- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവള ലേലത്തിൽ വിജയിച്ചത് അദാനി ഗ്രൂപ്പ്; കേരള സർക്കാരിന്റെ കമ്പനിക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല; കേരളം ഒരു യാത്രക്കാരന് ക്വോട്ട് ചെയ്തത് 135 രൂപ വീതം; അദാനിയുടെ ക്വോട്ട് 168 രൂപയും; കെഎസ്ഐഡിസിയും അദാനിയും തമ്മിൽ 19.64 ശതമാനത്തിന്റെ വ്യത്യാസം; റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ നൽകിയിട്ടും കേരളത്തിന് ലേലത്തിൽ യോഗ്യത നേടാൻ കഴിഞ്ഞില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്സിങ് പുരി; സർവകക്ഷിയോഗ തീരുമാനങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ച് കേരളവും
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേലത്തിൽ കേരള സർക്കാർ യോഗ്യത നേടിയിട്ടില്ലെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനത്താവളങ്ങൾക്കായുള്ള ലേല നടപടികൾ തികച്ചും സുതാര്യമായിരുന്നു. ലേലം വിജയിച്ചവർ ഒരു യാത്രക്കാരന് 168 രൂപയാണ് ക്വോട്ട് ചെയ്തത്. എന്നാൽ, കേരള സർക്കാരിന്റെ കമ്പനിയായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ഒരുയാത്രക്കാരന് 135 രൂപ വച്ചാണ് ക്വോട്ട് ചെയ്തത്. മൂന്നാമത്തെ ലേലക്കാരൻ 63 രൂപയും.
കെഎസ്ഐഡിസിയുടെ ബിഡ്, ലേലത്തിൽ ഒന്നാമത്തെത്തിയ കമ്പനിയുടെ ബിഡിന്റെ 10 ശതമാനം പരിധിക്ക് ഉള്ളിലാണെങ്കിൽ വിമാനത്താവളം ഏറ്റെടുക്കാനാവുമെന്ന് കേന്ദ്രവുമായി കേരളം ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ലേലത്തിൽ ഒന്നാമതായ അദാനിയുമായുളേള വ്യത്യാസം 19.64 ശതമാനമാണ്. ഇതോടെ അദാനിയെ ലേലത്തിൽ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു-ഹർദീപ് സിങ് പൂരി ട്വീറിറിൽ പറഞ്ഞു.
മംഗളൂരു, അഹമ്മദാബാദ്, ലക്നൗ, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങളുടെ പ്രവർത്തനം, പരിപാലനം, വികസനം എന്നിവ പാട്ടത്തിന് നൽകുന്നതിന് 2018ൽ സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നതായി കേന്ദ്രമന്ത്രി ട്വിറ്ററിൽ പറഞ്ഞു. എന്നാൽ ഇതിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന് കേരളം അഭ്യർത്ഥിച്ചു. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ നടത്തി പരിചയമുള്ളതിനാൽ കേരളത്തെ പ്രത്യേകം പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ കേരളം 2018ൽ നിർദ്ദേശങ്ങളും സമർപ്പിച്ചു.
വിമാനത്താവള നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സർക്കാരിനെ ഏർപ്പെടുത്തുക, അല്ലെങ്കിൽ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ അധികാരം കമ്പനിക്ക് നൽകുക എന്നീ ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ എന്ന കേരളത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ നൽകിയിട്ടും കേരളത്തിന് ലേലത്തിൽ യോഗ്യത നേടാൻ കഴിഞ്ഞില്ല. കേരളത്തിന്റെ വിവരണങ്ങൾ വസ്തുതകളുമായി യോജിക്കുന്നതല്ലെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.
പ്രധാനമന്ത്രിക്ക് വീണ്ടും കത്ത്
മാനത്താവളം സ്വകാര്യവൽക്കരിക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങളും കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ലെന്നാണു സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി നിലപാടെടുത്തത്.വിമാനത്താവളത്തിന്റെ നടത്തിപ്പും മേൽനോട്ടവും അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷിയോഗത്തിൽ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവൽക്കരണത്തെ എതിർത്തു. നിയമ നടപടികൾ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തിൽ മുന്നോട്ടുപോകാനും യോഗം തീരുമാനമായി.
എയർപോർട്ടിന്റെ മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിൽ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക് കാര്യങ്ങൾ വിശദീകരിച്ച് എഴുതിയ കത്തിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സംസ്ഥാന സർക്കാരിനുവേണ്ടി ബിഡിൽ പങ്കെടുത്തുവെന്നും ഈ ഓഫർ ന്യായമായത് ആയിരുന്നുവെന്നും പറഞ്ഞിരുന്നു. അദാനി എന്റർ്രൈപസസ് കൂടുതൽ തുക ക്വാട്ട് ചെയ്തതിനാൽ അതേ തുക ഓഫർ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാണ് എന്നും അറിയിച്ചു.
2003ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പിൽ, സംസ്ഥാന സർക്കാർ വിമാനത്താവള വികസനത്തിനായി നൽകിയ സംഭാവനകൾ പരിഗണിച്ച് വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് നൽകാമെന്ന് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്. ഇതേ മാതൃകയിൽ തന്നെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും ഏറ്റെടുക്കാൻ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് ഇത്തരത്തിലുള്ള മുൻപരിചയമില്ല.
