ചരൽകുന്ന്: കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടു. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് മാണി പാർട്ടിയുടെ ചരൽകുന്ന് ക്യാമ്പത്ിന് ശേഷം നടത്തിയ വാർത്താസമ്മേളനത്ിൽ അറിയിച്ചു. കേരളാ കോൺഗ്രസ് എമ്മിനെ ദുർബലപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ പാർട്ടിയെയും പ്രത്യേകിച്ച് പാർട്ടി ലീഡറെയും കടന്നാക്രമിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും കോൺഗ്രസിലെ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തിയ ശ്രമങ്ങളെ പാർട്ടി കാണുന്നു. പാർട്ടിയുടെ നയങ്ങളെ ഉയർത്തിപ്പിടിക്കാൻ സ്വതന്ത്രവീക്ഷണത്തോടെ ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷമായി പ്രവർത്തിക്കുന്നതിനും സഹായകമായി നിയമസഭിയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും മാണി എഴുതി തയറാക്കിയ കുറിപ്പിൽ വ്യക്തമാക്കി.

ബാർകോഴ ഒരു കാരണം മാത്രമാണ്. മുന്നണി വിടാൻ വേറേയും കാരണങ്ങളുണ്ട്. കോൺഗ്രസ് മുന്നണി മര്യാദ പാലിച്ചില്ല. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി തുടരും. തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും യുഡിഎഫുമായുള്ള ബന്ധം തുടരുമെന്നും മാണി പറഞ്ഞു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് പതിറ്റാണ്ടോളം നീണ്ട മുന്നണി ബന്ധം ഉപേക്ഷിച്ചാണ് മാണി ഇപ്പോൾ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഒറ്റയ്ക്കിരിക്കാൻ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം. ചരൽകുന്നിൽ നടന്ന കേരളാ കോൺഗ്രസിന്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പാർട്ടി ചെയർമാൻ കെഎം മാണി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചു. നിയമസഭയിൽ കേരളാ കോൺഗ്രസിന്റെ ആറ് എംഎൽഎമാർ പ്രത്യേക ബ്ലോക്കായി ഇരിക്കും. എന്നാൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇപ്പോൾ യുഡിഎഫുമായുള്ള സഹകരണം തുടരും. പഞ്ചായത്തുകളിൽ ബന്ധം തുടരുന്നത് സംബന്ധിച്ച് തീരുമാനം കെഎം മാണിയും പിജെ ജോസഫും ചേർന്ന് തീരുമാനിക്കും. സംസ്ഥാനത്ത് മൂന്ന് മുന്നണികളോടും സമദൂര സമീപനമായിരിക്കും ഇനി സ്വീകരിക്കുക. കേന്ദ്രത്തിൽ യുപിഎ മുന്നണിക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ നൽകാനുമാണ് തീരുമാനം.

കേരളാ കോൺഗ്രസ് എമ്മിനെ ദുർബലപ്പെടുത്താൻ പാർട്ടിയെയും പാർട്ടിയുടെ ലീഡറെയും കടന്നാക്രമിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും കോൺഗ്രസിലെ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമം നടത്തിയെന്ന് മാണി വാർത്താസമ്മേളനത്തിൽേ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽപിക്കാൻ ശ്രമിച്ചു. ഏറ്റുമാനൂർ, പൂഞ്ഞാർ, ഇരിങ്ങാലക്കുട, തിരുവല്ല മണ്ഡലങ്ങളിൽ തോൽപിക്കാൻ ശ്രമിച്ചു. സീറ്റു വിഭജനത്തിലും അവഗണനയാണ് ലഭിച്ചത്. പാലയടക്കമുള്ളിടത്തും കോൺഗ്രസ് കാലുവാരാൻ ശ്രമിച്ചു.ഇതെല്ലാം സഹിച്ച് മുന്നണിയിൽ തുടരേണ്ടതില്ലെന്നും മാണി വ്യക്തമാക്കി.

ഒരു വീടായാൽ മനസമാധാനം അനിവാര്യമാണ്. എന്നും വഴക്കും ബഹളവുമായാൽ മനസുഖം ഉണ്ടാകില്ല. കോൺഗ്രസ് നേതൃത്വത്തിലെ ചില വ്യക്തികളാണ് പ്രശ്‌നക്കാർ. എന്നാൽ, ആരുടെയും കാര്യത്തിൽ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്നും കോൺഗ്രസ് നേതൃത്വത്തെ കുറിച്ചാണ് താൻ പറയുന്നതെന്നും മാണി പറഞ്ഞു. ഇതു കേൾക്കുമ്പോൾ കൊള്ളേണ്ടവർക്ക് കൊണ്ടോളുമെന്നും അറിയേണ്ടവർ അറിഞ്ഞുകൊള്ളുമെന്നും മാണി കൂട്ടിച്ചേർത്തു. യു.ഡി.എഫിന് നന്മ നേരുന്നു. ആരെയും ശപിച്ചിട്ടല്ല പോകുന്നതെന്നും മാണി പറഞ്ഞു. പാർട്ടിയേയും തന്നേയും അപമാനിക്കാൻ മനഃപൂർവ്വം പ്രവർത്തിച്ചു. കോൺഗ്രസ് നേതൃത്വത്തിലെ ചില വ്യക്തികളാണ് ഇതിനുപിന്നിൽ. മുന്നണി വിടുന്നതിനുള്ള തീരുമാനം കുറച്ചുനേരത്തെ എടുക്കേണ്ടതായിരുന്നു. പാർട്ടിയെ ദുർബലപ്പെടുത്താൻ പ്രത്യേക ഫണ്ടുപോലും നൽകി. കോൺഗ്രസിന് നന്മ വരുമെന്നും മാണി പരിഹാസ രൂപേണ പറഞ്ഞു.

എൽഡിഎഫിലേക്കും ബിജെപിയിലേക്കും പോകില്ലെന്നും വ്യക്തമാക്കിയ മാണി പ്രതിപക്ഷ ധർമ്മം ഏറ്റെടുത്തു നടത്തുമെന്നും വ്യക്തമാക്കി. യുഡിഎഫ് വിട്ടേക്കുമെന്ന സൂചന ഇന്നലെത്തന്നെ കെ.എം. മാണി നൽകിയിരുന്നു. കോൺഗ്രസിനോടും സിപിഎമ്മിനോടും സമദൂരമാണെന്നും പ്രശ്‌നാധിഷ്ഠിത രാഷ്ട്രീയമായിരിക്കും ഇനി പാർട്ടിനയമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി മുന്നണിയിൽ നിലനിൽക്കുന്ന ബാർ കോഴയടക്കമുള്ള പ്രശ്‌നങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കു കേരള കോൺഗ്രസിനെ എത്തിക്കുന്നത്.