടെ കെഎം മാണി പ്രതിസന്ധിയിലായി. സമ്മേളനത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യുമെന്ന് പറയുന്ന മാണിക്ക് എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കുവാൻ കഴിഞ്ഞിട്ടില്ല. തങ്ങളുടെ അജണ്ടയുമായി യോജിക്കുന്ന ആരുമായും സഹകരിക്കുമെന്നാണ് മാണിയുടെ ഇപ്പോഴത്തെ നിലപാട്.

വിവിധ ജില്ലകളിൽ നിന്നുള്ള 200 അംഗങ്ങളാണ് നാളത്തെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. ചർച്ചയിൽ പിജെ ജോസഫ് വിഭാഗത്തിന്റെ നിലപാടുകളാവും നിർണായകം. മുന്നണിപ്രവേശന കാര്യത്തിലും നേതൃമാറ്റത്തിലും മാണി തീരുമാനം പ്രഖ്യാപിച്ചാൽ പിജെ ജോസഫും കൂട്ടരും കടുത്ത നിലപാടിലേക്ക് നീങ്ങിയേക്കും. മാണിയുടെ വിശ്വസ്തരിൽ പലരും ഇക്കാര്യത്തിൽ പിജെ ജോസഫിനോട് യോജിക്കുന്നവരുമാണ്.

മഹാസമ്മേളനം കഴിയുന്നതോടെ കേരളാ കോൺഗ്രസ് (എം) സംസ്ഥാനത്തെ സമ്മർദശക്തിയായി മാറുമെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എംപി. വരുംദനങ്ങളിൽ കേരളത്തിന്റെ രാഷ്ട്രീയഅജണ്ട തീരുമാനിക്കുക കേരളാ കോൺഗ്രസ് ആയിരിക്കുമെന്നും ജനകീയ വിഷയങ്ങളിൽ ശരിയായ നിലപാട് എടുക്കുന്നവർക്കൊപ്പം പാർട്ടി നിൽക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത് അതിന് പരിഹാരം കാണുന്ന മുന്നണിയുമായി ചേർന്ന് കേരളാ കോൺഗ്രസ് പ്രവർത്തിക്കും. മുന്നണി ഏതെന്നതല്ല, നിലപാടാണ് പ്രശ്‌നം. കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സാമൂഹിക വിഷയങ്ങൾ തുടങ്ങിയവയുമായി സഹകരിക്കുന്ന പാർട്ടികളുമായും മുന്നണിയുമായും കേരളാ കോൺഗ്രസ് സഹകരിച്ച് പ്രവർത്തിക്കും. പാർട്ടിയുടെ നേതൃമാറ്റ വിഷയത്തിൽ പ്രവർത്തകരെ നിരാശരാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ, മുന്നണി പ്രവേശനത്തിൽ സമ്മർദത്തിനു വഴങ്ങി തീരുമാനമെടുക്കില്ലെന്ന് കെ.എം.മാണി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു മാണിയുടെ പരാമർശം. 50 വർഷമായി പൊതുരംഗത്തുള്ള തന്നെ സമ്മർദത്തിലാക്കാൻ കഴിയില്ല. കേരള കോൺഗ്രസിന്റെ സമീപനവുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കും. ഇക്കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്നും മാണി വ്യക്തമാക്കിയിരുന്നു.