തിരുവനന്തപുരം: ഒടുവിൽ ക്യാപ്ടൻ സച്ചിൻ ബേബിയും ഇന്ത്യൻ താരം സഞ്ജു വി സാംസണും ഒരുമിച്ചു. കേരളാ ക്രിക്കറ്റിലെ പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി. ക്യാപ്ടനെതിരെ കലാമപമുയർത്തിയതിന് കേരളാ ക്യാമ്പിൽ നിന്ന് പുറത്താക്കിയ താരങ്ങൾക്കെല്ലാം വീണ്ടും അവസരവും നൽകി കേരളാ ക്രിക്കറ്റ്. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള വിലക്കും നടപടികളും പിൻവലിക്കില്ലെങ്കിലും എല്ലാ താരങ്ങളേയും ഈ സീസണിലും ടീമിലേക്ക് പരിഗണിക്കും. അരേയും ഒഴിവാക്കില്ല. മുൻ കേരളാ ക്യാപ്ടനും അമ്പയറുമായ കെ എൻ അനന്തപത്മനാഭന്റെ ഇപടെലാണ് ഇതിലേക്ക് വഴിയൊരുക്കിയത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത കേരളാ ക്രിക്കറ്റ് അസോസിയേഷനും അനന്തന്റെ നയതന്ത്ര മികവിന് മുമ്പിൽ കളിക്കാരെ അംഗീകരിക്കാൻ തയ്യാറായി. ടീമിലെ പ്രശ്‌നങ്ങളെല്ലാം അനന്തന്റെ നേതൃത്വത്തിൽ പറഞ്ഞു പരിഹരിക്കുകയും ചെയ്തു.

സച്ചിൻ ബേബിയും കളിക്കാരുമായുള്ള പ്രശ്‌നം എല്ലാ സീമകളും ലംഘിച്ചിരുന്നു. ശ്രീലങ്കയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച ഡേവ് വാട്‌മോറാണ് കേരളത്തിന്റെ പരിശീലകൻ. തമ്മിലടിയെ തുടർന്ന് വാട്‌മോർ സ്ഥാനം ഒഴിയുന്നത് പോലും ചിന്തിച്ചു. ഈ ഘട്ടത്തിലാണ് പ്രശ്‌ന പരിഹാരത്തിന് ഇടനിലയ്ക്കായി അനന്തപത്മനാഭൻ എത്തിയത്. കളിക്കാരുമായും അസോസിയേഷനുമായും അനന്തപത്മനാഭൻ വെവ്വേറെ സംസാരിച്ചു. ടീമിലെ പ്രശ്‌നത്തിന് ബാഹ്യ ഇടപെടലുണ്ടെന്ന് കെ സി എ പറയുമ്പോഴും ക്യാപ്ടനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും മനസ്സിലാക്കി. ഇതോടെ എല്ലാവരേയും ഒരുമിപ്പിച്ച് പ്രശ്‌ന പരിഹാരത്തിന് അനന്തപത്മനാഭൻ തയ്യാറായി. വിഷയവുമായി ബന്ധപ്പെട്ട് റോഹൻ പ്രേം, റൈഫി വിൻസന്റ് ഗോമസ് അടക്കമുള്ളവർക്കെതിരെ കെ സി എ മൂന്ന് കളികളിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് മുൻ കളിക്കാരൻ എന്ന നിലയിൽ അനന്തൻ ഇടപെടലിന് എത്തിയത്.

