- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കിയതിൽ കേരള കോൺഗ്രസിലും പ്രതിഷേധം; പിറവത്ത് ജോസ് കെ മാണിയുടെ കോലം കത്തിച്ച് പാർട്ടി പ്രവർത്തകർ; അണികളുടെ പ്രതിഷേധം സിന്ധുമോൾ പ്രചാരണം നടത്തിയതിന് പിന്നാലെ; സീറ്റും സ്ഥാനാർത്ഥിയേയും കൊടുത്ത് വിശാല മനസ് കാണിച്ച സിപിഎമ്മിനെ മനസിലാകാതെ കേരളം
പിറവം: സിപിഎമ്മുകാരിയായ സിന്ധുമോൾ ജേക്കബിന് പിറവം സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിലും ശക്തമായ പ്രതിഷേധം. ജിൽസ് പെരിയപ്പുറത്തിനെ തഴഞ്ഞ് സിപിഎം ഉഴവൂർ ബ്രാഞ്ച് കമ്മിറ്റിയംഗമായ സിന്ധുമോൾ ജേക്കബിന് പിറവത്ത് സീറ്റ് നൽകിയതിലാണ് പ്രതിഷേധം. കേരള കോൺഗ്രസ് പ്രവർത്തകർ പിറവത്ത് ജോസ് കെ മാണിയുടെ കോലം കത്തിച്ചു. സിന്ധുമോൾ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് പ്രവർത്തകരുടെ പ്രതിഷേധം.
പിറവത്ത് യാക്കോബായ വിഭാഗത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കാനായിരുന്നു ഇടതു മുന്നണിയുടെ നീക്കം. ജോസ് കെ മാണി വിഭാഗത്തോട് യാക്കോബായ സഭ നിർദ്ദേശിക്കുന്നയാളെ പിറവത്ത് മത്സരിപ്പിക്കണമെന്ന് സിപിഎം അറിയിച്ചിരുന്നു. എന്നാൽ യാക്കോബായ സഭ ബിജെപി അനുകൂല നിലപാടിലേക്ക് മാറിയതോടെയാണ് പിറവത്ത് കാര്യങ്ങൾ മാറി മറിഞ്ഞത്. ജോസ് കെ മാണി വിഭാഗത്തിന് സ്ഥാനാർത്ഥിയെ നിശ്ചയിക്കാമെന്ന സാഹചര്യം അതോടെ വന്നു. പിന്നാലെ യാക്കോബായ വിഭാഗത്തിൽ പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥി ആക്കുകയായിരുന്നു.
എന്നാൽ സിപിഎം- ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ മാത്രമറിഞ്ഞ സിന്ധുമോളുടെ സ്ഥാനാർത്ഥിത്വം ഉഴവൂരിലെ സിപിഎം നേതാക്കളെ ചൊടിപ്പിച്ചു. രാവിലെ തന്നെ കമ്മിറ്റി കൂടി സിന്ധുമോളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി, പോസ്റ്ററും ഒട്ടിച്ചു. എന്നാൽ, സിന്ധുമോൾ ജേക്കബിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയ ലോക്കൽ കമ്മിറ്റിയുടെ നടപടി ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞു. ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ തന്നെയാണ് ഇത് തള്ളിയത്.
ഒരു അംഗത്തെ പുറത്താക്കാൻ ലോക്കൽ കമ്മിറ്റിക്ക് അധികാരമില്ലെന്നും അവരുടെ നടപടിയെ കുറിച്ച് തനിക്കറിയില്ലെന്നും വി.എൻ.വാസവൻ പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ മത്സരിക്കാൻ യോഗ്യയാണ് സിന്ധുമോൾ ജേക്കബ്. പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിച്ച പരിചയമുണ്ട്. ഏൽപ്പിക്കുന്ന ഉത്തരവാദിത്തം കൃത്യനിഷ്ഠയോടെ ചെയ്യുമെന്നും വാസവൻ പറഞ്ഞു.മറ്റുകാര്യങ്ങളൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമാകും ചർച്ച ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് സിന്ധുമോൾ. ഇന്നലെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോൾ അതിൽ സിന്ധുമോളും ഇടം പിടിച്ചിരുന്നു. ഇന്ന് രാവിലെയാണു സിന്ധുമോളെ പുറത്താക്കിയെന്ന് സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റി പ്രസ്താവന ഇറക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനു ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജേക്കബിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി എന്ന പ്രസ്താവനയാണ് സിപിഎം ലോക്കൽ കമ്മിറ്റി ഇറക്കിയത്. ഇതു വ്യക്തമാക്കിയുള്ള പോസ്റ്ററുകളും പാർട്ടി ഉഴവൂരിൽ പതിച്ചിട്ടുണ്ട്.
ഇന്നു രാവിലെ ചേർന്ന അടിയന്തര ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. എന്നാൽ കേരള കോൺഗ്രസു(എം)മായി പ്രശ്നങ്ങൾ ഇല്ലെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു. ഉഴവൂർ ഉൾപ്പെടുന്ന കടുത്തുരുത്തി മണ്ഡലത്തിൽ എൽഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് ലോക്കൽ സെക്രട്ടറി ഷെറി മാത്യു പറഞ്ഞു.
എന്നാൽ, സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുതന്നെയാണ് മത്സരിക്കുന്നതെന്നായിരുന്നു സിന്ധു ജേക്കബിന്റെ പ്രതികരണം. കേരള കോൺഗ്രസ് (എം) സമീപിച്ചപ്പോഴും സിപിഎം സമ്മതമില്ലാതെ മത്സരിക്കില്ല എന്ന് അറിയിച്ചിരുന്നു. ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം തമ്മിൽ സംസാരിച്ചാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെന്നും അവർ ഒരു ഓൺലൈനോട് പറഞ്ഞു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായിരുന്നു താനെന്നും മറ്റ് ഭാരവാഹിത്വങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. ഇതുവരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് എൽഡിഎഫ് സ്വതന്ത്രയായിട്ടു മാത്രമാണ്. അതിനാൽ മറ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയാകുന്നതിൽ തെറ്റില്ലെന്നാണ് പൊതുവിൽ അഭിപ്രായം വന്നത്. താൻ ഇപ്പോഴും ഇടതുപക്ഷത്തു തന്നെയാണെന്നും സിന്ധുമോൾ പറഞ്ഞു. സിപിഎം അംഗമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പാർട്ടി സ്വതന്ത്രയായാണ് അവർ മത്സരിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