2005ൽ സംസ്ഥാന സർക്കാർ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് 23.57 ഏക്കർ ഏറ്റെടുത്ത് സൗജന്യമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി നൽകിയിട്ടുണ്ട്. ഇതിനുപുറമേ, 18 ഏക്കർ ഭൂമി കൂടി ഏറ്റെടുത്തു നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റെടുത്ത് സൗജന്യമായി നൽകിയ ഭൂമിയുടെ വില എസ്പിവിയിൽ സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഇത് ഏറ്റെടുത്ത് നൽകിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻ തിരുവിതാംകൂർ സംസ്ഥാനം നൽകിയ റോയൽ ഫൽിങ്ങ് ക്ലബ്ബ് വക 258.06 ഏക്കർ ഭൂമിയും വിമാനത്താവളത്തിന്റെ 636.57 ഏക്കർ വിസ്തൃതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയടക്കം കേന്ദ്ര തീരുമാനം തിരുത്തേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്ന വിഷയങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ അക്കമിട്ട് നിരത്തി.
പൊതുമേഖലയിൽ നിലനിന്നപ്പോൾ വിമാനത്താവളത്തിന് നൽകിയ സഹായ സഹകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ശക്തമായ അഭിപ്രായത്തെ മറികടന്നുകൊണ്ട് സ്വകാര്യവൽക്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് നൽകാൻ കഴിയില്ല. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമുള്ള കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. നിയമനടപടികൾ സാധ്യമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയമോപദേശം തേടുന്നുണ്ട്.
രാഷ്ട്രീയ പാർട്ടികൾ ഏകാഭിപ്രായത്തോടെയുള്ള സമീപനം സ്വീകരിച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനുള്ള സംയുക്ത തീരുമാനം കൈക്കൊള്ളണം. ഇതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിമാനത്താവളം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള സംവിധാനമായി മാറണമെന്നാണ് പൊതുവികാരം. നമ്മുടേത് ന്യായമായ ആവശ്യമാണ്. അത് ലഭിക്കണമെന്നുള്ളതാണ് നാടിന്റെ ആവശ്യം. ഒരു ഘട്ടം വരെ കേന്ദ്രം അത് അംഗീകരിച്ചതാണ്.
ആരു വിമാനത്താവളം എടുത്താലും സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലാതെ നടത്തികൊണ്ടുപോകാനാകില്ല. വികസന കാര്യങ്ങളിൽ സർക്കാർ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവർ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ മുന്നിൽ കത്തുമുഖേനയും നേരിട്ടും പറഞ്ഞതാണ്. സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കാമെന്ന് ഉന്നതതലത്തിൽ സംസാരിച്ചപ്പോൾ വാക്കുതന്നതാണ്. അത് മറികടന്നുപോയിരിക്കുന്നു.
വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങൾ മനസ്സിലാക്കിയാൽ അവരും പിന്മാറും. ഒന്നിച്ചുനിന്നാൽ നമുക്ക് ഈ തീരുമാനത്തെ മാറ്റിയെടുക്കാം. നിയമസഭയിൽ ഒന്നിച്ച് നിലപാടെടുക്കാം. തലസ്ഥാന നഗരിയുടെ പ്രൗഢിക്കനുസരിച്ചുള്ള വിമാനത്താവളമാക്കി മാറ്റാം. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഒറ്റക്കെട്ടായി നിന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നൽകി അതീവ പ്രാധാന്യമുള്ള വിഷയത്തിൽ ഉടൻ യോഗം വിളിച്ചതിന് കക്ഷിനേതാക്കൾ സർക്കാരിനെ അഭിനന്ദിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം വിഗോവിന്ദൻ മാസ്റ്റർ (സിപിഎം), തമ്പാനൂർ രവി (കോൺഗ്രസ് ), മന്ത്രി ഇ.ചന്ദ്രശേഖരൻ, സി ദിവാകരൻ (സിപിഐ), പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്), സി.കെ.നാണു (ജനതാദൾ എസ്), പി.ജെ.ജോസഫ് (കേരള കോൺഗ്രസ്), ടി.പി.പീതാംബരൻ മാസ്റ്റർ (എൻസിപി), ഷെയ്ക് പി.ഹാരിസ് (ലോക് താന്ത്രിക് ജനതാദൾ), എ.എ.അസീസ് (ആർഎസ്പി), ജോർജ് കുര്യൻ (ബിജെപി), മനോജ്കുമാർ (കേരള കോൺഗ്രസ് ജെ), പി.സി.ജോർജ് എംഎൽഎ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Winning bid quoted ₹168 per passenger, KSIDC quoted ₹135 per passenger & third qualifying bidder was at ₹63 per passenger.
- Hardeep Singh Puri (@HardeepSPuri) August 20, 2020
Thus, despite special provision of RoFR being given to GoK, they could not qualify in international bidding process carried out in a transparent manner.
It was stipulated that if the Kerala State Industrial Development Corporation (KSIDC) bid comes within the 10% range of the winning bid, they would be awarded the work. There was a difference of 19.64% between them & the next bidder when bids were open.
- Hardeep Singh Puri (@HardeepSPuri) August 20, 2020
It was stipulated that if the Kerala State Industrial Development Corporation (KSIDC) bid comes within the 10% range of the winning bid, they would be awarded the work. There was a difference of 19.64% between them & the next bidder when bids were open.
- Hardeep Singh Puri (@HardeepSPuri) August 20, 2020