കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിനെ പിന്തുണക്കാൻ കേരളാ കോൺഗ്രസ് തീരുമാനം. ഇക്കാര്യം പാർട്ടി യോഗത്തിന് ശേഷം ഔദ്യോഗികമായി വാർത്താസമ്മേളനം പാർട്ടി ചെയർമാൻ കെ എം മാണി അറിയിച്ചു. കേരളാ കോൺഗ്രസ് യുഡിഎഫിനെ പിന്തുണക്കുമെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാവിലെ പത്തരയ്ക്ക് പാലായിൽ കെ.എം. മാണിയുടെ വീട്ടിൽ ചേർന്ന പാർട്ടി ഉപസമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ തീരുമാനം കേരളാ കോൺഗ്രസ് പ്രഖ്യാച്ചത്.

അതേസമയം കേരള കോൺഗ്രസ് യുഡിഎഫ് മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനം എടുത്തിട്ടുള്ളത്. യുഡിഎഫിൽ ചേരുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീടേ തീരുമാനമെടുക്കുകയുള്ളൂ. യുഡിഎഫിന്റെ കൂട്ടത്തിൽ സഹകരിക്കാതെ സ്വന്തം നിലയിൽ കൺവെൻഷൻ വിളിച്ച് പ്രചരണം നടത്താനാണ് തീരുമാനം.

വൈകിട്ട് ആറിന് ചെങ്ങന്നൂർ നിയോജകമണ്ഡലം യോഗം ചേർന്ന് തീരുമാനം പ്രവർത്തകരെ അറിയിക്കും. ജോസ് കെ. മാണി എംപി യോഗത്തിൽ പങ്കെടുക്കും. മലപ്പുറം വേങ്ങര മോഡൽ സഹകരണമാണ് ഉണ്ടാകുക. യുഡിഎഫ് കൺവൻഷനിൽ കേരള കോൺഗ്രസ് പങ്കെടുക്കില്ല. പകരം കേരള കോൺഗ്രസ് പ്രത്യേക തിരഞ്ഞെടുപ്പു കൺവൻഷൻ വിളിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയെ ഇവിടെ വിളിച്ച് പങ്കെടുപ്പിക്കും. 24 ന് കേരള കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുപ്പ് കൺവൻഷൻ ചെങ്ങന്നൂരിൽ ചേരും.

പാർട്ടി ലീഡർ കെ.എം. മാണിയും പി.ജെ. ജോസഫും പങ്കെടുക്കും. യുഡിഎഫിനോടുള്ള ശത്രുത അവസാനിച്ചോ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ശത്രുകളോടുപോലും ക്ഷമിക്കുന്നതാണ് തന്റെ രീതിയെന്ന് കെ.എം. മാണി പറഞ്ഞു. യോഗത്തിനുമുൻപ് പി.ജെ. ജോസഫും കെ.എം. മാണിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ ഇന്നലെ വൈകിട്ട് കെ.എം.മാണിയെ വീട്ടിലെത്തി കണ്ടതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.

അതേസമയം കേരളാ കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്ന് ബോധ്യമായതോടെ ഇന്നലെ വരെ പിന്തുണ തേടിയ എൽഡിഎഫ് സ്ഥാനാർത്ഥി കേരളാ കോൺഗ്രസിനെ നിസ്സാരക്കാരാക്കി രംഗത്തെത്തി. കേരള കോൺഗ്രസ് യുഡിഎഫിനെ പിന്തുണച്ചാലും തന്റെ ജയത്തെ ബാധിക്കില്ലെന്നു ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി സജി ചെറിയാൻ പ്രതികരിച്ചു. ചെങ്ങന്നൂരിൽ കേരള കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളുണ്ട്. എന്നാൽ പേടിയില്ല. പാർട്ടി എന്തു തീരുമാനിച്ചാലും നേതാക്കളും പ്രവർത്തകരും തനിക്കൊപ്പമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.

പാർട്ടിയിലെ ഭൂരിപക്ഷ വികാരവും യുഡിഎഫിനെ പിന്തുണക്കണം എന്നതാണ്. കോൺഗ്രസ് നേതാക്കളും ഇക്കാര്യം നിരന്തരം അഭ്യർത്ഥിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഒരു മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു. പാർട്ടി വൈസ് ചെയർമാനായ ജോസ് കെ മാണിയും യുഡിഎഫ് അനുകൂല നിലപാട് കൈക്കൊള്ളാം എന്ന തീരുമാനത്തോട് യോജിച്ചു. അദ്ദേഹം മുൻകൈയെടുത്ത് ഇക്കാര്യം മുതിർന്ന നേതാക്കളോടു സംസാരിക്കുകയും ചെയ്തു. ജോസഫ് വിഭാഗം നേതാക്കൾ തുടക്കം മുതൽ തന്നെ ഈ വിഷയത്തിൽ യുഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. മാണിയാണ് മനസു തുറക്കാതിരുന്നത്. ജോസ് കെ മാണി ഇടപെട്ടതോടെ യുഡിഎഫിനെ പിന്തുണക്കാമെന്ന നിലപാടിലേക്ക് മാണിയും മനസു മാറ്റുകയായിരുന്നു.

