- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് ജോലിക്ക് പോകേണ്ടവർക്ക് രണ്ടാം ഡോസ് വാക്സിൻ നേരത്തെ നൽകും; ബാങ്ക് ജീവനക്കാരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ; കോവിഡ് മരണനിരക്ക് കുറയാൻ രണ്ടുമുതൽ മൂന്നാഴ്ചവരെ എടുക്കും; മലപ്പുറത്ത് രോഗികളുടെ എണ്ണം കുറയുന്നില്ല; ഹയർസെക്കൻഡറി പരീക്ഷ എഴുതുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷനിൽ ബാങ്ക് ജീവനക്കാരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ. വിദേശത്ത് ജോലിക്ക് പോകേണ്ടവർക്ക് രണ്ടാം ഡോസ് വാക്‌സീൻ നേരത്തേ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാക്സിൻ ലഭ്യമാകുന്നില്ലെന്ന പ്രശ്നമുണ്ട്. രണ്ടാം ഡോസ് എടുക്കേണ്ടവരുണ്ട്. കൊവിഷീൽഡാണ് വിദേശത്ത് അംഗീകരിച്ച വാക്സിൻ. കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. 84 ദിവസത്തിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളയാൽ തിരിച്ച് പോകുന്നതെങ്കിൽ അയാൾക്ക് ജോലി നഷ്ടപ്പെട്ടെന്ന് വരാം. അത്തരം അനേകം കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് ജോലിയുള്ളവർക്ക് വാക്സിൻ നൽകാൻ സൗകര്യമൊരുക്കും. 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്നാണ് പരിശോധിക്കുക. ഇവിടെ ഉപയോഗിക്കുന്ന കൊവാക്സിൻ വിദേശത്ത് അംഗീകാരം ഇല്ല. അക്കാര്യത്തിൽ കേന്ദ്രസർക്കാർ തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. പെട്ടെന്ന് അംഗീകാരമാകുമെന്നാണ് പ്രതീക്ഷ. കൊവാക്സിന്റെ അംഗീകാരം പെട്ടെന്ന് കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
വാക്‌സീൻ വില വർധിക്കാതിരിക്കാൻ കേന്ദ്രം വേണ്ടത്ര വാക്‌സീൻ ഒരുമിച്ച് വാങ്ങണമെന്ന് കേരളം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങൾ വെവ്വേറെ ടെൻഡർ ക്ഷണിച്ചാൽ വില ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗൺ ഫലപ്രദമായി
രോഗവ്യാപനം കുറയ്ക്കുന്നതിൽ ലോക്ഡൗൺ ഫലപ്രദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിൽ ചികിൽസയിലുള്ളവരുടെ എണ്ണം കുറയാൻ മൂന്നാഴ്ച വേണ്ടിവരും. മരണനിരക്ക് കുറയാനും രണ്ടുമുതൽ മൂന്നാഴ്ചവരെ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രിപ്പിൾ ലോക്ഡൗൺ 9 ദിവസം പിന്നിട്ടിട്ടും മലപ്പുറത്ത് രോഗികളുടെ എണ്ണം കുറയുന്നില്ല. മലപ്പുറത്ത് കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്നെന്ന് മുഖ്യമന്ത്രി. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുന്നു. ജില്ലയിലെ എല്ലാ താലൂക്കിലും കോവിഡ് ആശുപത്രികൾ സജ്ജീകരിക്കും. പൊലീസ് നിയന്ത്രണം കൂടുതൽ കടുപ്പിക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ കർശനനടപടിയെടുക്കും. പാലക്കാട്ടും തിരുവനന്തപുരത്തും രോഗബാധ കൂടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.'ബ്ലാക് ഫംഗസ് (മ്യൂക്കർ മൈക്കോസിസ്) കണ്ടെത്തിയാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണം. ആശുപത്രികൾക്ക് ഉൾപ്പെടെയാണ് നിർദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗൺ ഇളവുകൾ
ചെത്തുകല്ല് വെട്ടാനും വാഹനങ്ങളിൽ കൊണ്ടുപോകാനും അനുമതി. വയനാട്, ഇടുക്കി ജില്ലകളിൽ മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാം. മറ്റുജില്ലകളിൽ മലഞ്ചരക്ക് കടകൾ ആഴ്ചയിൽ ഒരുദിവസം തുറക്കാം. റബർ തോട്ടങ്ങളിലെ റെയിൻ ഗാർഡ് വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കാം.
പരീക്ഷയ്ക്ക് മാസ്‌ക് ഒഴിവാക്കില്ല
ഹയർസെക്കൻഡറി പരീക്ഷ എഴുതുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിക്കണം. കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കും
മറുനാടന് മലയാളി ബ്യൂറോ