കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച് കേരളാ കോൺഗ്രസ് മാണി വിഭാഗം. സി.പി.എം പിന്തുണച്ചതോടെ ജില്ലാ പഞ്ചായത്ത് ഭരണം കേരളാ കോൺഗ്രസ് പിടിച്ചു. എട്ടിനെതിരെ 12 വോട്ടിനാണ് കേരളാ കോൺഗ്രസ് വിഭാഗം വിജയിച്ചത്. സക്കറിയ കുതിരവേലിയാണ് സി.പി.എം ബാന്ധവത്തിൽ പ്രസിഡന്റായത്. വോട്ടെടുപ്പിൽ പി സി ജോർജ്ജ് വിഭാഗത്തിന്റെ പ്രതിനിധി വോട്ട് അസാധുവാക്കിയപ്പോൾ സിപിഐ പ്രതിനിധി വിട്ടുനിന്നു. കേരളാ കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സക്കറിയാസ് കുതിരവേലി.

യുഡിഎഫ് ബാന്ധവം ഉപേക്ഷിച്ച് ഇപ്പോൾ സ്വതന്ത്രമായി നിൽക്കുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗം പതിയെ ഇടതുമുന്നണിയിലേക്ക് ചേക്കേറാൻ ശ്രമം തുടങ്ങിയെന്ന വാർത്തകൾ ശക്തമായ സാഹചര്യത്തിലാണ് നിർണായകമായ ഈ നീക്കം ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പോടെ മുന്നണിയിൽ ചേക്കേറുമെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം കേരളാ കോൺഗ്രസിന്റേത് രാഷ്ട്രീയ മര്യാദ ഇല്ലാത്ത നിലപാടാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. മാണി വിഭാഗം മുന്നണി വിട്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധം തുടരാൻ തീരുമാനിച്ചിരുന്നു. ഈ ധാരണ മാണി വിഭാഗം നേതാക്കൾ തെറ്റിച്ചുവെന്നാണ് കോൺഗ്രസ് നേതാക്കൾ പരാതിപ്പെടുന്നത്. എന്നാൽ, മുന്നണി ബന്ധത്തിലെ അവ്യക്തത നീങ്ങിയതിൽ സന്തോഷമുണ്ടെന്ന് ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ് പ്രതികരിച്ചു. ജോസ് കെ മാണിയുടെ നിലപാടാണ് ഇപ്പോഴത്തെ നിലപാടിന് കാരണമെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ജോസ് കെ മാണി ചതിച്ചുവെന്ന് പറഞ്ഞാണ് നേതാക്കൾ പ്രതികരണങ്ങളുമായി എത്തിയത്.

22 അംഗ ജില്ലാ പഞ്ചായത്തിൽ സിപിഐഎമ്മിന് ആറും സിപിഐക്ക് ഒന്നും കോൺഗ്രസിന് എട്ടും കേരള കോൺഗ്രസ് എമ്മിന് ആറും പിസി ജോർജിന്റെ സെക്യുലറിന് ഒരു സീറ്റുമാണുള്ളത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ളതുപോലെ പോകുമെന്നായിരുന്നു യുഡിഎഫിൽനിന്ന് വിട്ടുപോരുമ്പോൾ മാണി വിഭാഗം കൈകൊണ്ട തീരുമാനം. എന്നാൽ അതിൽനിന്ന് ഭിന്നമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് മാണി വിഭാഗം തീരുമാനിച്ചത്. നേരത്തെ കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണകളെല്ലാം അട്ടിമറിച്ചായിരുന്നു ഈ തീരുമാനം.

ധാരണ പ്രകാരം പുതിയ പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രാദേശിക തലങ്ങളിൽ വിവിധയിടങ്ങളിൽ കോൺഗ്രസും കേരളാ കോൺഗ്രസും ധാരണ ലംഘിച്ചതോടെയാണ് കോട്ടയം ജില്ലാ പഞ്ചായത്തിലും പ്രതിസന്ധി ഉടലെടുത്തത്. മൽസരിക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നീക്കത്തോടുള്ള എതിർപ്പ് കേരളാ കോൺഗ്രസ് എൽഎഎമാരുടെ യോഗത്തിലും ഉയർന്നു. പ്രാദേശിക തലത്തിലും ഈ നീക്കത്തോട് അത്ര കണ്ട് യോജിപ്പില്ല. ഏതായാലും ജില്ലയിൽ കോൺഗ്രസ് കേരളാ കോൺഗ്രസ് ബന്ധം കുടുതൽ വഷളാകുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണമാകുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇതോടെ കോൺഗ്രസ് ബന്ധം പൂർണമായും അവസാനിപ്പിക്കുന്നുവെന്ന സൂചനയാണ് കെ എം മാണി നൽകുന്നതും.