എൽഡിഎഫിലേക്ക് എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് കെ എം മാണി യുഡിഎഫ് വിട്ടത്. ഇതോടെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് സിപിഎം നേതാക്കളെത്തി. കോടിയേരി ബാലകൃഷ്ണനായിരുന്നു ഇക്കൂട്ടരിൽ മുന്നിൽ. എന്നാൽ, മാണിയെ പരിഹസിച്ചു കൊണ്ടും മാണി അധികപ്പറ്റാണെന്നും പരസ്യമായി പറഞ്ഞ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുണ്ടായിരുന്നു. ചെങ്ങന്നൂരിൽ പോലും മാണിയുടെ വോട്ട് വേണ്ടെന്ന് കാനം പറഞ്ഞു. എന്നാൽ, ഈ നിലപാടിനെയും തള്ളിപ്പറഞ്ഞു കൊണ്ടാണ് കോടിയേരി രംഗത്തെത്തിയത്. തന്നെ കണ്ട് പിന്തുണ തേടിയ കോടിയേരിക്ക് മാണി പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇപ്പോൾ പാർട്ടി തീരുമാനം യുഡിഎഫിന് അനുകൂലമാകുമ്പോൾ മാണി എന്തു പറയും എന്നാണ് അറിയേണ്ടത്.

ചെങ്ങന്നൂരിൽ പ്രചരണത്തിന് എത്തിയ വി എസ് അച്യുതാനന്ദൻ മാണിയെ തള്ളിപ്പറഞ്ഞു കൊണ്ടു രംഗത്തെത്തിയിരുന്നു. അതുകൊണ്ട് ചെങ്ങന്നൂരിൽ തങ്ങൾ നിലപാടു മാറ്റുന്നു എന്നു പറഞ്ഞ് മണി യുഡിഎഫിനെ പിന്തുണക്കാനാണ് ഒരുങ്ങുന്നത്. ഈ വിഷത്തിൽ തന്നെ പിന്തുണച്ചു കൊണ്ട് അധികമാരും എത്തിയില്ലെന്ന പരാതിയും മാണിക്കുണ്ട്. വിഎസിന്റെ വിമർശനം ചൂണ്ടിക്കാട്ടി കോടിയേരിയോടു ഒഴിവുകഴിവുകൾ പറയുകയുമാകാം എന്നാണ് മാണി മനസിൽ കാണുന്നത്. വിഎസിന്റെ വിമർശനം കൂടാതെ സിപിഐയുടെ എതിർപ്പും കൂടി കേരളാ കോൺഗ്രസ് തീരുമാനത്തിൽ പ്രതിഫലിച്ചു. ഇനിയും എൽഡിഎഫ് പ്രവേശനത്തിന്റെ പേരിൽ നാണം കെടാൻ ഇല്ലെന്നാണ് കെ എം മാണി തീരുമാനിച്ചിരിക്കുന്നത്.

ബാർകോഴ കേസ് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇതോടെ ഇനി മുന്നണി രാഷ്ട്രീയം ആകാമെന്നാണ് പാർട്ടി നിലപാടിൽ എത്തിയിരിക്കുന്നത്. എന്തായാലും യുഡിഎഫിലേക്ക് മാണി തിരികെ എത്തുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ചെങ്ങന്നൂരിൽ യുഡിഎഫിനെ പിന്തുണക്കും. പതിയെ മാണി മുന്നണിയിലേക്ക് തിരികെ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയിൽ മത്സരിച്ച് വിജയിക്കാമെന്നുമാണ് പൊതുവിലയിരുത്തൽ. ഇന്നലെ യുഡിഎഫ് നേതാക്കൾ കൂട്ടത്തോടെ എത്തി മാണിയെ കണ്ടതാണ് ഗുണകരമായി മാറിയത്.

ഡി.വിജയകുമാർ മാണിയെ സന്ദർശിച്ചതൊഴിച്ചാൽ കോൺഗ്രസ് നേതൃത്വം ഔപചാരികമായി അദ്ദേഹത്തെ കണ്ടു പിന്തുണ തേടിയിട്ടില്ല. ഇന്നലെ അതുകൂടിയാണു പാലായിൽ സംഭവിച്ചത്. 2016 ഓഗസ്റ്റിലാണു യുഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞു മാണി മുന്നണി വിട്ടത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ച് അദ്ദേഹത്തിന്റെ പാർട്ടി എൽഡിഎഫിനെ അധികാരത്തിലേറ്റുക കൂടി ചെയ്തതോടെ ബന്ധം തീർത്തും വഷളായി. സിപിഐ എതിർക്കുന്നുവെങ്കിലും എൽഡിഎഫ് ബന്ധത്തിനു മാണി തയാറാകുന്നുവെന്ന സൂചന ശക്തമാകുമ്പോഴാണു ലീഗിന്റെ ഇടപെടലും വഴിത്തിരിവും.