- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പർ വൺ കേരളത്തിൽ 43 ശതമാനം യുവജനങ്ങൾക്ക് തൊഴിലില്ല; യുവാക്കൾ നേരിടുന്നത് കടുത്ത തൊഴിൽ ക്ഷാമം; ഇന്ത്യയിൽ ഏറ്റവും വലിയ കടക്കാരും മലയാളികൾ തന്നെ; ആസ്തി മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളരേക്കാൾ കടബാധ്യത കേരളീയർക്ക്
തിരുവനന്തപുരം: കേരളം എല്ലാകാര്യത്തിലും നമ്പർ വൺ ആണെന്നാണ് സ്വയം അവകാശപ്പെടാറ്. എന്നാൽ, ഈ സംസ്ഥാനത്തെ പിടിച്ചു നിർത്തുന്നത് മലയാളി യുവാക്കൾ വിദേശത്തു പോയി കഷ്ടപ്പെട്ട് ജോലി ചെയ്ത് നാട്ടിലേക്ക് അയക്കുന്ന പണമാണ്. ഇവിടെ വേണ്ടത്ര തൊഴിൽ ഇല്ലാത്ത കാരണം കൊണ്ടാണ് മലയാളികൾക്ക് വിദേശത്തു പോയി ജോലി നോക്കേണ്ടി വരുന്നത്. കോവിഡ് കൂടി ആയതോടെ സംസ്ഥാനത്തെ തൊഴിൽ ഇല്ലായ്മ നിരക്ക് കുത്തനെ ഉയർന്നിരിക്കയാണ്.
കോവിഡ് വ്യാപനത്തോടെ കേരളത്തിലെ യുവജനങ്ങളിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നുവെന്നാണ് റിപ്പോർട്ടുകൾ. 15-29നും ഇടയ്ക്ക് പ്രായമുള്ളവരിൽ കോവിഡിനുമുമ്പ് 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020-ൽ ഇതേകാലത്ത് 43 ശതമാനത്തിലെത്തി. കോവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്ത് കേരളമായിരുന്നു മുന്നിൽ, 36.3 ശതമാനം. ഇപ്പോഴത്തെ നിരക്കിൽ 43.9 ശതമാനവുമായി ജമ്മുകശ്മീർ മുന്നിലുണ്ട്.
ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ (എൻ.എസ്.എസ്.ഒ.) പിരിയോഡിക് ലേബർഫോഴ്സ് സർവേയുടെ 2020 ഒക്ടോബർ-ഡിസംബർ കാലത്തെ ഫലമാണിത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തുന്ന സർവേയാണിത്. കേരളത്തിൽ 15-29 വിഭാഗത്തിൽ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത്, 55.7 ശതമാനം. യുവാക്കളിൽ 37.1 ശതമാനം. തൊഴിൽ ചെയ്യാൻ സന്നദ്ധമായിട്ടും ആഴ്ചയിൽ ഒരുദിവസം ഒരുമണിക്കൂർപോലും തൊഴിലെടുക്കാത്ത അഭ്യസ്തവിദ്യരെയാണ് ഈ സർവേ തൊഴിലില്ലാത്തവരായി പരിഗണിക്കുന്നത്.
2020 ഒക്ടോബർ-ഡിസംബർ പാദത്തിൽ എല്ലാ പ്രായവിഭാഗങ്ങളിലുമായി കേരളത്തിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ 16.7 ശതമാനത്തിലെത്തി. കോവിഡിന്റെ ഒന്നാംതരംഗത്തിൽ ഇത് 27.3 ശതമാനംവരെ കുതിച്ചുയർന്നെങ്കിലും ഇപ്പോൾ കാര്യമായ കുറവുണ്ട്. എല്ലാ പ്രായവിഭാഗങ്ങളും ഒരുമിച്ചെടുക്കുമ്പോഴും രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. 17.8 ശതമാനത്തോടെ ഇതിലും ജമ്മുകശ്മീരാണ് ഏറ്റവും മുന്നിൽ.
ഗുജറാത്താണ് തൊഴിലില്ലായ്മയിൽ ഏറ്റവും പിന്നിൽ. നാലുശതമാനം മാത്രം. തമിഴ്നാട്ടിൽ 8.9-ഉം കർണാടകത്തിൽ 7.1-ഉം ശതമാനവുമാണ്. കോവിഡ് വ്യാപനത്തിനുമുമ്പ് 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനമായിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയ 2020 ജനുവരി-മാർച്ച് പാദത്തിൽ 16.4 ശതമാനമായും ഏപ്രിൽ-ജൂണിൽ 27.3 ശതമാനമായും കുതിച്ചുയർന്നു.
