തിരുവനന്തപുരം: സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീൽഡ് വാക്സീൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കൊച്ചിയിൽ 1,96,500 ഡോസും കോഴിക്കോട് 1,34,000 ഡോസുമാണ് എത്തിയത്. കൊച്ചിയിൽ വ്യാഴാഴ്ച 1,50,000 ഡോസ് വാക്സീൻ കൂടി എത്തിയിരുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച 1,21,130 പേർക്കാണ് വാക്സീൻ നൽകിയത്. 1,078 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചു. സംസ്ഥാനത്താകെ ഇതുവരെ ഒന്നുംരണ്ടും ഡോസ് ചേർത്ത് ആകെ 1,64,80,135 പേർക്കാണ് വാക്സീൻ നൽകിയത്. അതിൽ 1,19,14,025 പേർക്ക് ഒന്നാം ഡോസും 45,66,110 പേർക്ക് രണ്ടാം ഡോസുമാണു നൽകിയത്.

2 പേർക്ക് കൂടി സിക സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. നെടുങ്കാട് സ്വദേശിക്കും (38), ആനയറ സ്വദേശിനിക്കുമാണ് (52) രോഗം ബാധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 30 പേർക്കാണ് സിക ബാധിച്ചത്. 10 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.