- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കൂടുതൽ കോവിഡ് ഇളവുകൾ; തിയേറ്ററുകൾ തുറക്കാം; ഈ മാസം 25 മുതൽ പ്രദർശനം; പ്രവേശനം 50 ശതമാനം സീറ്റുകളിൽ; എസി പ്രവർത്തിപ്പിക്കാം; രണ്ടു ഡോസ് വാക്‌സീൻ എടുത്തവർക്ക് പ്രവേശനം; വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 50 പേർക്ക് പങ്കെടുക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചു. തിയേറ്ററുകൾ തുറക്കുന്നതിൽ തീരുമാനമായി. ഈ മാസം 25 മുതൽ തിയേറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. എസി പ്രവർത്തിപ്പിക്കാം. രണ്ടു ഡോസ് വാക്‌സീൻ എടുത്തവർക്കാണ് പ്രവേശനം അനുവദിക്കുക.
വിവാഹത്തിന് 50 പേർക്ക് പങ്കെടുക്കാം. ഗ്രാമസഭകൾ ചേരാനും അനുമതി നൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരിക.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധന മതി.
പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ബയോ ബബിൾ മാതൃകയിൽ മറ്റു സ്‌കൂളുകൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി മറ്റ് സ്‌കൂളുകളിലെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിച്ചത് പ്രകാരമാവും ഇത്.
കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും. 50 പേരെ വരെ ഉൾപ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബർ 1 മുതൽ ഗ്രാമസഭകൾ ചേരാനും അനുവദിക്കും.
സിഎഫ്എൽടിസി, സിഎസ്എൽടിസികളായി പ്രവർത്തിക്കുന്ന കോളേജുകൾ, കോളജ് ഹോസ്റ്റലുകൾ, സ്‌കൂളുകൾ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അദ്ധ്യാപകരെ തിരിച്ചു വിളിക്കുമ്പോൾ ആ ഉത്തരവാദിത്വം നിറവേറ്റാൻ പറ്റുന്ന വളണ്ടിയർമാരെ പകരം കണ്ടെത്താവുന്നതാണ്.
സ്‌കൂളുകൾ തുറക്കുമ്പോൾ ആശങ്കകൾ സ്വാഭാവികമാണ്. കുട്ടികൾക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാൽ ഡോക്ടർമാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതൽ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക സാഹചര്യങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതായി വരും. അതിനാൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ആന്റിജൻ കിറ്റുകൾ ലഭ്യമാക്കേണ്ടതുണ്ട്.
കുട്ടികൾക്കിടയിൽ നടത്തിയ സെറോ പ്രിവലൻസ് സർവേ പൂർത്തിയായി. സ്‌കൂളുകൾ തുറക്കാനുള്ള മാർഗരേഖയും ഉടൻ പുറത്തിറക്കും. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