കടം കയറി മുടിയുന്ന മലയാളി
തൊഴിൽ ഇല്ലായ്മ കൂടാതെ കടം വാങ്ങി കൂട്ടുന്നതിലും മലയാളികൾ ബഹുദൂരം മുന്നിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് മലയാളികൾക്കാണ്. ആസ്തിമൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാൾ കടബാധ്യത കേരളത്തിലുള്ളവർക്കാണ്. ഇതരസംസ്ഥാനങ്ങളിൽ നഗരമേഖലയിലുള്ളവർക്കാണ് കൂടുതൽ കടബാധ്യത. കേരളത്തിലാവട്ടെ ഗ്രാമീണമേഖലയിലുള്ളവർക്കും.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കഴിഞ്ഞദിവസം പുറത്തിറക്കിയ ദേശീയ കടം-നിക്ഷേപ സർവേഫലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളത്തിൽ ഗ്രാമീണമേഖലയിൽ 2.41 ലക്ഷം രൂപയും നഗരപ്രദേശങ്ങളിൽ 2.33 ലക്ഷം രൂപയുമാണ് കുടുംബത്തിന്റെ ശരാശരി കടം. അതേസമയം, ഗ്രാമീണകുടുംബത്തിന്റെ ശരാശരി ആസ്തിമൂല്യം 24.78 ലക്ഷം രൂപയും നഗരകുടുംബത്തിന്റേത് 32.12 ലക്ഷം രൂപയുമാണ്. ആസ്തിമൂല്യത്തിൽ പഞ്ചാബിനും ഹരിയാണയ്ക്കും പിന്നിൽ മൂന്നാമതാണ് കേരളമെങ്കിലും കടബാധ്യതയുടെ കാര്യത്തിൽ ഒന്നാമതാണ്.
ദേശീയതലത്തിൽ ഗ്രാമീണകുടുംബത്തിന്റെ ശരാശരികടം 60,000 രൂപയും നഗരകുടുംബത്തിന്റേത് 1.2 ലക്ഷം രൂപയുമാണ്. ഇതിനുമുൻപ് 2013-ൽ പുറത്തുവന്ന സർവേയിലും മലയാളിതന്നെയായിരുന്നു കടത്തിൽ മുന്നിൽ. മറ്റുസംസ്ഥാനങ്ങളിലേതുപോലെ നഗര-ഗ്രാമീണ വ്യത്യാസമില്ലാത്ത സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ആസ്തിമൂല്യവും ശരാശരി കടവും ഏതാണ്ട് തുല്യമാണെന്ന് പറയാമെങ്കിലും മറ്റിടങ്ങളിൽനിന്ന് ഭിന്നമായി ഗ്രാമീണ മേഖലയിലാണ് കടം കൂടുതലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമീണമേഖലയിൽ ആസ്തി-കടം അനുപാതം കൂടുതൽ കേരളത്തിലാണ്-9.7 ശതമാനം. രണ്ടാംസ്ഥാനത്തുള്ള ആന്ധ്രപ്രദേശിൽ ഇത് 9.1 ആണ്. കേരളത്തിലെ നഗരമേഖലയിൽ ഇത് 7.3 ശതമാനമാണ്.
2018 ജൂൺ 30 അടിസ്ഥാനമായെടുത്ത് അതുവരെയുള്ള കാലത്ത് കുടുംബങ്ങളുടെ ആസ്തി, കടം, നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ അറിയാനാണ് സർവേനടത്തിയത്. 2019 ജനുവരിക്കും ഡിസംബറിനും ഇടയിലായിരുന്നു ഇത്. മുൻപ് നടത്തിയ സർവേയിൽ ഭൂമി, വീട്, മറ്റ് ആസ്തികൾ, നിക്ഷേപം, കടം മുതലായവയുടെ വിവരങ്ങൾമാത്രമാണ് ചോദിച്ചറിഞ്ഞിരുന്നത്. ഇക്കുറി ബാങ്ക് അക്കൗണ്ടുകൾ, ക്രെഡിറ്റ് കാർഡ് ഉപയോഗം, ഭൂമിയുടെ ഉടമസ്ഥാവകാശം, വനിതകളുടെ പേരിലുള്ള ഭൂമി, അടുക്കളത്തോട്ടത്തിന്റെ വിസ്തീർണം, ഇൻഷുറൻസുകളിലും പെൻഷൻ ഫണ്ടുകളിലുമുള്ള നിക്ഷേപം, പ്രീമിയം വിവരങ്ങൾ, പ്രതിമാസച്ചെലവ് തുടങ്ങിയവയും ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിൽ സാമ്പത്തികമൂല്യമുള്ളതെല്ലാം ആസ്തിയിൽ ഉൾപ്പെടും. സ്ഥലം, വീട്, കെട്ടിടങ്ങൾ, കന്നുകാലികൾ, കാർഷികോപകരണങ്ങൾ, കാർഷികേതര സാമഗ്രികൾ, വാഹനങ്ങൾ, ലഭിക്കാനുള്ള പണം, ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും മറ്റുമുള്ള നിക്ഷേപം, ഓഹരികൾ, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുപോലുള്ള നിക്ഷേപങ്ങൾ തുടങ്ങിയവയെല്ലാം കുടുംബത്തിന്റെ ആസ്തിയാണ്. കാർഷികവിഭവങ്ങൾ ഇതിൽ ഉൾപ്പെടില്ല.
മറുനാടന് ഡെസ്ക്