റോഹനും റൈഫിയും സഞ്ജുവും അടക്കമുള്ളവരുമായി അനന്തൻ സംസാരിച്ചു. അതിന് ശേഷം പ്രശ്‌നങ്ങൾ മനസ്സിലാക്കി. ടീമിന്റെ കെട്ടുറപ്പിനായി ക്യാപ്ടൻ സച്ചിൻ ബേബിയുമായും സംസാരിച്ചു. ഇതോടെയാണ് കേരളാ ക്രിക്കറ്റിലെ മഞ്ഞുരുകലിന് വഴി വച്ചത്. റോഹനേയും റൈഫിയേയും കേരളാ ടീമിന്റെ ക്യാമ്പിലേക്കും കെ സി എ ക്ഷണിച്ചു. ഇതോടെ എല്ലാ കളിക്കാരും തൃപ്തരാവുകയും ചെയ്തു. സച്ചിൻ ബേബിയുമായി ബന്ധപ്പെട്ട് കളിക്കാരുയർത്തിയ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകും. എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്ന് സച്ചിൻ ബേബിയോട് കെ സി എയും ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച നടന്ന കെസിഎ ജനറൽ ബോഡിയിലും ഈ വിഷയം ചർച്ചയായി. ബാഹ്യഇടപെടലുകളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് പരസ്യമായി പറയുമ്പോഴും സച്ചിന്റെ നടപടികളിൽ കെസിഎ ഭാരവാഹികൾക്കും എതിർപ്പുണ്ടെന്നാണ് സൂചന. അതിനിടെ കത്ത് പുറത്തായതിൽ വിഷമമുണ്ടെന്നും ടീമിനകത്ത് നടന്ന ചർച്ച എങ്ങിനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും സഞ്ജു അടക്കമുള്ള താരങ്ങൾ അനന്തപത്മനാഭനോട് വ്യക്തമാക്കുകയും ചെയ്തു.

പരിശീലകനായ സാക്ഷാൽ ഡേവ് വാട്മോർ പോലും താരങ്ങളുടെ ഈ പ്രവർത്തിയിൽ ഞെട്ടിയിരുന്നു. ലോക ചാമ്പ്യന്മാരെയും നിരവധി അന്താരാഷ്ട്ര ടീമുകളേയും പരിശീലിപ്പിച്ച വാട്മോർ സൗഹൃതത്തോടെ താരങ്ങളോട് പെരുമാറുകയും സുഹൃത്തിനെ പോലെ ഒപ്പം നിക്കുകയും ചെയ്യുമ്പോഴാണ് സച്ചിൻ ബേബി ടീം അംഗങ്ങളോട് അധികാര സ്വരത്തിൽ സംസാരിച്ചത് വിവാദമായതും താരങ്ങൾ ഒരുമിച്ച് സച്ചിൻ ബേബിക്കെതിരെ രംഗത്ത് വന്നതും. ടീമിലെ 16 പേരിൽ 13പേരും സച്ചിനെതിരെ കത്തിൽ ഒപ്പിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില അന്വേഷണങ്ങൾ കെസിഎ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതിനിടെയാണ് കേരളാ ക്രിക്കറ്റിലെ ഏക്കാലത്തേയും മികച്ച താരമെന്ന് അറിയപ്പെടുന്ന അനന്തൻ ചർച്ചകൾക്ക് എത്തിയത്. അനന്തന് മുന്നിൽ കളിക്കാരെല്ലാം മനസ്സ് തുറന്നു. കളിക്കുകയാണ് താൽപ്പര്യമെന്ന താരങ്ങളുടെ നിലപാട് തിരിച്ചറിഞ്ഞുള്ള സമ്മർദ്ദം കെസിഎയിൽ അനന്തനും നടത്തി. ഇതോടെ റോഹനേയും റൈഫിയേയും ക്യാമ്പിലേക്ക് വിളിക്കാൻ അസോസിയേഷനും തയ്യാറായതായാണ് സൂചന.

സഞ്ജുവിനേയും സ്ച്ചിൻ ബേബിയേയും ഒരുമിച്ചിരുത്തി അനന്തപത്മനാഭൻ കാര്യങ്ങൾ സംസാരിച്ചതായാണ് സൂചന. ഇതിൽ എല്ലാ പ്രശ്‌നങ്ങളും മറന്ന് ടീമിന് വേണ്ടി ഒരുമിച്ച് പോകാൻ സഞ്ജുവും സച്ചിനും തീരുമാനിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് സഞ്ജുവിനും അനിവാര്യതയാണ്. ഇന്ത്യൻ ടീമിലെ സ്ഥാനം നേടാൻ ഇത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ വിവാദങ്ങൾക്ക് പോകാതെ കളിയിൽ ശ്രദ്ധിക്കാനാണ് സഞ്ജുവിന്റേയും തീരുമാനം. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ സച്ചിൻ ബേബി തന്നെയാണ് നയിക്കുന്നത്. ജലജ് സക്‌സേന, അരുൺ കാർത്തിക്, രാഹുൽ പി, വിഷ്ണു വിനോദ്, സഞ്ജു വിശ്വനാഥ്, സൽമാൻ നിസാർ,വിനൂപ്.എസ്. മനോഹരൻ,അക്ഷയ് ചന്ദ്രൻ, മിഥുൻ.എസ്,നിധീഷ്. എം.ഡി, അഭിഷേക് മോഹൻ, ഫാനൂസ്. എഫ്, ബേസിൽ തമ്പി, അക്ഷയ്.കെ.സി എന്നിവരാണ് ടീമിലുള്ള മറ്റംഗങ്ങൾ.

സച്ചിനെതിരെ ടീമിലെ മറ്റു താരങ്ങൾ ആഭ്യന്തര കലഹമുണ്ടാക്കിയിരുന്നെങ്കിലും അത് ഫലപ്രദമായി നേരിട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ സച്ചിൻ ബേബിയോട് തന്നെ ക്യാപ്റ്റനായി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. സച്ചിനെതിരെ പരാതി നൽകിയ താരങ്ങൾക്കെതിരെ കെ.സി.എ നടപടിയെടുക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 19 മുതൽ ഡൽഹിയിലാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്. 19-ന് ആദ്യ മത്സരത്തിൽ കേരളം ആന്ധ്രയെ നേരിടും. കേരളാ ടീമിന്റെ ക്യാമ്പിലുണ്ടെങ്കിലും റോഹൻ പ്രേമിനേയും ജഗദീഷിനേയും പോലുള്ള മുതിർന്ന താരങ്ങളെ കേരളാ ടീമിൽ എടുത്തിട്ടില്ല. സച്ചിൻ ബേബിക്കെതിരെ കലാപക്കൊടി ഉയർത്തിയ കളിക്കാർക്ക് വിലക്കും പിഴയും കെസിഎ ചുമത്തിയിരുന്നു.

ടീമിന്റെ ഐക്യവും കെട്ടുറപ്പും തകർക്കാൻ ശ്രമിച്ചതിനാണ് ശിക്ഷ. പിഴത്തുക ഈ മാസം 15നകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിക്ഷേപിക്കാനും കേരള ക്രിക്കറ്റ് അസോസിയേഷൻ ഉത്തരവിട്ടു. സഞ്ജു സാംസൺ, എസ് എൽ അഭിഷേക്‌മോഹൻ, ഫൊബിദ് ഫറൂഖ് അഹമ്മദ്, സൽമാൻ നിസാർ, സിജോമോൻ ജോസഫ്, വി എ ജഗദീഷ് എന്നിവർ മൂന്നു ഏകദിന മത്സരങ്ങളുടെ മാച്ച് ഫീയാണ് പിഴയായി അടയ്‌ക്കേണ്ടത്. റൈയ്ഫി വിൻസന്റ്‌ഗോമസ്, സന്ദീപ് വാര്യർ, റോഹൻ പ്രേം, കെ എം ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെ മൂന്നു ഏകദിന മത്സരങ്ങളിൽനിന്ന് വിലക്കി. ടീമിലെ കളിക്കാർക്കായി കർശനമായ പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ കെസിഎ തീരുമാനിച്ചിട്ടുണ്ട്.

ഐസിസി മാച്ച് റഫറി വി.നാരായണൻകുട്ടി, ബിസിസിഐ മാച്ച് റഫറിമാരായ കെ.എൻ.അനന്തപത്മനാഭൻ, പി.രംഗനാഥൻ എന്നിവരാവും പെരുമാറ്റച്ചട്ടത്തിനു രൂപം നൽകുക. ബിസിസിഐ പെരുമാറ്റച്ചട്ടത്തിനു പുറമേയാണിത്. ഓരോ ടൂർണമെന്റിലും ടീമിലെത്തുന്ന കളിക്കാർ ഇതിൽ ഒപ്പിടണം.