- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസ്; വാക്‌സിൻ എടുത്താലും ജാഗ്രത കുറയ്ക്കരുത്; പൾസ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാൽ കർശന നടപടി; വാർഡ് തല സമിതികൾ അലംഭാവം വെടിയണം; 45ന് താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ആരംഭിച്ചെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: 45ന് താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ആരംഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ എടുത്തതുകൊണ്ടുമാത്രം ജാഗ്രത കുറയ്ക്കാനാവില്ല. ടിപിആർ കൂടിയ സ്ഥലങ്ങളിൽ ജാഗ്രത വേണം. സംസ്ഥാനത്തു പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണെന്നും അദ്ദേഹം പറഞ്ഞു രണ്ടാം തരംഗത്തിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. വാക്‌സീൻ സ്വീകരിച്ചാലും ജാഗ്രത തെല്ലും കുറയ്ക്കാനാവില്ല. പൾസ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും.
കോവിഡ് രോഗികളുടെ ചികിത്സ ഏകോപിപ്പിക്കാൻ പ്രാദേശിക കൺട്രോൾ റൂമുകൾ തുറക്കും. താഴേത്തട്ടിലെ നിരീക്ഷണവും പ്രതിരോധവും ബോധവൽക്കരണവും പ്രധാനമാണ്. ഈ ഉത്തരവാദിത്തം വാർഡുതല സമിതികൾ നിറവേറ്റണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാർഡുതല സമിതികൾ രൂപീകരിക്കണം.ചില തദ്ദേശസ്ഥാപനങ്ങളിൽ രോഗവ്യാപനം വളരെ കൂടുതലാണ്.
സംസ്ഥാനത്ത് വാർഡ് തല സമിതികൾ പലയിടത്തും നിർജീവമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡുകളിലും സമിതി ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആംബുലൻസ് ഇല്ലെങ്കിൽ പകരം വാഹനം സജ്ജമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ വാർഡ് തല സമിതി നന്നായി പ്രവർത്തിച്ചു. ഇപ്പോൾ പലയിടത്തും വാർഡ് തല സമിതി സജീവമല്ല. ഇതിപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡിലും സമിതികൾ രൂപീകരിക്കണം. ഈ സമിതി അംഗങ്ങൾ വാർഡിലെ വീടുകൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തണം. വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി തദ്ദേശ സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം. ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം വേണമെങ്കിൽ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാൽ മരണ നിരക്ക് കുറയ്ക്കാനാവും. ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ച് ബോധവത്കരണം ആവശ്യമാണ്. ഉത്തരവാദിത്തം വാർഡ് തല സമിതി ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആംബുലൻസ് സേവനം വാർഡ് തല സമിതി ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലൻസിന്റെ പട്ടിക തയ്യാറാക്കണം. ആംബുലൻസ് തികയില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന വാഹനത്തിന്റെ പട്ടിക വേണം. ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലൻസിന് പുറമെ മറ്റ് വാഹനങ്ങളും ഉണ്ടാകണം. പഞ്ചായത്തിൽ അഞ്ചും നഗരസഭയിൽ പത്തും വാഹനം ഈ രീതിയിൽ ഉണ്ടാകണം. ഓക്‌സിജൻ അളവ് നോക്കൽ പ്രധാനമാണ്. വാർഡ് തല സമിതിയുടെ പക്കൽ പൾസ് ഓക്‌സി മീറ്റർ കരുതണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വാർഡ് തല സമിതിയുടെ പക്കൽ അഞ്ച് പൾസ് ഓക്‌സി മീറ്റർ ഉണ്ടാകണം. പഞ്ചായത്ത് നഗരസഭ തലത്തിൽ ഒരു കോർ ടീം വേണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് നേതൃത്വം. സെക്രട്ടറി, എസ്എച്ച്ഒ, സെക്ടറൽ മജിസ്‌ട്രേറ്റ് തുടങ്ങിയവർ ഉണ്ടാകും. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉൾപ്പെടുത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു..
ഓരോ വാർഡിലും ആവശ്യത്തിന് മരുന്ന് കരുതണം. കിട്ടാത്തവ എത്തിക്കണം, മെഡിക്കൽ ഉപകരണം ആവശ്യത്തിനുണ്ടോയെന്ന് ഉറപ്പാക്കണം. ഉപകരണങ്ങൾക്ക് അമിത വില ഈടാക്കുന്നെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ അത്തരം കാര്യങ്ങൾ കൊണ്ട് വരണം. പൾസ് ഓക്‌സിമീറ്ററിനും മാസ്‌കിനും അമിത വില ഈടാക്കിയാൽ കർശന നടപടിയെടുക്കുംമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സീനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാനും വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാനാവണം. ശവശരീരം മാനദണ്ഡം പാലിച്ച് മറവ് ചെയ്യാനുള്ള സഹായം വാർഡ് തല സമിതി നൽകണം. മുൻപ് പൾസ് ഓക്‌സി മീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂളുണ്ടാക്കാനും വാർഡ് തല സമിതി നേതൃത്വം നൽകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