തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക് ഡൗൺ മാർഗ നിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാക്കും, കടകളിൽ പ്രവേശിക്കാൻ പുതിയ മാർഗരേഖ പുറത്തിറക്കി. രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ കടകൾ തുറക്കാം. എന്നാൽ, കടകളിലെ ജോലിക്കാർക്കും സാധനം വാങ്ങാൻ എത്തുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തി.രാത്രി 9.30 വരെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഓൺലൈൻ ഡെലിവറിയും അനുവദനീയമാണ്.

മൂന്നു വിഭാഗം ആളുകൾക്ക് മാത്രമാണ് കടകളിൽ പ്രവേശനം. ഒരു ഡോസ് വാക്‌സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കോവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്ക് മാത്രമേ വ്യാപാരശാലകളിലും മാർക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ. എല്ലാ സ്ഥാപനങ്ങളും കടകളിലെ ജീവനക്കാരുടെ വാക്‌സിനേഷൻ വിവരങ്ങൾ പ്രദർശിപ്പിക്കണം. ബാങ്കുകൾ, മാർക്കറ്റുകൾ, ഓഫിസുകൾ എന്നിവിടങ്ങളിലും നിബന്ധന ബാധകമാണ്. വ്യവസായസ്ഥാപനങ്ങളിലും തുറസായ ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാകും.

ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയാണ് പുതിയ നിയന്ത്രണങ്ങൾ. കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം തിങ്കൾ മുതൽ ശനി വരെ തുറക്കാം. എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും വാക്‌സിൻ എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തണം. എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും.

ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുൻസിപ്പൽ വാർഡുകളിലെയും കോവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തിൽ എത്ര പേർക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഈ ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.

അവശ്യവസ്തുകൾ വാങ്ങൽ, വാക്‌സിനേഷൻ, കോവിഡ് പരിശോധന, അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ, മരുന്നുകൾ വാങ്ങാൻ, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീർഘദൂരയാത്രകൾ, പരീക്ഷകൾ എന്നീ ആവശ്യങ്ങൾക്ക് വേണ്ടി ആളുകൾക്ക് പുറത്തു പോകാം.

ഓഗസ്റ്റ് എട്ട് ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണായിരിക്കും. എന്നാൽ ഓഗസ്റ്റ് 15-ന് ലോക്ക്ഡൗൺ ബാധകമല്ല. ഒരു ഡോസ് വാക്‌സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കോവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്കൊപ്പം കുട്ടികൾക്ക് പുറത്തു പോകാം.

സ്‌കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്റുകൾ, സിനിമാ തീയേറ്ററുകൾ എന്നിവ തുറക്കാൻ അനുമതിയില്ല. ഓൺലൈൻ വിൽപ്പനയ്ക്കായി മാത്രം മാളുകൾ തുറക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയില്ല. എന്നാൽ ഓപ്പൺ ഏരിയയിലും കാറുകളിലും പാർക്കിങ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകൾക്ക് ഭക്ഷണം വിളമ്പാം. ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ എല്ലാ ദിവസവും തുറക്കാം. കോവിഡ് പ്രോട്ടോക്കോൾ കർശനമായി ഇവിടെ പാലിക്കണം. ബയോ ബബിൾ മോഡൽ നടപ്പാക്കണം.

എല്ലാ വിധ സാമൂഹിക - സാംസ്‌കാരിക കൂട്ടായ്മകളും നിരോധിച്ചിരിക്കുന്നു. എന്നാൽ വിവാഹം, മരണം എന്നിവയ്ക്ക് ഇരുപത് പേരെ അനുവദിക്കും. ആരാധനാലയങ്ങളിൽ പരമാവധി നാൽപ്പത് പേരെ വരെ അനുവദിക്കും. എന്നാൽ വലിപ്പം കുറഞ്ഞ ആരാധാനലയങ്ങളിൽ ഇത്രയും പേർക്ക് പ്രവേശനമുണ്ടാവില്ല. ഒരാൾക്ക് 25 ചതുരശ്രഅടി സ്ഥലമെങ്കിലും ഉറപ്പാക്കണം.

സ്വാഗതം ചെയ്ത് വ്യാപാരികൾ

കടകൾ തുറക്കാൻ ഇളവുകൾ നൽകിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് വ്യാപാരികൾ. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകൾ നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതികരിച്ചു.

ഇളവുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ സ്വാഗതാർഹമെന്ന് വ്യാപാരി വ്യവസായി വ്യവസായി ഏകോപനസമിതി പറഞ്ഞു.

എന്നാൽ മൈക്രോ കണ്ടെയ്ന്മെന്റ് പ്രഖ്യാപിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയും. പ്രഖ്യാപിച്ച ഇളവുകൾ ഉൽസവകാലത്ത് മാത്രം ഒതുങ്ങരുത്. വ്യാപാരികൾക്കെതിരെ എടുത്ത കേസുകളും ചുമത്തിയ പിഴയും പിൻവലിക്കണമെന്നും ആശ്വാസ പദ്ധതികൾ നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു