വികസനക്കുതിപ്പ് തുടർന്ന് യുഎഇയുടെ സാംസ്‌കാരിക തലസ്ഥാനം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നഖീൽ ഗ്രൂപ്പുമായി ചേർന്ന് ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്) നിർമ്മിക്കുന്ന വൻകിട റീട്ടെയിൽ കേന്ദ്രമാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടത്. 75 മില്യൺ ദിർഹംസ് ചെലവ് പ്രതീക്ഷിക്കുന്ന വ്യാപാര കേന്ദ്രം ഷാർജ അൽ റഹ്മാനിയ പ്രദേശത്താണ് ഒരുക്കുക. ഇത് സംബന്ധിച്ച കരാറിൽ ശുറൂഖ് സിഇഒ മർവാൻ ബിൻ ജാസിം അൽ സർക്കാലും നഖീൽ മേധാവി സഞ്ജയ് മഞ്ചന്തയും ഒപ്പു വെച്ചു.

ഷോപ്പിങ് , ഭക്ഷണ ശാലകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവക്ക് പ്രാധാന്യം കൊടുത്തു നിർമ്മിക്കുന്ന കേന്ദ്രം ഷാർജയിലെ റീട്ടെയിൽ രംഗത്തെ നിർണായക ചുവടുവെപ്പുകളിൽ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. ഷാർജയുടെ സാംസ്‌കാരിക-നിക്ഷേപ രംഗത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശുറൂഖിന്റെ ഈ പദ്ധതി ഷാർജയിലെ പാർപ്പിട-വിനോദ രംഗത്തെ വളർച്ചയ്ക്ക് ഏറെ സഹായകരമാവുമെന്നു ശുറൂഖ് സിഇഒ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു. ''ടൂറിസം, നിക്ഷേപം എന്നീ രംഗങ്ങളോടൊപ്പം വർധിച്ചു വരുന്ന പാർപ്പിട-വിനോദ രംഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ വികസന മാതൃകയാണ് ശുറൂഖ് മുന്നോട്ടു വെയ്ക്കുന്നത്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും നിക്ഷേപ സൗഹൃദ ഇടങ്ങളിൽ ഒന്നാക്കി ഷാർജയെ മാറ്റുന്നതിൽ ഈ പരിശ്രമത്തിനു പ്രധാന പങ്കുണ്ട്. ഇതുപോലെയുള്ള കൂട്ടുകെട്ടുകളും പുതിയ പദ്ധതികളും കൂടുതൽ മികച്ച സൗകര്യങ്ങളൊരുക്കാനും പരിശ്രമം തുടരാനും പ്രചോദനം പകരുന്നു''- അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ തന്നെ മുൻനിര നിർമ്മാണ കമ്പനികളിൽ ഒന്നായ നഖീലിന്റെ ദുബായിക്ക് പുറത്തുള്ള ആദ്യത്തെ സംരംഭമാണ് ഷാർജയിൽ ഒരുങ്ങുന്നത്. ഷാർജയിലെ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് നഖീലാണ്. അവരുടെ തന്നെ നഖീൽ മാൾ ബ്രാൻഡ് വഴിയാകും പ്രവർത്തനം. ദുബായിയെ ലോകോത്തര നഗരങ്ങളിൽ ഒന്നാക്കുന്നതിൽ നിർണായക പങ്കു വഹിച്ച നഖീൽ ഗ്രൂപ്പിന്റെ പദ്ധതികൾ ഷാർജയിലേക്ക് കൂടി എത്തിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്ന് നഖീൽ സിഇഒ സഞ്ജയ് മഞ്ചന്ത പറഞ്ഞു. സാംസ്‌കാരിക തലസ്ഥാനത്തു ഏറ്റവും വേറിട്ട അനുഭവം പകരുന്ന വിധമാവും നഖീലിന്റെ റീട്ടെയിൽ കേന്ദ്രം ഒരുക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഷാർജയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന വമ്പൻ പദ്ധതികൾ കഴിഞ്ഞ മാസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ശുറൂഖിന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള മുൻനിര നിക്ഷേപകരുമായി ചേർന്ന് നടത്തുന്ന ഇത്തരം പദ്ധതികൾ, പ്രവാസികളടങ്ങുന്ന തൊഴിൽ അന്വേഷകർക്കും നിക്ഷേപകർക്കും കൂടുതൽ അവസരങ്ങളും സാധ്യതകളും ഒരുക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.