കോതമംഗലം: കോവിഡ് ബാധിതനായ അജ്ഞാതന്റെ മൃതദേഹം മറവുചെയ്തത് മേൽനോട്ടം വഹിക്കാൻ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. നേര്യമംഗലം കുടുംബാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കാണ് ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം മൂവാറ്റുപുഴ പൊലീസ് എത്തിച്ച കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച അജ്ഞാതന്റെ സംസ്‌കാരം നിന്നനിൽപ്പിൽ ഏറ്റെടുക്കേണ്ടിവന്നത്.

നേര്യമംഗലം കുടുംബാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ എം എൻ ജഗദീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോഷി തോമസ്, സീനിയർ സ്റ്റാഫ് നഴ്സ് കെ എച്ച് സുധീർ എന്നിവർ ചേർന്നാണ് മൃതദ്ദേഹം ആമ്പുലൻസിൽ നിന്നറക്കി, സംസ്‌കരിച്ചത്. ഏതാനും ദിവസം മുമ്പ് മൂവാറ്റുപുഴ ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരിച്ചറിയപ്പെടാത്ത വൃദ്ധന്റെ മൃതദേഹമാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് നേര്യമംഗലം പൊതുശ്മശാനത്തിലേയ്ക്ക് എത്തിച്ചത്.

അജ്ഞാത മൃതദേഹം ദഹിപ്പിക്കാൻ നിയമപ്രകരം സാധുത ഇല്ലാത്തതിനാലാണ് നേര്യമംഗലം പൊതുശ്മശാനത്തിൽ മറവ് ചെയ്യാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. മൃതദേഹം സംസ്‌കരിക്കാൻ ഔദ്യോഗികമായി ചുമതലയുണ്ടായിരുന്ന മൂവാറ്റുപുഴ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സമയം കഴിഞ്ഞിട്ടും എത്തിയില്ല. കുഴികുത്താനും അനുബന്ധ സഹായങ്ങൾക്കുമായി ഏതാനും പേരെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.ഇതുപ്രകാരം ഇവർ ശ്മശാനത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് കുഴിയെടുത്തിരുന്നു.

കോവിഡ് ബാധിതന്റെ മൃതദ്ദേഹമാണ് എത്തിക്കുന്നതെന്നറിഞ്ഞതോടെ ഇവരാരും പരിസത്തേയ്ക്കടുക്കാൻ പോലും കൂട്ടാക്കിയില്ല.മൃതദേഹവുമായി എത്തിയ മൂവാറ്റുപുഴ പൊലീസും മേൽനോട്ടം വഹിക്കാനെത്തിയ ഊന്നുകൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ഇതോടെ നിസഹായവസ്ഥയിലായി. ഈ സമയത്താണ് പി പി ഇ കിറ്റ് നൽകാനും കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കാരം നടത്തുന്നതിന് മേൽനോട്ടം വഹിക്കാനുമായി നേര്യമംഗലം ഹെൽത്ത് ഇൻസ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള മൂവർ സംഘം ഇവിടേയ്ക്കെത്തിയത്.

തങ്ങളുടെ ഇടപെടൽ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ മൃതദേഹം സംസ്‌കരിക്കാൻ സ്വമേധയാ മുന്നോട്ട് വരികയായിരുന്നു.പത്തടി ആഴമുള്ള കുഴിയിലേക്ക് കയർ ഉപയോഗിച്ച് മൃതദ്ദേഹം ഇറക്കിയതും മണ്ണിട്ട് മൂടിയതുമെല്ലാം ഈ മൂവർ സംഘമായിരുന്നു.പൊലീസുകാർ തെളിച്ച മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് ഇവർ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.

കാടുപിടിച്ച പൊതുശ്മശാനത്തിൽ പരിമിതമായ വെളിച്ചത്തിലും സൗകര്യത്തിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സംസ്‌കാരം ഏറെ ശ്രമകരമായിരുന്നെന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.