- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്തിടെ ആഘോഷങ്ങൾക്ക് ഇളവുകൾ അനുവദിച്ചത് തീവ്രവ്യാപനത്തിന് വഴിവച്ചു; രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്ന്; കോവിഡ് പ്രതിരോധത്തിൽ വൻവീഴ്ചയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; കേന്ദ്ര വിദഗ്ധസംഘം വീണ്ടും സംസ്ഥാനത്ത് എത്തും
ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും. അടുത്ത ദിവസങ്ങളിൽ തന്നെ വിദഗ്ധ സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളം, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും ആരോഗ്യസെക്രട്ടറി പറഞ്ഞു. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വൻവീഴ്ചയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി.
രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. അടുത്തിടെ ആഘോഷങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ ഇളവുകളാണ് ഇതിന് കാരണം. നിയന്ത്രണങ്ങളിലെ ഇളവുകൾ തീവ്രവ്യാപനത്തിന് വഴിവെച്ചതായും കേന്ദ്ര ആരോഗ്യസെക്രട്ടറി കുറ്റപ്പെടുത്തി. നിയന്ത്രണങ്ങൾ കർശനമാക്കാനും കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.
ജൂൺ 28 ന് ശേഷം കോട്ടയത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ 64 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. മലപ്പുറത്ത് 59 ശതമാനവും എറണാകുളത്ത് 46.5 ശതമാനവും തൃശൂരിൽ 45.4 ശതമാനവും വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കണ്ടെയ്ന്റ്മെന്റ് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ 95 ശതമാനം കോവിഡ് രോഗികളും വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഹോം ഐസൊലേഷനിൽ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. കേരളത്തിലുള്ള അതിഥിതൊഴിലാളികൾ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെന്ന് രാജേഷ് ഭൂഷൺ പറഞ്ഞു. കോവിഡ് ബാധിതരാകുന്ന ചിലർ ഐസൊലേഷൻ സെന്ററുകളിൽ അഡ്‌മിറ്റ് ആകാൻ തയ്യാറാകുന്നില്ല. അവരെ കൗൺസലിംഗിന് വിധേയരാക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജൂലായ് അഞ്ചു മുതൽ ഒമ്പതു വരെ കേരളത്തിലെ കോവിഡ് സാഹചര്യം നിരീക്ഷിക്കാനെത്തിയ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രം കത്തയച്ചത്. നിലവിലെ സ്ഥിതി മനസ്സിലാക്കുവാൻ കേന്ദ്രത്തിന്റെ മറ്റൊരു സംഘം ഉടനെ കേരളത്തിലെത്തുമെന്നും ഭൂഷൺ വ്യക്തമാക്കി.
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നില്ലെന്നും രോഗികളായ പലരും ആശുപത്രിയിലേക്ക് പോകാൻ മടിക്കുന്ന സ്ഥിതിയുണ്ടെന്നും കത്തിൽ പറയുന്നു. ഇത്തരം രോഗികൾക്ക് കൗൺസലിങ്ങ് നൽകേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്ര നിർദ്ദേശം. സംസ്ഥാനത്ത് വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കേണ്ടതുണ്ടെന്നും രാജേഷ് ഭൂഷൺ ചൂണ്ടിക്കാണിച്ചു.
മറുനാടന് മലയാളി ബ്യൂറോ