- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ വാക്സിൻ വിതരണം അവതാളത്തിലേക്ക്; സർക്കാറിന്റെ കൈവശം അവശേഷിക്കുന്നത് ഒന്നര ലക്ഷം ഡോസ് മാത്രം; കേന്ദ്രത്തിൽ നിന്നും അടുത്തഘട്ട വാക്സിൻ എത്തുക 29ന് മാത്രം; വാക്സിൻ ലഭ്യതക്കായി കാത്തിരിക്കുന്നത് 1.48 കോടി ആളുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണം അവതാളത്തിലേക്ക്. സംസ്ഥാനത്തിന്റെ കൈവശം അവശേഷിക്കുന്നത് കേവലം ഒന്നര ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് എന്നതാണ് വാക്സിൻ വിതരണത്തെ അവതാളത്തിലാക്കുന്നത്. ഇന്നും നാളെയും കോവിഡ് വാക്സിൻ കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. നിലവിൽ കൈവശമുള്ള ഒന്നര ലക്ഷത്തോളം ഡോസ് വാക്സീൻ ഇന്നു വിതരണം ചെയ്താൽ നാളെ മുതൽ കുത്തിവയ്പ് നിർത്തി വയ്ക്കേണ്ടി വരും. കേരളത്തിന് അടുത്ത ഘട്ടം വാക്സീൻ 29ന് ലഭ്യമാക്കുമെന്നാണു കേന്ദ്രം അറിയിച്ചത്.
ഞായറാഴ്ച കുത്തിവയ്പ് കേന്ദ്രങ്ങൾ കുറവായതിനാലാണ് ഇന്നത്തേക്ക് ഇത്രയെങ്കിലും ബാക്കി വന്നത്. വാക്സീൻ ക്ഷാമം മൂലം ഇന്നു വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചേക്കും. കേരളത്തിൽ 18 വയസ്സിനു മുകളിലുള്ള 1.48 കോടി പേർ ഇപ്പോഴും ആദ്യ ഡോസിനു കാത്തിരിക്കുകയാണ്.
45 വയസ്സിനു മുകളിലുള്ള 27 ലക്ഷം പേർക്ക് ഇതുവരെ ഒരു ഡോസ് വാക്സീൻ പോലും ലഭിച്ചിട്ടില്ല. 70 ലക്ഷത്തിലേറെ പേർക്ക് ഒരു ഡോസ് കിട്ടി; രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ്. ആകെ 1.13 കോടി ആളുകളാണ് ഈ വിഭാഗത്തിലുള്ളത്. 1844 പ്രായപരിധിയിലുള്ള ഒന്നര കോടി പേരിൽ ആദ്യ ഡോസ് ലഭിച്ചത് 29 ലക്ഷം പേർക്കാണ്. രണ്ടു ഡോസും ലഭിച്ചത് രണ്ടര ലക്ഷം പേർക്കും.
കേരളത്തിൽ ഇന്നലെ 17,466 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 11.91% ആയിരുന്ന രോഗ സ്ഥിരീകരണനിരക്ക് (ടിപിആർ) ഇന്നലെ വീണ്ടും ഉയർന്ന് 12.3% ആയി. 66 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഔദ്യോഗിക മരണസംഖ്യ 16,035 ആയി. 15,247 പേർ രോഗമുക്തരായി. 1,40,276 പേരാണു ചികിത്സയിലുള്ളത്.
നേരത്തെ കേരളം 10 ലക്ഷം വാക്സീൻ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചാരണം കേന്ദ്രം നടത്തിയിരുന്നു. മികച്ച രീതിയിൽ വാക്സീൻ നൽകുന്ന സംസ്ഥാനമാണു കേരളം. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് സംസ്ഥാനത്തെ വാക്സിനേഷൻ. ആരോഗ്യ പ്രവർത്തകർക്കും മുന്നണി പേരാളികൾക്കുമുള്ള ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേർക്കാണ് വാക്സീൻ നൽകിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളിൽ വാക്സീൻ നൽകിയും കേരളം മിടുക്കു കാട്ടിയിരുന്നു.
2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേർക്ക് ഒന്നാം ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഈ സെൻസസ് അനുസരിച്ച് 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 53.43 ശതമാനം പേർക്ക് ഒന്നാം ഡോസും 23.19 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഇത് കേന്ദ്ര ശരാശരിയേക്കാൾ കൂടുതലാണ്.
മറുനാടന് മലയാളി ബ്യൂറോ