തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്നു പോയവർ കുറവാണെന്ന് സിറോ സർവേ ഫലം. ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സർവേ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 11.6ശതമാനം പേർക്ക് മാത്രമാണ് രോഗം വന്നുപോയതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സർവയലൻസ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. മേയിൽ നടന്ന ഒന്നാം ഘട്ട പഠനത്തിൽ കേളത്തിൽ 0.33 ശതമാനം പേർക്ക് കോവിഡ് വന്നു പോയപ്പോൾ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റിൽ നടന്ന രണ്ടാം ഘട്ട പഠനത്തിൽ കേളത്തിൽ 0.8 ശതമാനം പേർക്ക് കോവിഡ് വന്നു പോയപ്പോൾ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കോവിഡ് വന്നുപോയവരുടെ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആർ. സീറോ സർവയലൻസ് പഠനം നടത്തിയത്. 2020 മെയ്‌, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലാണ് സീറോ സർവേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് വന്ന് പോയവർ ദേശീയ ശരാശരിയേക്കാൾ പകുതി മാത്രമാണ്. ദേശീയ തലത്തിൽ 21 ശതമാനം പേരിൽ രോ​ഗം വന്നു പോയപ്പോൾ കേരളത്തിൽ 11.6 ശതമാനം പേരിലാണ് കോവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം നടത്തിയ പരിശോധനകൾ, കോണ്ടാക്ട് ട്രെയിസിങ്, ക്വാറന്റൈൻ, ഐസൊലേഷൻ തുടങ്ങിയ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് കോവിഡ് വന്നു പോയവരുടെ എണ്ണം കുറയാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ഇന്ന് 5942 പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂർ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂർ 182, വയനാട് 179, ഇടുക്കി 167, കാസർഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 79 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,00,30,809 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3848 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 842, കോഴിക്കോട് 677, മലപ്പുറം 629, കൊല്ലം 516, കോട്ടയം 461, പത്തനംതിട്ട 446, തിരുവനന്തപുരം 351, തൃശൂർ 435, ആലപ്പുഴ 403, പാലക്കാട് 135, കണ്ണൂർ 139, വയനാട് 173, ഇടുക്കി 154, കാസർഗോഡ് 59 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

30 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 7, കോഴിക്കോട് 5, കൊല്ലം, എറണാകുളം 4 വീതം, തിരുവനന്തപുരം 3, തൃശൂർ, പാലക്കാട്, മലപ്പുറം 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

അതേസമയം, കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം പരിശോധനകളിൽ വരുത്തിയ കുറവെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ടെസ്റ്റ് പൊസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടിയിട്ടുണ്ട്. സമ്പർക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിൽ ആക്കുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്ര സംഘം നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.

സംസ്ഥാനങ്ങൾ വാക്‌സിനേഷൻ തോത് വർധിപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. കേന്ദ്രത്തിന്റെ വാക്‌സിനേഷൻ അവലോകനത്തിലാണ് ആവശ്യം. 12 സംസ്ഥാനങ്ങൾ മുൻഗണന പട്ടികയുടെ 60 ശതമാനം പേർക്ക് വാക്സിൻ നൽകിയതായും കേന്ദ്രം അറിയിച്ചു.