തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളിൽ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവർക്ക് ചികിത്സ നൽകുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്ന് 1,63,098 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നൽകുന്നത്.

ദേശീയ തലത്തിൽ തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കേന്ദ്ര സംഘവും ഇതംഗീകരിച്ചതാണ്. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെൽറ്റാ വൈറസാണ്. രണ്ടാം തരംഗത്തിൽ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തിൽ തന്നെ നിർത്തിയിരുന്നു. ഇപ്പോൾ ടി.പി. ആർ ചെറുതായി ഉയർന്നെങ്കിലും ആശങ്ക വേണ്ട. കേസിന്റെ കാര്യത്തിൽ ഏപ്രിൽ പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത്. മെയ്‌ മാസത്തിലാണ് 43,000ലധികം രോഗികളുണ്ടായത്. ഏറ്റവും പുതിയ സിറോ സർവയലൻസ് സർവേയിൽ കേരളത്തിൽ 42 ശതമാനം പേർക്കാണ് ആന്റിബോഡി കണ്ടെത്തിയത്. ഇനിയും 50 ശതമാനത്തിലധികം പേർക്ക് രോഗം വരാൻ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാൻ പരമാവധി പേർക്ക് വാക്സിൻ നൽകാൻ ശ്രമിക്കുകയാണ് കേരളം. ദേശീയ തലത്തിൽ ജനസംഖ്യയുടെ 10 ലക്ഷമെടുത്താൽ ഏറ്റവുമധികം വാക്സിൻ നൽകുന്ന സംസ്ഥാനത്തിലൊന്നാണ് കേരളം.

സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്സിജൻ കിട്ടാതേയും ആരും ബുദ്ധിമുട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. കൂടുതൽ പേർ വാക്സിൻ എടുത്തതിനാൽ അവർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കാണിക്കുന്നത്. കേന്ദ്ര സംഘം നാളെ വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.